| Sunday, 24th March 2024, 1:33 pm

വലിയ നാശത്തിന് കാരണമാകും; സ്‌പെയ്‌നില്‍ ടെലിഗ്രാം നിര്‍ത്തലാക്കിയ കോടതി വിധിക്കെതിരെ വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

സ്പെയ്ന്‍: ടെലിഗ്രാം ഉപയോഗം റദ്ദാക്കിയ സ്പെയിന്‍ നാഷണല്‍ കോടതി വിധിക്കെതിരെ വിവിധ സംഘടനകള്‍. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. പകര്‍പ്പവകാശ ലംഘനത്തിന്റെ അന്വേഷണം തീര്‍പ്പാക്കാതെ സേവനം ലഭ്യമാക്കരുതെന്നാണ് കോടതി ഇന്റര്‍നെറ്റ് ദാദാക്കളോട് ഉത്തരവിട്ടത്.

വിധിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്ന് വരുന്നത്. കണ്‍സ്യൂമര്‍ റൈറ്റ് വാച്ച് ഡോഗ് എഫ്.എ.സി.യു.എ ഇത് ഒരിക്കലും ആനുപാതികമല്ലാത്തതാണെന്നും ജനപ്രിയ സേവനം തടയുന്നത് വലിയ നാശത്തിന് കാരണമാകുമെന്നും പറഞ്ഞതായി ആര്‍.ടി റിപ്പോര്‍ട്ട് ചെയ്തു.

‘നിയമവിരുദ്ധമായി പകര്‍പ്പവകാശമുള്ള ഉള്ളടക്കം പോസ്റ്റ് ചെയ്യുന്ന വെബ്‌സൈറ്റുകള്‍ ഉണ്ട്, എന്നാല്‍ ഈ നീക്കം ഇന്റര്‍നെറ്റ് അടച്ചു പൂട്ടുന്നതിന് തുല്യമാണ്, അല്ലെങ്കില്‍ പൈറസില്‍ ഏര്‍പ്പെടുന്ന ചാനലുകള്‍ ഉള്ളതിനാല്‍ മുഴുവന്‍ ടെലിവിഷന്‍ സിഗ്‌നലും വെട്ടിക്കുറക്കുന്നത് പോലെയാണ് ഇത്,’ എഫ്.എ.സി.യു.എ സെക്രട്ടറി ജനറല്‍ റൂബന്‍ സാഞ്ചസ് പ്രസ്താവനയില്‍ പറഞ്ഞു.

സ്‌പെയിനിലെ ജനറല്‍ കൗണ്‍സില്‍ ഓഫ് പ്രൊഫഷണല്‍ അസോസിയേഷന്‍ ഓഫ് കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് പ്രസിഡന്റ് ഫെര്‍ണാണ്ടൊ സുവാരസും സമാനമായ ഒരു അഭിപ്രായം ഉന്നയിച്ചു. ടെലിഗ്രാം റദ്ദ്‌ചെയ്തതിനെ ഉദ്ദരിച്ച് സംസാരിക്കുകയായിരുന്നു ഫെര്‍ണാണ്ടൊ.

‘നമ്മുടെ രാജ്യത്തെ ഒരു പ്രവശ്യ പൂര്‍ണമായും അടച്ചു പൂട്ടുന്നു, കാരണം അതില്‍ മയക്കുമരുന്ന് കടത്തലോ മോഷണമോ ഉണ്ട്,’ഫെര്‍ണാണ്ടൊ പറഞ്ഞു.

അനുമതിയില്ലാതെ തങ്ങളുടെ ഉള്ളടക്കം വിതരണം ചെയ്യാന്‍ ടെലിഗ്രാം ഉപയോക്താക്കളെ അനുവദിക്കുന്നുണ്ടെന്ന് വാദിച്ച സ്പെയിനിലെ നാല് പ്രമുഖ മാധ്യമ സംഘടനകള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കോടതി വെള്ളിയാഴ്ച വിധി പുറപ്പെടുവിച്ചത്. മീഡിയ സെറ്റ്, അത്രെമ്സീമീഡിയ, മൂവി സ്റ്റാര്‍, എകേടാ എന്നീ മാധ്യമ സംഘടനകളാണ് പരാതി നല്‍കിയത്.

എന്നാല്‍ സ്വതന്ത്ര മത്സര നിയന്ത്രണ സ്ഥാപനമായ സി.എന്‍.എം.സി നടത്തിയ ഒരു സര്‍വ്വേ പ്രകാരം ഏകദേശം 19 ശതമാനം സ്പാനിഷുകാരും ടെലിഗ്രാം ഉപയോഗിക്കുന്നുണ്ട്. ടെസ്റ്റ് സന്ദേശങ്ങള്‍ കൈമാറാനും മീഡിയ ഫയലുകള്‍ പങ്കിടാനും വോയിസ് കോളിലും പൊതു തത്സമയ സ്ട്രീമുകള്‍ ലഭ്യമാക്കുന്നതില്‍ ഉപയോക്താക്കളെ അനുവദിക്കുന്ന സേവനമാണ് ടെലിഗ്രാം.

റഷ്യന്‍ വംശജനായ സംരംഭകന്‍ പവല്‍ ദുരൂര്‍ 2013 ലാണ് ടെലിഗ്രാം ആരംഭിച്ചത്. വ്യവസായ വാര്‍ത്ത വെബ്‌സൈറ്റ് ആയ ബിസിനസ് ഓഫ് ആപ്‌സിന്റെ കണക്കനുസരിച്ച് 2023ല്‍ 800 ദശലക്ഷം സജീവ ഉപയോക്താക്കള്‍ ടെലിഗ്രാമില്‍ ഉണ്ട്.

Content Highlight: Criticism against the court ruling that banned Telegram in the European Union

 
We use cookies to give you the best possible experience. Learn more