ന്യൂദല്‍ഹി: രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡന്‍സിന്റെ പേര് അമൃത് ഉദ്യാനാക്കിയ കേന്ദ്ര തീരുമാനത്തിനെതിരെ വ്യാപക വിമര്‍ശനം. തീരുമാനത്തിന് പിന്നില്‍ ബി.ജെപിയുടെ ഇടുങ്ങിയ മനസ്ഥിതിയാണെന്ന് കോണ്‍ഗ്രസ് വക്താവ് റാഷിദ് അല്‍വി പറഞ്ഞു.
റോഡുകളുടെയും നഗരങ്ങളുടെയും, ഇപ്പോള്‍ പൂന്തോട്ടങ്ങളുടെയും പേരുമാറ്റുന്നത് ബി.ജെ.പി സര്‍ക്കാരിന്റെ ശീലമായിരിക്കുകയാണ്. അവരെ സംബന്ധിച്ചിടത്തോളം ഇതാണ് വികസനത്തിന്റെ നിര്‍വചനമെന്നും അല്‍വി പറഞ്ഞു.
നിലവിലുള്ളവയുടെ പേരുമാറ്റുന്നതിന് പകരം പുതിയ റോഡുകളും പൂന്തോട്ടങ്ങളും നിര്‍മിച്ച് അവര്‍ക്ക് ഇഷ്ടമുള്ള പേരിടട്ടേയെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
ബ്രിട്ടീഷുകാര്‍ പണികഴിപ്പിച്ച രാഷ്ട്രപതി ഭവനോ പാര്‍ലമെന്റോ ഇനി തകര്‍ക്കുമോയെന്നും അദ്ദേഹം ചോദിച്ചു. ‘മുഗളായി ചിക്കന്’ എന്ത് പേരാണ് ഇനി മോദി സര്‍ക്കാര്‍ കണ്ടുവെച്ചിട്ടുള്ളതെന്നാണ് വിഷയത്തിലെ ഒരു പരിഹാസ ട്വീറ്റ്.
എന്നാല്‍ കൊളോണിയല്‍ വിധേയത്വം ഉപേക്ഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. ഇന്ത്യന്‍ സ്വാതന്ത്ര്യലബ്ദിയുടെ 75ാം വര്‍ഷികത്തോടനുബന്ധിച്ചുള്ള അമൃത് മഹോത്സവുമായി ബന്ധപ്പെട്ടാണ് പേരുമാറ്റമെന്നും കേന്ദ്രം അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയതായി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി നവിക ഗുപ്ത സ്ഥിരീകരിച്ചിട്ടുണ്ട്.
മുഗള്‍ സംസ്‌കാരമാണ് ഇന്ത്യയില്‍ ഉദ്യാനങ്ങളുടെ പ്രാധാന്യം കൂട്ടിയതെന്നും അതുകൊണ്ടാണ് രാഷ്ട്രപതി ഭവനിലെ ഉദ്യാനത്തിന് മുഗള്‍ ഗാര്‍ഡണ്‍ എന്ന് പേര് വന്നതെന്നുമാണ് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ജനുവരി 29ന് അമൃത് ഉദ്യാന്‍ രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. ജനുവരി 31 മുതല്‍ മാര്‍ച്ച് 26 വരെ പൊതുജനങ്ങള്‍ക്ക് ഗാര്‍ഡനില്‍ പ്രവേശിക്കാം.
Content Highlight: criticism against the central decision to name the Mughal Gardens at Rashtrapati Bhavan Amrit Udyan