|

ദിവസം 13 മണിക്കൂര്‍ ജോലി, ആഴ്ചയില്‍ എല്ലാ ദിനവും: ഇന്ത്യന്‍ തൊഴിലാളിയെ പിഴിയാനുള്ള മുതലാളിത്വ പൂതിയിങ്ങനെ!

രാഗേന്ദു. പി.ആര്‍

അടുത്തിടെ ഞെട്ടിപ്പിക്കും വിധം ഒരു പ്രസ്താവനയുണ്ടായി. ലാര്‍സന്‍ ആന്റ് ടു ബ്രോയുടെ ചെയര്‍മാന്‍ എസ്.എന്‍. സുബ്രഹ്‌മണ്യനാണ് ആ പ്രസ്താവന നടത്തിയത്. ജീവനക്കാര്‍ ഞാറാഴ്ചയുള്‍പ്പടെ ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലിയെടുക്കണമെന്നായിരുന്നു എസ്.എന്‍. സുബ്രഹ്‌മണ്യന്റെ പ്രസ്താവന.

ഇത് കേള്‍ക്കുമ്പോള്‍ ഒരുപക്ഷെ നിങ്ങള്‍ക്ക് അത്രയും ഗൗരവം തോന്നുണ്ടാകില്ല. എന്നാല്‍ വസ്തുതയെന്തെന്നാല്‍ ഇന്ത്യയിലെ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിന്റെ മറ്റൊരു രൂപമാണ് തൊഴില്‍സമയവുമായി ബന്ധപ്പെട്ട് ലാര്‍സന്‍ ആന്റ് ടു ബ്രോ ചെയര്‍മാന്‍ നല്‍കിയ നിര്‍ദേശം.

Criticism against SN Subrahmanyan based on his working hour statement

S. N. Subrahmanyan

ജീവനക്കാരോടൊപ്പമുള്ള യോഗത്തിനിടയിലാണ് എസ്.എന്‍. സുബ്രഹ്‌മണ്യന്‍ ഈ വിവാദ പരാമര്‍ശം നടത്തിയത്. തൊഴിലാളികളെ ഞായറാഴ്ചയും പണിയെടുപ്പിക്കാത്തതില്‍ തനിക്ക് ദുഃഖമുണ്ടെന്നും എന്തിനാണ് ഞാറാഴ്ചകളില്‍ അവധിയെടുക്കുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

‘നിങ്ങളെ ഞായറാഴ്ചയും പണിയെടുപ്പിക്കാത്തതില്‍ എനിക്ക് ദുഃഖമുണ്ട്. എന്തിനാണ് നിങ്ങള്‍ ഞാറാഴ്ച അവധിയെടുത്ത് വീട്ടിലിരിക്കുന്നത്? നിങ്ങള്‍ വീട്ടില്‍ ഇരുന്ന് എന്താണ് ചെയ്യുന്നത്? നിങ്ങള്‍ക്ക് എത്രനേരം ഭാര്യയുടെ മുഖം നോക്കിയിരിക്കാന്‍ കഴിയും? ഭാര്യമാര്‍ക്ക് അവരുടെ ഭര്‍ത്താക്കന്മാരെ എത്രനേരം നോക്കിയിരിക്കാന്‍ കഴിയും? ഓഫീസില്‍ പോയി ജോലി ചെയ്യൂ. നിങ്ങള്‍ക്ക് ലോകത്ത് ഒന്നാമത് എത്തണമെങ്കില്‍ ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലി ചെയ്യണം,’ എന്നാണ് എസ്.എന്‍. സുബ്രഹ്‌മണ്യന്‍ പറഞ്ഞത്.

ഒരു കഥ പറഞ്ഞുകൊണ്ടായിരുന്നു സുബ്രഹ്‌മണ്യന്റെ ഉപദേശം. കഥയിലെ മുഖ്യകഥാപാത്രം ഒരു ചൈനീസ് വ്യക്തിയായിരുന്നു.

‘അമേരിക്കക്കാര്‍ 50 മണിക്കൂര്‍ മാത്രമാണ് ജോലി ചെയ്യുന്നത്. എന്നാല്‍ അവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചൈനീസ് തൊഴിലാളികള്‍ ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലിക്കായി ചെലവഴിക്കുന്നുണ്ട്. അതിനാല്‍ ചൈനയ്ക്ക് ഉടന്‍ തന്നെ അമേരിക്കയെ മറികടക്കാന്‍ കഴിയുമെന്ന് ചൈനീസ് വ്യക്തി അവകാശപ്പെടുന്നു,’ ഇതായിരുന്നു കഥ.

എന്നാല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റില്‍ എസ്.എന്‍. സുബ്രഹ്‌മണ്യന്റെ ഉപദേശക വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. വ്യവസായികളും ബോളിവുഡ്-കായിക താരങ്ങളും ആക്ടിവിസ്റ്റുകളും രാഷ്ട്രീയ സംഘടനകളും ഉള്‍പ്പെടെ ലാര്‍സന്‍ ആന്റ് ടു ബ്രോ ചെയര്‍മാനെതിരെ രംഗത്തെത്തി.

Anand Mahindra

‘എനിക്ക് എന്റെ ഭാര്യയെ നോക്കിയിരിക്കാന്‍ ഇഷ്ടമാണ്’ എന്നായിരുന്നു ആനന്ദ് മഹീന്ദ്ര എസ്.എന്‍. സുബ്രഹ്‌മണ്യന് മറുപടി നല്‍കിയത്. ഞാന്‍ എത്ര സമയം ജോലി ചെയ്യുന്നു എന്ന ചോദ്യമല്ല തന്നോട് ചോദിക്കേണ്ടതെന്നും ചെയ്യുന്ന ജോലി ഏത് നിലവാരത്തില്‍ ചെയ്യുന്നു എന്നായിരിക്കണമെന്നും ആനന്ദ് മഹീന്ദ്ര പറഞ്ഞു.

എന്തുകൊണ്ട് ഒരു വ്യക്തിക്ക് തന്റെ ഭാര്യയെ നോക്കിയിരുന്നുകൂടാ? എന്തിന് അവര്‍ ഞാറാഴ്ചകളിലും ജോലിക്ക് വരണം? വിദ്യാസമ്പന്നരായിട്ട് പോലും മേലുദ്യോഗസ്ഥര്‍ക്ക് തൊഴിലാളികളുടെ മാനസികാരോഗ്യത്തെക്കുറിച്ച് ചിന്തിക്കാന്‍ എന്തുകൊണ്ട് സാധിക്കുന്നില്ല എന്നായിരുന്നു മുന്‍ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയുടെ പ്രതികരണം.

Jwala Gutta

എസ്.എന്‍. സുബ്രഹ്‌മണ്യന്റെ പരാമര്‍ശം സ്ത്രീ വിരുദ്ധമാണെനും ഇത് വഴി അവര്‍ സ്വയം അപഹാസ്യരാകുകയാണ് ചെയ്യുന്നതെന്നും ജ്വാല ഗുട്ട പറഞ്ഞു. ജ്വാലയില്‍ ഒതുങ്ങിയില്ല എല്‍ ആന്റ് ടിക്കെതിരായ വിമര്‍ശനങ്ങള്‍. ബോളിവുഡ് താരമായ ദീപിക പദുകോണും എസ്.എന്‍. സുബ്രഹ്‌മണ്യനെതിരെ രംഗത്തെത്തി.

‘മേലുദ്യോഗസ്ഥരുടെ ഇത്തരം പ്രസ്താവനകള്‍ ഞെട്ടിക്കുന്നത്. മെന്റല്‍ ഹെല്‍ത്ത് മാറ്റേഴ്‌സ്’, ദീപിക പദുകോൺ

മേലുദ്യോഗസ്ഥരുടെ ഇത്തരം പ്രസ്താവനകള്‍ ഞെട്ടിക്കുന്നതെന്നായിരുന്നു ദീപിക പദുകോണിന്റെ പ്രതികരണം. വിഷയം ‘മെന്റല്‍ ഹെല്‍ത്ത് മാറ്റേഴ്‌സ്’ ആണെന്നും താരം പ്രതികരിച്ചു.

Deepika Padukone

സംഭവം വിവാദമായതോടെ സുബ്രഹ്‌മണ്യനെ ന്യായീകരിച്ച് എല്‍.ആന്റ്.ടി പോസ്റ്റ് ചെയ്ത കുറിപ്പിനെതിരെയും ദീപിക പ്രതികരിച്ചു. അവര്‍ വിഷയം കൂടുതല്‍ വഷളാക്കുകയാണ് ചെയ്യുന്നത് എന്ന തലക്കെട്ടോട് കൂടി സ്ഥാപനത്തിന്റെ കുറിപ്പ് ഷെയര്‍ ചെയ്തുകൊണ്ട് ദീപിക ഇന്‍സ്റ്റഗ്രാമില്‍ പ്രതികരിക്കുകയായിരുന്നു.

‘തങ്ങളുടെ കമ്പനി കഴിഞ്ഞ എട്ട് പതിറ്റാണ്ടിലേറെയായി രാജ്യത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയെ ഏറ്റവും മികച്ച നിലയിലേക്ക് എത്തിക്കുക എന്ന ഞങ്ങളുടെ ചെയര്‍മാന്റെ ആഗ്രഹമാണ് അദ്ദേഹത്തിന്റെ അഭിപ്രായത്തിലൂടെ തെളിയുന്നത്,’ എന്നായിരുന്നു എല്‍.ആന്റ്.ടിയുടെ പോസ്റ്റ്.

‘ബി.ജെ.പി സര്‍ക്കാരിന്റെ ഒത്താശയോടെ ഇന്ത്യന്‍ തൊഴിലാളികളുടെ രക്തവും വിയര്‍പ്പും പിഴിഞ്ഞെടുക്കാന്‍ കോര്‍പ്പറേറ്റ് തലവന്മാര്‍ തമ്മില്‍ മത്സരിക്കുകയാണ്,’  സി.ഐ.ടി.യു

വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍സ് ആവശ്യപ്പെടുന്നത് അനുസരിച്ച്, പ്രതിദിന തൊഴില്‍സമയം ഏഴ് മണിക്കൂറായി പ്രഖ്യാപിക്കണമെന്നും ആഴ്ചയില്‍ പ്രവൃത്തിദിവസം അഞ്ച് ആക്കി കുറയ്ക്കണമെന്നും സി.ഐ.ടി.യു ജനറല്‍ സെക്രട്ടറി തപന്‍ സെന്‍ ആവശ്യപ്പെട്ടു.

തൊഴില്‍സമയം വര്‍ധിപ്പിച്ചും ജോലിഭാരം അടിച്ചേല്‍പ്പിച്ചും ഇന്ത്യന്‍ തൊഴിലാളികളെ കൊടിയ ചൂഷണത്തിനാണ് വിധേയരാക്കുന്നത്. ഇതിലൂടെ കൊള്ളലാഭമാണ് കോര്‍പ്പറേറ്റുകള്‍ കൊയ്യുന്നത്. കോര്‍പ്പറേറ്റുകളുടെ ഇത്തരം നടപടികളെ തുടര്‍ന്ന് 2022ല്‍ 11,436 തൊഴിലാളികള്‍ ആത്മഹത്യ ചെയ്തുവെന്നാണ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ റിപ്പോര്‍ട്ട് പറയുന്നതെന്നും സി.ഐ.ടി.യു ചൂണ്ടിക്കാട്ടി.

ചൈന, അമേരിക്ക തുടങ്ങിയ ഉത്പാദനക്ഷമത ഉയര്‍ന്ന സ്ഥലങ്ങളിലെ തൊഴിലാളികളേക്കാള്‍ കൂടുതല്‍ സമയം പണിയെടുക്കുന്നവരാണ് ഇന്ത്യയിലെ സംഘടിത മേഖലയിലെ സ്ഥിരം തൊഴിലാളികള്‍ ഉള്‍പ്പെടെയെന്നും സി.ഐ.ടി.യു പറഞ്ഞു. ജോലിസമയം വര്‍ധിപ്പിക്കുന്നത് തൊഴിലാളികളുടെ ആരോഗ്യത്തെയും സാമൂഹ്യജീവിതത്തെയും വിനാശകരമായി ബാധിക്കുമെന്നും സി.ഐ.ടി.യു മുന്നറിയിപ്പ് നല്‍കി.

നേരത്തെ തൊഴില്‍സമയം ആഴ്ചയില്‍ 70 മണിക്കൂറാക്കാന്‍ നിയമം കൊണ്ടുവരണമെന്ന് ഇന്‍ഫോസിസ് തലവനായിരുന്ന എന്‍.ആര്‍. നാരായണമൂര്‍ത്തിയും ആവശ്യപ്പെട്ടിരുന്നു. അതുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളും വിവാദങ്ങളും കെട്ടണയുമ്പോഴേക്കുമാണ് അടുത്ത വിവാദ പ്രസ്താവനയുമായി എസ്.എന്‍. സുബ്രമണ്യന്‍ എത്തുന്നത്.

N. R. Narayana Murthy

‘പാശ്ചാത്യ രാജ്യങ്ങളിലെ തന്റെ സുഹൃത്തുക്കളും അറിവിലുള്ള എന്‍.ആര്‍.ഐകളും ഇന്ത്യയിലെ സുഹൃത്തുക്കളും എന്റെ ഉപദേശം സ്വീകരിച്ചിട്ടുണ്ട്. പദവികള്‍ ഇല്ലാത്തവര്‍ ജീവിതത്തില്‍ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കഷ്ട്ടപ്പെടുകയാണ്. പരിശീലിച്ച് വിജയം കാണാതെ ഞാന്‍ ഒരു ഉപദേശം നല്‍കില്ല,’ എന്നായിരുന്നു എന്‍.ആര്‍. നാരായണമൂര്‍ത്തിയുടെ പരാമര്‍ശം.

ആഴ്ചയില്‍ ആറ് ദിവസവും രാവിലെ 9 മുതല്‍ രാത്രി 9 വരെ ജോലി ചെയ്യുന്ന ചൈനയുടെ ‘996’ എന്ന വര്‍ക്ക് ഷെഡ്യൂളിന് ഏതാനും ചില വ്യവസായികളും പിന്തുണ നല്‍കിയിരുന്നു. ഓല സി.ഇ.ഒ ഭവിഷ് അഗര്‍വാള്‍ എന്‍.ആര്‍. നാരായണ മൂര്‍ത്തിയുടെ 70 മണിക്കൂര്‍ തൊഴില്‍ എന്ന നിലപാടിനെ പിന്തുണക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ ഈ പിന്തുണകള്‍ എല്ലാം സാമ്പത്തികമായി ഉയര്‍ന്ന പദവിയില്‍ ഇരിക്കുന്നവരുടെയും വന്‍കിട മുതലാളിമാരുടെയുമാണ്. സാധാരണക്കാരായ മനുഷ്യര്‍ക്ക് ലഭിക്കുന്ന പരിമിതമായ സാഹചര്യങ്ങളില്‍ വിശ്രമവും സമാധാനവും മാനസികാരോഗ്യവും ഉള്‍പ്പെടെണ്ടതുണ്ട്.

Content Highlight: Criticism against SN Subrahmanyan based on his working hour statement

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.