ഐ.സി.സി വനിതാ ടി-20 ലോകകപ്പിന്റെ സെമി ഫൈനല്‍ മത്സരത്തില്‍ ഓസീസിനോട് അഞ്ച് റണ്‍സിന് പരാജയപ്പെടാനായിരുന്നു ഇന്ത്യന്‍ ടീമിന്റെ വിധി. എല്ലായ്‌പ്പോഴും എന്ന പോലെ കപ്പിനും ചുണ്ടിനും ഇടയില്‍ വിജയം നഷ്ടമാകുന്ന പതിവ് ഇത്തവണയും ഇന്ത്യ ആവര്‍ത്തിച്ചു.
വിജയിക്കാന്‍ സാധിക്കുമായിരുന്ന മത്സരം പരാജയപ്പെട്ടതിന്റെ പേരില്‍ ഇന്ത്യക്ക് ആരാധകരില്‍ നിന്നും വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വരുന്നുണ്ട്. നിര്‍ണായക മത്സരങ്ങളിലെ സ്മൃതി മന്ദാനയുടെ മോശം പ്രകടനമടക്കം ആരാധകര്‍ ചര്‍ച്ചയാക്കുന്നുണ്ട്.
യുവതാരം ഷെഫാലി വര്‍മക്കെതിരെയും വിമര്‍ശനമുയരുന്നുണ്ട്. ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിന്റെ നെടുംതൂണായ ബെത് മൂണിയെ ക്യാച്ചെടുത്ത് പുറത്താക്കിയ ശേഷം രോഷം കൊണ്ട് ഷെഫാലി അല്‍പം നിലവിട്ടുപെരുമാറുകയും മോശം പദപ്രയോഗങ്ങള്‍ ഉപയോഗിക്കുകയുമായിരുന്നു.
ക്യാച്ചെടുത്തതിന് പിന്നാലെ ബെത് മൂണിയോട് ഗ്രൗണ്ട് വിടാനും ഷെഫാലി ആക്രോശിക്കുന്നുണ്ട്. ഷെഫാലിയുടെ ഈ പെരുമാറ്റമാണ് ആരാധകരില്‍ മുറുമുറുപ്പുണ്ടാക്കുന്നത്.
മത്സരത്തിന്റെ 12ാം ഓവറിലായിരുന്നു ബെത് മൂണി പുറത്താകുന്നത്. ശിഖ പാണ്ഡേയുടെ പന്തില്‍ ഷെഫാലിക്ക് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം. എന്നാല്‍ ഇതിനോടകം തന്നെ മൂണി ഓസീസിനെ മോശമല്ലാത്ത നിലയിലെത്തിച്ചിരുന്നു. 37 പന്തില്‍ നിന്നും ഏഴ് ബൗണ്ടറിയും ഒരു സിക്‌സറുമടക്കം 54 റണ്‍സാണ് താരം നേടിയത്.
മൂണിക്ക് പുറമെ ക്യാപ്റ്റന്‍ മെഗ് ലാനിങ്ങും തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം കാഴ്ചവെച്ചിരുന്നു. 34 പന്തില്‍ നിന്നും പുറത്താകാതെ 49 റണ്‍സാണ് താരം നേടിയത്.
ഒടുവില്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് 172 റണ്‍സ് സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ജെമിമ റോഡ്രിഗസിന്റെയും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെയും ഇന്നിങ്‌സിന്റെ ബലത്തില്‍ പൊരുതി നോക്കിയെങ്കിലും അഞ്ച് റണ്‍സകലെ കാലിടറി വീഴുകയായിരുന്നു.
ഫെബ്രുവരി 26നാണ് ലോകകപ്പിന്റെ ഫൈനല്‍ മത്സരം. രണ്ടാം സെമി ഫൈനലിലെ ഇംഗ്ലണ്ട്-സൗത്ത് ആഫ്രിക്ക വിജയികളെയാണ് ഓസീസിന് ഫൈനലില്‍ നേരിടാനുള്ളത്.
Content highlight: Criticism against Shefali Verma