| Sunday, 29th September 2024, 4:22 pm

'ഒറ്റയ്ക്ക് വഴിവെട്ടി വന്നവന്‍'; ഉണ്ണി മുകുന്ദനെ പ്രകീര്‍ത്തിച്ച ഷാഫി പറമ്പിലിനെതിരെ വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: നടന്‍ ഉണ്ണി മുകുന്ദനെ പ്രകീര്‍ത്തിച്ച് പാലക്കാട് മുന്‍ എം.എല്‍.എയും വടകര എം.പിയുമായ ഷാഫി പറമ്പില്‍. ഉണ്ണി മുകുന്ദന്‍ സ്വന്തം പ്രയത്നംകൊണ്ട് വഴിവെട്ടി വന്നവനാണെന്നാണ് ഷാഫി പറമ്പില്‍ പറഞ്ഞത്. ഇക്കാര്യത്തില്‍ താന്‍ ഉണ്ണി മുകുന്ദനെ അഭിനന്ദിക്കുന്നുവെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

‘എന്റെയും പുള്ളിയുടെയും ശരീരം ഏകദേശം ഒരുപോലെയാണ്. ഷര്‍ട്ട് അഴിക്കുന്നത് കൊണ്ടാണ് നിങ്ങള്‍ ഉണ്ണിയുടെ ശരീരം കാണുന്നത്, എന്നാല്‍ ഞാന്‍ എന്റെ സിക്‌സ്പാക്ക് അങ്ങനെ പുറത്തുകാണിക്കാറില്ല.

മാളികപ്പുറം സിനിമയിലെ സീനുകള്‍ കണ്ടപ്പോള്‍ വേദിയിലിരിക്കുന്നവര്‍ ഉണ്ണിക്കായി കൈയടിക്കുന്നത് ഞാന്‍ കണ്ടു. ഉണ്ണി എന്റെ നാട്ടുകാരനാണ്, ഒറ്റപ്പാലം. സിനിമയിലെ വലിയ ഗോഡ്ഫാദര്‍മാരുടെയും സ്‌പോണ്‍സര്‍മാരുടെയും പിന്തുണ ഒന്നുമില്ലാതെ സ്വന്തം പയത്‌നംകൊണ്ട് വഴിവെട്ടി വന്നവനാണ് ഉണ്ണി,’ എന്നാണ് ഷാഫി പറമ്പില്‍ പറഞ്ഞത്.

നിലവില്‍ ഉണ്ണി മുകുന്ദനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള എം.പിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഷാഫി പറമ്പിലിന്റെ പരാമര്‍ശം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.

തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി ഉണ്ണി മുകുന്ദന്‍ പാലക്കാട് മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഈ പശ്ചാലത്തില്‍ കൂടിയാണ് ഷാഫി പറമ്പില്‍ ഉണ്ണി മുകുന്ദനെ പ്രകീര്‍ത്തിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംഘപരിവാര്‍ അനുകൂലിയും പാലക്കാട് സ്വദേശിയുമായ ഉണ്ണി മുകുന്ദനെ പരസ്യമായി പുകഴ്ത്തുന്നത് സീറ്റ് ബി.ജെ.പിക്ക് വിട്ടുകൊടുക്കാനാണോ എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഇരുവരും ശാഖയില്‍ വെച്ചുള്ള പരിചയമായിരിക്കുമെന്നും വിമര്‍ശനമുണ്ട്.

പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നിര്‍ണായകമായ തീരുമാനങ്ങള്‍ എടുത്തിരുന്നു. സിറ്റിങ് എം.പിയായിരുന്ന കെ. മുരളീധരനെ വടകരയില്‍ നിന്ന് തൃശൂരിലേക്ക് മാറ്റുകയും പാലക്കാട് എം.എല്‍.എയായിരുന്ന ഷാഫി പറമ്പിലിനെ വടകര സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയുമാണ് യു.ഡി.എഫ് ചെയ്തത്.

ഇക്കാരണത്താല്‍ പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഇതിനോടൊപ്പം ചേലക്കര നിയമസഭാ മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പ് നടക്കും.

ചേലക്കര സിറ്റിങ് എം.എല്‍.എയായിരിക്കെയാണ് കെ. രാധാകൃഷ്ണന്‍ ആലത്തൂരില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മത്സരിക്കുന്നതും വിജയിച്ചതും. ഇതിനെ തുടര്‍ന്ന് ചേലക്കര മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു.

Content Highlight: Criticism against Shafi Parambil who glorified Unni Mukundan

Latest Stories

We use cookies to give you the best possible experience. Learn more