രാവിലെ അവധി പ്രഖ്യാപിച്ചു, സ്‌കൂളുകളിലെത്തിയ വിദ്യാര്‍ത്ഥികളെ തിരിച്ചയക്കേണ്ടതില്ലെന്ന് നിര്‍ദേശം; എറണാകുളം കളക്ടറുടെ പോസ്റ്റിന് താഴെ വിമര്‍ശനം
Kerala News
രാവിലെ അവധി പ്രഖ്യാപിച്ചു, സ്‌കൂളുകളിലെത്തിയ വിദ്യാര്‍ത്ഥികളെ തിരിച്ചയക്കേണ്ടതില്ലെന്ന് നിര്‍ദേശം; എറണാകുളം കളക്ടറുടെ പോസ്റ്റിന് താഴെ വിമര്‍ശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th August 2022, 9:54 am

കൊച്ചി: മഴ കനത്ത സാഹചര്യത്തില്‍ എറണാങ്കുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രാവിലെ അവധി പ്രഖ്യാപിച്ച കളക്ടറുടെ നടപടിക്കെതിരെ വിമര്‍ശനം. എറണാകുളം ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വന്ന പോസ്റ്റിന് താഴെയാണ് വിമര്‍ശനവുമായി രക്ഷിതാക്കള്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയത്.

‘വ്യാപകമായി കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന്(04/08/22) അവധിയായിരിക്കും.

രാത്രിയില്‍ ആരംഭിച്ച മഴ ഇപ്പോഴും നിലക്കാതെ തുടരുന്നതിനാലും അപകടങ്ങള്‍ ഒഴിവാക്കുന്നതിനുമാണ് അവധി പ്രഖ്യാപിച്ചത്. ഇതിനകം പ്രവര്‍ത്തനം ആരംഭിച്ച സ്‌കൂളുകള്‍ അടക്കേണ്ടതില്ല. സ്‌കൂളുകളിലെത്തിയ വിദ്യാര്‍ത്ഥികളെ തിരിച്ചയക്കേണ്ടതില്ലെന്നും അറിയിക്കുന്നു,’ എന്നാണ് രാവിലെ എട്ടരയോടെ കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റ് വഴി അറിയിച്ചത്.

കുട്ടികള്‍ സ്‌കൂളില്‍ എത്തിയതിന് ശേഷം പ്രഖ്യാപിച്ച ഈ അവധി ഏറെ ബുദ്ധിമുട്ടിക്കുന്നുവെന്നും ഏഴ് മണിക്ക് എങ്കിലും പ്രഖ്യാപിച്ചിരുന്നേല്‍ നന്നായിരുന്നുവെന്നും ഒരു രക്ഷിതാവ് അഭിപ്രായപ്പെട്ടു.

‘കുറച്ചു കൂടി നേരത്തെ പ്രഖ്യാപിച്ചിരുന്നു എങ്കില്‍ എത്ര നന്നായിരുന്നു. ഏഴ് മണി മുതല്‍ സ്‌കൂള്‍ ബസ് കാത്ത് നില്‍ക്കുന്ന കുട്ടികള്‍ ഉണ്ട് നമ്മുടെ നാട്ടില്‍. മാത്രമല്ല മക്കളെ സ്‌കൂളില്‍ വിട്ടിട്ട് ജോലിക്ക് പോകുന്ന രക്ഷിതാക്കളും ഉണ്ട്.
ഇനിയെങ്കിലും ശ്രദ്ധിക്കണം,’ എന്നാണ് മറ്റൊരു കമന്റ്.

സിന്‍സി അനില്‍ എന്ന പ്രൊഫൈല്‍ കളക്ടറുടെ പേജിന് താഴെ എഴിതിയ കമന്റ് ഇങ്ങനെ

‘Bhavens സ്‌കൂളിലാണ് എന്റെ മകള്‍ പഠിക്കുന്നത്. LKG..അവിടെ സമയം 8.15 നാണ് ക്ലാസ് തുടങ്ങുക. വീട്ടില്‍ നിന്നും ഏകദേശം 15- 20 മിനിറ്റ് എടുക്കും കുഞ്ഞ് ന്റെ സ്‌കൂളിലേക്ക്… പ്രൈവറ്റ് വെഹിക്കിളിലാണ് കുഞ്ഞിനെ വിടുന്നത്. അവര്‍ വരുന്ന സമയം ഏഴിനും 7.15നും ഇടയിലാണ്.
ഈ സാഹചര്യത്തില്‍ ഈ കാറ്റും മഴയും കൊണ്ടാണ് അവള്‍ സ്‌കൂളില്‍ എത്തിയിട്ടുണ്ടാവുക.

അപ്പോഴാണ് അവധി പ്രഖ്യാപിക്കുന്നത്. ഇത് കുട്ടികളെയും അധ്യാപകരെയും മാതാപിതാക്കളെയും ബുദ്ധിമുട്ടിക്കാനെ ഉപകരിക്കൂ.
ഇന്നലെ രാത്രി മുഴവന്‍ മഴ കനത്തു പെയ്തിട്ട് ഇതുവരെ അവധി നല്‍കാന്‍ താമസം നേരിട്ടത് ഉത്തരവാദിത്തമില്ലായ്മ ആയിട്ടേ ജനം വിലയിരുത്തൂ.
ഞാന്‍ വീട്ടില്‍ ഇരിക്കുന്നത് കൊണ്ട് എന്റെ മക്കള്‍ എപ്പോള്‍ വന്നാലും എനിക്ക് ബുദ്ധിമുട്ടില്ല.
കുട്ടികളെ സ്‌കൂളില്‍ വിട്ടിട്ട് ജോലിക്ക് പോയ മാതാപിതാക്കള്‍ ഇന്നത്തെ ദിവസം എങ്ങനെ മാനേജ് ചെയ്യും എന്നത് കൂടി പരിഗണിക്കാന്‍
ശ്രദ്ധിക്കുമല്ലോ,’

CONTENT HIGHLIGHTS: Criticism against the Collector’s decision to announce a morning holiday for educational institutions in Ernakulam district amid heavy rains