| Friday, 23rd December 2022, 4:07 pm

'ബന്ധുക്കളറിയുന്നതിന് മുമ്പ് വാര്‍ത്ത കൊടുക്കുന്നതിലെ എത്തിക്‌സ്'; നിദയുടെ മരണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിങ്ങില്‍ മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കേരളത്തിന്റെ ദേശീയ സൈക്കിള്‍ പോളോ താരം നിദ ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിങ്ങില്‍ മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനം.

ഒരാള്‍ മരിച്ചാല്‍ അവരുടെ കുടുംബത്തെ അറിയിക്കുന്നത് വരെ വാര്‍ത്ത നല്‍കാതിരിക്കുന്നത് മിനിമം ജേര്‍ണലിസം എത്തിക്‌സാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം.

നിദയുടെ മരണവാര്‍ത്ത പിതാവ് വിമാനത്താവളത്തിലെ ടി.വിയിലൂടെയാണ് അറിഞ്ഞതെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. ഇതോടെയാണ് ഇതുസംബന്ധിച്ച് വിമര്‍ശനമുയരുന്നത്. ആദ്യം റിപ്പോര്‍ട്ട് ചെയ്തു എന്ന മേനി പറയുന്ന മാധ്യമങ്ങള്‍ മനുഷ്യത്വത്തെ
കണക്കിലെടുക്കില്ലെന്നാണ് പൊതുവായ വിമര്‍ശനം.

‘പല തരത്തില്‍ സങ്കടപ്പെടുത്തുന്ന വാര്‍ത്തയാണ്. ഒരാള്‍ മരിച്ചാല്‍ അവരുടെ കുടുംബത്തെ അറിയിക്കുന്നത് വരെയെങ്കിലും ബ്രേക്കിങ് ന്യൂസ് കൊടുക്കരുതെന്ന അടിസ്ഥാന മാനുഷിക ചിന്ത എന്നാണ് മാധ്യമങ്ങള്‍ക്ക് ഉണ്ടാകുന്നത്,’ എന്നാണ് ദുരന്തനിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടി വിഷയത്തില്‍ ഫേസ്ബുക്കില്‍ എഴുതിയത്.

അതേസമയം, നിദ ഫാത്തിമയുടെ മരണം മനപൂര്‍വം ഉണ്ടാക്കിയ നരഹത്യയെന്ന് കേരളാ സൈക്കിള്‍ പോളോ അസോസിയേഷന്‍ പറഞ്ഞു. ആള്‍ ഇന്ത്യ സൈക്കിള്‍ പോളോ ഫെഡറേഷനും കേരളത്തിലെ സമാന്തര സംഘടനയുമാണ് ഇതിന് ഉത്തരവാദികളെന്നും അസോസിയേഷന്‍ കുറ്റപ്പെടുത്തി.

കോടതിയലക്ഷ്യ ഹരജിയിലാണ് കുറ്റപ്പെടുത്തലുകളുള്ളത്. ഹരജി ജസ്റ്റിസ് വിജി അരുണ്‍ വെള്ളിയാഴ്ച പരിഗണിക്കും.

ഭക്ഷണത്തിനും താമസത്തിനുമായി 50,000 രൂപ നല്‍കിയിട്ടും മതിയായ സൗകര്യം ആള്‍ ഇന്ത്യ സൈക്കിള്‍ പോളോ ഫെഡറേഷന്‍ ഒരുക്കിയില്ലെന്നും കേരള സൈക്കിള്‍ പോളോ അസോസിയേഷന്‍ സെക്രട്ടറി ഇ.കെ. റിയാസ് പറഞ്ഞു.

ബി.എം.എസ് ഓഫീസിലാണ് ഇപ്പോഴും താമസിക്കുന്നതെന്നും ഭക്ഷണം പോലും ഫെഡറേഷന്‍ നല്‍കിയില്ലെന്നും അദ്ദേഹം ആരോപിച്ചു.

ദേശീയ സൈക്കിള്‍ പോളോ സബ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് നിദ ഫാത്തിമ ഭക്ഷ്യവിഷബാധയേറ്റ് നാഗ്പുരില്‍ മരിച്ചത്. അമ്പലപ്പുഴ വടക്ക് കാക്കാഴം സുഹ്റാ മന്‍സില്‍ ശിഹാബ്ദ്ദീന്‍-അന്‍സില ദമ്പതികളുടെ മകളാണ് നിദ ഫാത്തിമ.

Content Highlight: Criticism against the media for reporting on the death of Nida Fathima

We use cookies to give you the best possible experience. Learn more