| Sunday, 1st September 2024, 9:45 pm

ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടു; പുതിയ എം.ബി.ബി.എസ് പാഠ്യപദ്ധതിക്കെതിരെ വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പുതിയ എം.ബി.ബി.എസ് പാഠ്യപദ്ധതിക്കെതിരെ വിമര്‍ശനവുമായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍. ഭിന്നശേഷിക്കാരുടെയും എല്‍.ജി.ബി.ടി.ക്യു.ഐ പ്ലസ് സമൂഹത്തിന്റെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ പാഠ്യപദ്ധതി പരാജയപ്പെട്ടുവെന്നാണ് വിമര്‍ശനം. ദേശീയ മെഡിക്കല്‍ കൗണ്‍സില്‍ (എന്‍.എം.സി) നല്‍കിയ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പരിഷ്‌കരിച്ച പാഠ്യപദ്ധതിയിലാണ് വിവാദത്തിലായിരിക്കുന്നത്.

സോഡമിയും ലെസ്ബിയനിസവും പ്രകൃതിവിരുദ്ധ ലൈംഗിക കുറ്റകൃത്യങ്ങളാണെന്നാണ് പുതിയ എം.ബി.ബി.എസ് പാഠ്യപദ്ധതിയില്‍ പറയുന്നത്. ട്രാന്‍സ്വെസ്റ്റിസം ഫെറ്റിഷിസം, വോയറിസം, സാഡിസം, നെക്രോഫാഗിയ, മാസോക്കിസം, എക്സിബിഷനിസം, ഫ്രോട്ടൂറിസം, നെക്രോഫീലിയ എന്നീ ലൈംഗിക വൈകൃതങ്ങളുടെ ഭാഗമാണെന്നും പാഠ്യപദ്ധതി പറയുന്നു.

ഭിന്നശേഷക്കാരുടെ അവകാശങ്ങള്‍ ഉള്‍പ്പെടുന്നതില്‍ പരാജയപ്പെട്ട കൗണ്‍സില്‍, സമീപ വര്‍ഷങ്ങളില്‍ എല്‍.ജി.ബി.ടിക്യു അവകാശങ്ങളില്‍ രാജ്യം കൈവരിച്ച പുരോഗതിയെ മോശമായി ബാധിച്ചുവെന്ന് പ്രമുഖ ഭിന്നശേഷി പ്രവര്‍ത്തകനായ ഡോ. സതേന്ദ്ര സിങ് പറഞ്ഞു. ദല്‍ഹി യൂണിവേഴ്സിറ്റി കോളേജ് ഓഫ് മെഡിക്കല്‍ സയന്‍സസിലെയും ജി.ടി.ബി ഹോസ്പിറ്റലിലെയും ഫിസിയോളജി വിഭാഗം ഡയറക്ടര്‍ പ്രൊഫസര്‍ കൂടിയായ സതേന്ദ്ര സിങ് പുതിയ പാഠ്യപദ്ധതിയില്‍ അദ്ദേഹം നിരാശ പ്രകടിപ്പിക്കുകയും ചെയ്തു.

അന്താരാഷ്ട്ര തലത്തില്‍ മികച്ച പരിശീലനമായി ചൂണ്ടിക്കാട്ടിയ ഫൗണ്ടേഷന്‍ കോഴ്സില്‍ നിന്ന് ഭിന്നശേഷിക്കാര്‍ക്കുള്ള ഏഴ് മണിക്കൂര്‍ സമയം മെഡിക്കല്‍ കൗണ്‍സില്‍ ഒഴിവാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഒരു സമയത്ത് ഭിന്നശേഷിക്കാരുടെയും എല്‍.ജി.ബി.ടി.ക്യു.ഐ പ്ലസ് സമൂഹത്തിന്റെയും അവകാശങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതില്‍ തങ്ങള്‍ വിജയിച്ചായിരുന്നു. എന്നാല്‍ ആ പോരാട്ടത്തിനൊടുവില്‍ തങ്ങള്‍ വീണ്ടും പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

സതേന്ദ്ര സിങ്ങിന്റെ വിമര്‍ശനം അനുസരിച്ച്, കൗണ്‍സിലിന്റെ ഈ നീക്കം യൂണിവേഴ്സ്റ്റിറ്റികളുടെയും കോളേജുകളുടെയും സ്‌കൂളുകളുടെയും പാഠ്യപദ്ധതിയില്‍ ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന 2016ലെ ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിലെ സെക്ഷന്‍ 39 (2) (എഫ്)ന്റെ ലംഘനമാണ്.

നിലവില്‍ പുതിയ എം.ബി.ബി.എസ് പാഠ്യപദ്ധതിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. എന്നാല്‍ വിവാദങ്ങളില്‍ ഇതുവരെ ദേശീയ മെഡിക്കല്‍ കൗണ്‍സില്‍ പ്രതികരിച്ചിട്ടില്ല.

Content Highlight: Criticism against the new MBBS syllabus

Latest Stories

We use cookies to give you the best possible experience. Learn more