കോഴിക്കോട്: ജനം ടി.വിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രസിദ്ധീകരിച്ച സ്വാതന്ത്ര്യദിന കാര്‍ഡിനെതിരെ വ്യാപക വിമര്‍ശനം. കാര്‍ഡില്‍ തീരെ അപ്രസക്തമായ രീതിയില്‍ ഉള്‍പ്പെടുത്തിയ ഗാന്ധിയുടെ ചിത്രവും, കാര്‍ഡില്‍ നെഹ്‌റു ഇല്ലാത്തതുമാണ് വിമര്‍ശനത്തിന് കാരണമായത്. ഗാന്ധിയേക്കാള്‍ വലിയ പ്രധാന്യത്തോടെ സ്വതാന്ത്ര്യസമരവുമായി ബന്ധമില്ലാത്ത ഹെഡ്‌ഗേവാറിന്റെയും സ്വതന്ത്ര്യ സമരകാലത്ത് നിരവധി തവണ മാപ്പെഴുതി നല്‍കിയ സവര്‍ക്കറിന്റെ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സഹിച്ചു നേടിയതല്ല പിടിച്ചു വാങ്ങിയതാണ് എന്ന തലക്കെട്ടോടെ ആഗസ്ത് 14 ബുധനാഴ്ചയാണ് ജനം ടി.വി. അവരുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഈ കാര്‍ഡ് പ്രസിദ്ധീകരിച്ചത്. 40ലധികം ആളുകളുടെ ചിത്രങ്ങളാണ് ഈ കാര്‍ഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ഏറ്റവും താഴെ ഏറ്റവും ചെറുതായി തീരെ പ്രാധാന്യമില്ലാത്ത തരത്തിലാണ് ബ്ലാക്ക് ആന്റ് വൈറ്റ് നിറത്തിലുള്ള ഗാന്ധിയുടെ ചിത്രമുള്ളത്. സമയമെടുത്ത് തിരഞ്ഞുനോക്കിയാല്‍ മാത്രമേ ഈ കാര്‍ഡില്‍ ഗാന്ധിയുടെ ചിത്രം കണ്ടെത്താനാകൂ. അംബേദ്കറും, ഭഗത് സിങ്ങുമെല്ലാം ഈ കാര്‍ഡിലുണ്ടെങ്കിലും നെഹ്‌റുവിന്റെ ചിത്രം ഈ കാര്‍ഡിലില്ല.
കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം ഉള്‍പ്പടെ രാഷ്ട്രീയ രംഗത്ത് നിന്നും അല്ലാതെയുമുള്ള നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും ഈ കാര്‍ഡിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തവരുടെ വ്യാജചരിത്ര നിര്‍മിതിയെന്നാണ് പൊതുവില്‍ ഈ കാര്‍ഡിനെതിരെ ഉയരുന്ന വിമര്‍ശനം.
കാര്‍ഡില്‍ ഗാന്ധിയേക്കാള്‍ വലിയ പ്രധാന്യത്തോടെ സവര്‍ക്കറിന്റെയും ഹെഡ്‌ഗേവാറിന്റെയും ചിത്രം പ്രസിദ്ധീകരിച്ചതിനെ വി.ടി. ബല്‍റാം വിമര്‍ശിച്ചു. കാര്‍ഡിലെ വാചകങ്ങളില്‍ പറയുന്നത് പോലെ ജയിലില്‍ കിടന്ന് സഹിക്കാന്‍ തയ്യാറാകാതെ മാപ്പെഴുതി നല്‍കിയ സ്വന്തം സ്വാതന്ത്ര്യം പിടിച്ചു വാങ്ങിയ ആളാണ് സവര്‍ക്കറെന്ന് അദ്ദേഹം പരിഹസിച്ചു. ബ്രിട്ടീഷുകാരോട് സമരം ചെയ്ത് സമയം പാഴാക്കരുത്ത് എന്ന് പറഞ്ഞ ഹെഡ്‌ഗേവാറിന്റെ ചിത്രം ഉള്‍പ്പെടുത്തിയതിനെയും അദ്ദേഹം വിമര്‍ശിച്ചു.
‘കണ്ണിലെ കരടായി ഗാന്ധി അവിടെ തടഞ്ഞുനില്‍ക്കുന്നുണ്ടല്ലോ, ഭാഗ്യം’ എന്നാണ് എഴുത്തുകാരനും പുരോഗമന കലാസാഹിത്യ സംഘം നേതാവുമായ അശോകന്‍ ചരുവില്‍ ഈ കാര്‍ഡിനെ കുറിച്ച് ഫേസ്ബുക്കില്‍ എഴുതിയിരിക്കുന്നത്. 2024ലെ തെരഞ്ഞെടുപ്പ് ഫലമാണ് ഈ രൂപത്തിലെങ്കിലും ഗാന്ധിയെ ഉള്‍പ്പെടുത്താന്‍ ഇവരെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറയുന്നു. നെഹ്‌റുവിനെ ഒഴിവാക്കിയെങ്കിലും മോദിയെയും അമിത്ഷായെയും എന്ത്‌കൊണ്ട് ഉള്‍പ്പെടുത്തിയില്ല എന്ന് എഴുത്തുകാരന്‍ അഷ്ടമൂര്‍ത്തി പരിഹസിച്ചു.
ഒറ്റുകാരുടെ വ്യാജ ചരിത്ര നിര്‍മിതി എന്നാണ് മാധ്യമപ്രവര്‍ത്തകന്‍ എന്‍.കെ. ഭൂപേഷ് ഈ കാര്‍ഡിനെ വിമര്‍ശിച്ചിരിക്കുന്നത്. ഇത്തരത്തില്‍ നിരവധി പേരാണ് ഈ കാര്‍ഡിനെതിരെ വിമര്‍ശനും പരിഹാസവുമായി രംഗത്തെത്തിയിരിക്കുന്നത്. ജനം ടി.വിയുടെ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ കാര്‍ഡിനു താഴെ വിമര്‍ശനങ്ങളായും പരിഹാസങ്ങളായും കമന്റുകള്‍ രേഖപ്പെടുത്തുന്നവരുമുണ്ട്.
content highlights: the false historical construction of the betrayers; Hedgewar and Savarkar greater than Gandhi; Criticism against the card of Janam TV