| Friday, 18th October 2024, 10:14 pm

റെയില്‍വേ ഒഴിവുകളിലേക്ക് വിരമിച്ച ഉദ്യോഗസ്ഥരെ പുനര്‍നിയമിക്കാനുള്ള നീക്കം; കേന്ദ്രത്തിനെതിരെ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: റെയില്‍വേ ഒഴിവുകളിലേക്ക് വിരമിച്ച ഉദ്യോഗസ്ഥരെ പുനര്‍നിയമിക്കാനുള്ള നീക്കത്തിനെതിരെ വിമര്‍ശനം. വിരമിച്ച ഉദ്യോഗസ്ഥരെ പുനര്‍നിയമിക്കാനുള്ള നടപടി യുവജനവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി കേരളത്തില്‍ നിന്നുള്ള സി.പി.ഐ.എം എം.പി എ.എ. റഹീം കേന്ദ്ര മന്ത്രാലയത്തിന് കത്തെഴുതി.

റെയില്‍വേയില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥരെ പുനര്‍നിയമിക്കാനുള്ള മന്ത്രാലയത്തിന്റെ തീരുമാനത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തികൊണ്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനാണ് എ.എ. റഹീം കത്തെഴുതിയത്.

വിരമിച്ച ഉദ്യോഗസ്ഥരെ പുനര്‍നിയമിക്കാനുള്ള തീരുമാനം പിന്‍വലിക്കുക. നിലവിലുള്ള ഒഴിവിലേക്ക് പുതിയ നിയമനങ്ങള്‍ നടത്തുക, പുതിയ തസ്തികകള്‍ സൃഷ്ടിച്ച് യുവജനങ്ങള്‍ക്ക് തൊഴിലവസരം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇടതു എം.പി മുന്നോട്ടുവെച്ചിരിക്കുന്നത്.

രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിച്ചു വരികയാണെന്നും ലക്ഷക്കണക്കിന് തസ്തികകളാണ് നിയമനം നടത്താതെ രാജ്യത്താകമാനം ഒഴിഞ്ഞുകിടക്കുന്നതെന്നും എം.പി ചൂണ്ടിക്കാട്ടി. അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ തൊഴിലിനായി പരക്കംപായുകയാണെന്നും അദ്ദേഹം കേന്ദ്രത്തെ അറിയിച്ചു.

പുതിയ തസ്തികകള്‍ സൃഷ്ടിച്ച് തൊഴിലില്ലായ്മയെ നേരിടേണ്ട പശ്ചാത്തലത്തില്‍, നിലവിലുള്ള ഒഴിവുകളിലേക്ക് പോലും വിരമിച്ച ഉദ്യോഗസ്ഥരെ നിയമിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാര്‍ന്ന സമീപനമാണെന്നും എ.എ. റഹീം പറഞ്ഞു.

ഉദ്യോഗസ്ഥരെ പുനര്‍നിയമിക്കാനുള്ള തീരുമാനം കേന്ദ്ര മന്ത്രാലയം പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ഡി.വൈ.എഫ്.ഐ മുന്നിട്ടിറങ്ങുമെന്നും എ.എ. റഹീം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു.

വിരമിച്ച ഉദ്യോഗസ്ഥരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാനുള്ള റെയില്‍വേ ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ ദക്ഷിണ റെയില്‍വേ എംപ്ലോയീസ് യൂണിയന്‍ രംഗത്തെത്തിയിരുന്നു.

നിലവില്‍ മൂന്ന് ലക്ഷം തസ്തികകളാണ് റെയില്‍വേയില്‍ ഒഴിഞ്ഞുകിടക്കുന്നത്. റെയില്‍വേ ബോര്‍ഡിന്റെ നീക്കം യുവതലമുറയെ ബാധിക്കുമെന്ന് ഡി.ആര്‍.ഇ.യു മധുര ഡിവിഷണല്‍ ജോയിന്റ് സെക്രട്ടറി ആര്‍. ശങ്കരനാരായണന്‍ പറഞ്ഞു. സൂപ്പര്‍വെയര്‍, സ്റ്റാഫ് തസ്തികകളിലെ ഒഴിവുകള്‍ മൂലം സോണല്‍ റെയില്‍വേ നേരിടുന്ന പ്രതിസന്ധി ഒഴിവാക്കാനാണ് പുനര്‍നിയമനമെന്നാണ് ബോര്‍ഡിന്റെ വിശദീകരണം.

എന്നാല്‍ ഈ തീരുമാനം പുതിയ റിക്രൂട്ട്മെന്റുകള്‍ രണ്ട് വര്‍ഷത്തേക്ക് നീട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നാണ് എംപ്ലോയീസ് യൂണിയന്‍ ചൂണ്ടിക്കാട്ടുന്നത്. പുനര്‍നിയമനം നടക്കുകയാണെങ്കില്‍ 2026 ഡിസംബര്‍ 31 വരെ ഉദ്യോഗസ്ഥര്‍ സര്‍വീസില്‍ തുടരും.

ഓഗസ്റ്റിലാണ് വിരമിച്ച റെയില്‍വേ ഉദ്യോഗസ്ഥരെ കണ്‍സള്‍ട്ടന്റായി പുനര്‍ നിയമിക്കുന്നതിന് റെയില്‍വേ ബോര്‍ഡ് അംഗീകാരം നല്‍കിയത്.

Content Highlight: Criticism against the move to re-appoint retired officers to railway vacancies

We use cookies to give you the best possible experience. Learn more