അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത ഭൂമിയില്‍ നിര്‍മിച്ച രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുടെ വാര്‍ത്ത ചന്ദ്രിക റിപ്പോര്‍ട്ട് ചെയ്ത രീതിക്കെതിരെ വിമര്‍ശനം. പത്രത്തിന്റെ ഉള്‍പേജിലായി കൊടുത്ത വാര്‍ത്തയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലമെന്ന് ഉള്‍പ്പെടുത്താത്തതിനെതിരെ ചന്ദ്രികയിലെ ജീവനക്കാരും പ്രദേശിക ലേഖകരും വായനക്കാരും ശക്തമായ വിമര്‍ശനം ഉയര്‍ത്തുന്നതെന്നാണ് അറിയുന്നത്.
എന്നാല്‍ ദേശാഭിമാനി, മാധ്യമം, സുപ്രഭാതം, സിറാജ് തുടങ്ങിയ ദിനപത്രങ്ങള്‍ വലിയ വിമര്‍ശനമാണ് അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിനെതിരെ ഉയര്‍ത്തിയത്. അയോധ്യക്കാര്‍ പുറമ്പോക്കിൽ എന്ന ലീഡില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിച്ച രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങ് മോദി സര്‍ക്കാരും സംഘപരിവാറും ആഘോഷപൂര്‍വം കൊണ്ടാടുകയാണെന്ന് ദേശാഭിമാനി വിമര്‍ശിച്ചു. ക്ഷേത്ര നഗരിയില്‍ നിന്ന് സാധാരണക്കാര്‍ തുടച്ചുനീക്കപ്പെടുന്നുവെന്നും ദേശാഭിമാനി ചൂണ്ടിക്കാട്ടി.
ചില കാര്യങ്ങള്‍ ഓര്‍മിച്ചുകൊണ്ടിരിക്കുക എന്നത് ചരിത്രപരമായി അനിവാര്യതയുള്ള വിഷയമാണെന്നും ബാബരി തകര്‍ന്ന് വീണതല്ല പൊളിച്ച് മാറ്റിയതാണെന്നും സിറാജ് റിപ്പോര്‍ട്ട് ചെയ്തു. ശ്രീരാമ ക്ഷേത്രമല്ല, വര്‍ഗീയ രാഷ്ട്രീയം അധികാരത്തിന്റെ ഹുങ്ക് ഉപയോഗിച്ച് കെട്ടിപ്പൊക്കിയ അപനിര്‍മിതിയാണ് അയോധ്യയില്‍ ഉയര്‍ന്ന മന്ദിരമെന്നും സിറാജ് രാമക്ഷേത്രത്തെ കുറിച്ച് എഡിറ്റോറിയല്‍ എഴുതി.
നാമജപങ്ങള്‍ക്ക് പകരം ബി.ജെ.പിയുടെ മുദ്രാവാക്യങ്ങള്‍ മുഴങ്ങുന്ന ചടങ്ങെന്ന ആക്ഷേപത്തിനിടെയാണ് അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിച്ച രാമക്ഷേത്രത്തിലെ പ്രതിഷ്ഠ ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടക്കുന്നതെന്ന് സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തു.
ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത ഭൂമിയില്‍ നിര്‍മാണം പുരോഗമിക്കുന്ന പടുകൂറ്റന്‍ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയെന്ന് മാധ്യമവും റിപ്പോര്‍ട്ട് ചെയ്തു. സുപ്രീം കോടതിക്ക് നല്‍കിയ ഉറപ്പ് ലംഘിച്ചാണ് ബാബരി മസ്ജിദ് തകര്‍ത്തെന്നും മാധ്യമം വ്യക്തമാക്കി.
അതേസമയം രാമക്ഷേത്ര ചടങ്ങിനെ പിന്തുണച്ചുകൊണ്ട് മാതൃഭൂമിയും മനോരമയും കേരളം കൗമുദിയും രംഗത്തെത്തി. എന്നാല്‍ ബാബരി വിഷയത്തിലെടുത്ത നിലപാടുകളാല്‍ നിരവധി എതിര്‍പ്പുകള്‍ നേരിട്ട പുരാവസ്തു ശാസ്ത്രജ്ഞനായ കെ.കെ. മുഹമ്മദിന്റെ അഭിമുഖവും മാതൃഭൂമി എഡിറ്റോറിയല്‍ പേജില്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ഉന്നത നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് രാമക്ഷേത്ര ചടങ്ങിനെ സംബന്ധിക്കുന്ന വാര്‍ത്തകളില്‍ മിതത്വം വരുത്തിയതെന്ന് സ്ഥാപനത്തിലെ എഡിറ്റോറിയല്‍ മേധാവികള്‍ പറയുന്നു.
സംഘപരിവാറുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ചന്ദ്രിക ആദ്യമായല്ല വെട്ടിച്ചുരുക്കുന്നത്.
2022 ജൂണ്‍ 24ന് നരേന്ദ്ര മോദിയെ കുറ്റവിമുക്തനാക്കിക്കൊണ്ട് ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച ടീസ്റ്റ സെതല്‍വാദിനെയും ആര്‍.ബി. ശ്രീകുമാറിനെയും അറസ്റ്റ് ചെയ്യണമെന്നതടക്കമുള്ള വിധിയെ സംബന്ധിക്കുന്ന വാര്‍ത്ത ഒരു സൂചന പോലും നല്‍കാതെ പത്രത്തിന്റെ എട്ടാം പേജിലേക്ക് ചന്ദ്രിക ഒതുക്കിയിരുന്നു. പകരം എട്ടാം പേജില്‍ പ്രാധാന്യത്തോടെ നല്‍കിയത് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുടെ പത്രികാസമര്‍പ്പണത്തില്‍ പങ്കെടുക്കുന്ന മോദിയുടെയും സംഘത്തിന്റെയും ഫോട്ടോയടങ്ങുന്ന വാര്‍ത്തയും.
ഇതിനുപുറമെ 2022 ജൂണ്‍ 15ന് അഗ്‌നിപഥ് പദ്ധതിക്കെതിരെ ഉണ്ടായ പ്രതിഷേധങ്ങളുടെ ഭാഗമായി ബീഹാറിലെ ട്രെയിനുകള്‍ കത്തിച്ചതില്‍ ‘തീയായ് പ്രതിഷേധമെന്ന്’ റിപ്പോര്‍ട്ട് ചെയ്ത ചന്ദ്രിക ഉത്തര്‍പ്രേദശിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അനധികൃതമായി കെട്ടിടങ്ങളും മതകേന്ദ്രങ്ങളും പൊളിക്കാന്‍ പാടില്ലെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതിയുടെ വിധി രണ്ട് കോളത്തിലേക്ക് ഒതുക്കുകയും ചെയ്തു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വസതിയിൽ സി.പി.ഐ.എം പ്രവര്‍ത്തകര്‍ അതിക്രമിച്ചെന്ന വാര്‍ത്ത ആഘോഷമാക്കിയ ചന്ദ്രിക കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി19 മണിക്കൂറ് തന്റെ നിലപാടുകളില്‍ ഒരു രീതിയിലും മാറ്റം വരുത്താതെ ഇ.ഡിയുടെ മുമ്പില്‍ നിന്നതിനെ മൂന്നോ നാലോ കോളത്തിലേക്ക് ചുരുക്കുകയും ചെയ്തു.
Content Highlight: Criticism against the manner in which Chandrika reported the news of Ram Temple Prana Pratishtha