ആലിയ ഭട്ടിനെ കേന്ദ്ര കഥാപാത്രമാക്കി സഞ്ജയ് ലീല ബന്‍സാലി ഒരുക്കുന്ന പുതിയ ചിത്രം ‘ഗംഗുഭായ് കത്തിയവാഡി’ക്കെതിരെ വിമര്‍ശനം ശക്തമാവുന്നു.
ചിത്രത്തില്‍ ട്രാന്‍സ് വുമണ്‍ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സിസ് ജെന്‍ഡര്‍ (Cis gender) നടനായ വിജയ് റാസിനെ തെരഞ്ഞെടുത്തതിനെതിരെയാണ് വിമര്‍ശനം. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത് വന്നതോടെയാണ് വിവിധ കോണുകളില്‍ നിന്നും വിമര്‍ശനമുയരുന്നത്.
‘ട്രാന്‍സ് ആക്ടേഴ്‌സ് ഫോര്‍ ട്രാന്‍സ് റോള്‍’, എന്നാണ് വിമര്‍ശനങ്ങളില്‍ ഉയരുന്ന ആവശ്യം.
ഒരു ട്രാന്‍സ് ജെന്‍ഡര്‍ അഭിനേതാവിന് ലഭിക്കേണ്ട അഭിനയ അവസരമാണ് സഞ്ജയ് ലീല ബന്‍സാലി തട്ടിക്കളഞ്ഞത് എന്നും സിസ് ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ട ഒരു നടന്‍ ട്രാന്‍സ് വുമണ്‍ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ അത് ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് നേരെ അക്രമത്തിന് വഴിവെക്കുമെന്നും വിമര്‍ശനത്തില്‍ പറയുന്നു.
ബോളിവുഡിലടക്കം ട്രാന്‍സ് ജെന്‍ഡേഴ്‌സിന്റെ കഥ പറയുന്നതും ട്രാന്‍സ് ജെന്‍ഡര്‍ കഥാപാത്രങ്ങള്‍ വന്നുപോകുന്നതുമായ നിരവധി സിനിമകള്‍ പുറത്ത് വരുന്നുണ്ടെങ്കിലും അഭിനേതാക്കളായി വരുന്നത് സിസ് ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ട മുഖ്യധാരാ നടീ-നടന്മാര്‍ തന്നെയാണ്.
ആയുഷ്മാന്‍ ഖുരാന-വാണി കപൂര്‍ ജോഡിയില്‍ ഈയിടെ പുറത്തുവന്ന ഛണ്ഡിഗഡ് കരേ ആഷിഖി എന്ന ചിത്രത്തിലും ട്രാന്‍സ് വുമണ്‍ ആയ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത് സിസ് ജെന്‍ഡര്‍ ആക്ട്രസ് ആയ വാണി കപൂര്‍ ആയിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു ‘ഗംഗുഭായ് കത്തിയവാഡി’യുടെ ട്രെയ്‌ലര്‍ പുറത്തുവന്നത്. മണിക്കൂറുകള്‍ക്കുള്ളില്‍ ദശലക്ഷക്കണക്കിന് പേരാണ് ട്രെയ്‌ലര്‍ കണ്ടത്.
സുദീപ് ചാറ്റര്‍ജിയാണ് ക്യാമറ. ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് സഞ്ജയ് ലീലാ ബന്‍സാലി തന്നെയാണ്.
ബന്‍സാലി പ്രൊഡക്ഷന്‍സും പെന്‍ ഇന്ത്യയും ചേര്‍ന്നാണ് നിര്‍മാണം. ശന്തനു മഹേശ്വരി, വിജയ് റാസ്, ഹുമാ ഖുറേശി എന്നിവരും ചിത്രത്തിലുണ്ട്. ഫെബ്രുവരി 25ന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Criticism against Sanjay Leela Bhansali movie Gangubai Kathiawadi for choosing cis gender actor for trans woman role