| Thursday, 27th August 2020, 8:03 am

'എര്‍ദോഗാനെ ആലിംഗനം ചെയ്ത് മോദി'; ആമിറിനെതിരെ വാളെടുക്കുന്നവര്‍ ഈ ചിത്രം മറന്നുപോയോ എന്ന് സോഷ്യല്‍ മീഡിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ന്യൂദല്‍ഹി: ബോളിവുഡ് നടന്‍ ആമിര്‍ ഖാനും തുര്‍ക്കി പ്രസിഡന്റ് രജപ് റെജപ് തയ്യിപ് എര്‍ദൊഗാന്റെ ഭാര്യ എമിന്‍ എര്‍ദോഗാനും ഒന്നിച്ചു നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചായായിരുന്നു.

ചിത്രത്തെ ഏറ്റുപിടിച്ച് ആര്‍.എസ്.എസും രംഗത്തെത്തിയിരുന്നു. ആര്‍.എസ്.എസ് മുഖപത്രമായ പാഞ്ചജന്യം ദേശവിരുദ്ധ നടപടിയായി ഈ ചിത്രത്തെ പ്രചരിപ്പിക്കുകയും ചെയ്തു.

ഇതിന് മറുപടിയായി ഇപ്പോള്‍ മറ്റൊരു ചിത്രം സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാനും ഒന്നിച്ചു നില്‍ക്കുന്ന ചിത്രമാണത്. 2017 മേയില്‍ ഇന്ത്യയിലെത്തിയ എര്‍ദോഗനെ മോദി ആലിംഗനം ചെയ്യുന്ന ചിത്രമാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്.

ജമ്മു കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന്റെ നിലപാടുകളെ എര്‍ദോഗന്‍ പിന്തുണച്ചുവെന്നാണ് ആര്‍.എസ്.എസിന്റെ വിമര്‍ശനം. എന്നാല്‍ 2017ല്‍ എര്‍ദോഗനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആലിംഗനം ചെയ്തു സ്വീകരിച്ചതാണ് ഇതിന് മറുപടിയായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ആമിര്‍ ഖാനെതിരെ നടത്തുന്ന സൈബര്‍ ആക്രമണത്തിന് മറുപടിയെന്ന നിലയിലാണ് ഈ ചിത്രം പ്രചരിക്കുന്നത്. ആമിറിനെ വിമര്‍ശിക്കുന്ന ആര്‍.എസ്.എസ് വിദേശ രാജ്യങ്ങളിലെ അംബാസിഡര്‍മാര്‍ക്ക് കൂടി ക്ലാസ്സെടുക്കുന്നത് നന്നാകുമെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന വിമര്‍ശനം

തന്റെ പുതിയ ചിത്രം ലാല്‍ സിംഗ് ചദ്ദയുടെ ചിത്രീകരണത്തിനിടെയാണ് തുര്‍ക്കി പ്രഥമ വനിതയെ ആമിര്‍ ഖാന്‍ സന്ദര്‍ശിച്ചത്. തുടര്‍ന്ന് ആമിര്‍ഖാനെതിരെ വലിയ സൈബര്‍ ആക്രമണമാണ് സോഷ്യല്‍ മീഡിയയില്‍ നടന്നത്.

ഇന്ത്യയുമായി തര്‍ക്കത്തിലുള്ള തുര്‍ക്കിയില്‍ നടത്തിയ ഔദ്യോഗിക കൂടിക്കാഴ്ച ആമിര്‍ഖാന്‍ ചെയ്യരുതായിരുന്നാണ് ചിലര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. സംഘപരിവാര്‍ അനുകൂല അക്കൗണ്ടുകളില്‍ നിന്നും ആമിര്‍ഖാന്‍ രാജ്യദ്രോഹപരമായി പെരുമാറി എന്ന ആരോപണവും ഉയരുന്നുണ്ട്.

ഇതിനിടെ നേരത്തെ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യയിലെത്തിയപ്പോള്‍ ആമിര്‍ഖാന്‍ നെതന്യാഹുവിനെ കാണാഞ്ഞതും ചിലര്‍ ചൂണ്ടിക്കാട്ടി.

ഇസ്രഈല്‍ പ്രധാനമന്ത്രി വന്നപ്പോള്‍ കാണാന്‍ വിസമ്മതിച്ച ആമിര്‍ഖാന്‍ ഇപ്പോള്‍ ഇന്ത്യക്കെതിരെ നില്‍ക്കുന്ന തുര്‍ക്കി പ്രസിഡന്റ് എര്‍ദൊഗാന്റെ ഭാര്യയെ സന്ദര്‍ശിച്ചതെന്തിനാണെന്നാണ് ഒരു ട്വീറ്റ്.

2018 ല്‍ നെതന്യാഹു ഇന്ത്യയില്‍ നടത്തിയ സന്ദര്‍ശനത്തില്‍ അമിതാബ് ബച്ചന്‍, ഐശ്യര്യ റായ്, കരണ്‍ ജോഹര്‍ തുടങ്ങിയ ബോളിവുഡ് താരങ്ങള്‍ ഇദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുകയും വലിയ പരിപാടി നടക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആമിര്‍ഖാന്‍ ഇതില്‍ പങ്കെടുത്തിരുന്നില്ല.

ആമിര്‍ ഖാന്റെ ഈ കൂടിക്കാഴ്ചയ്ക്ക് മറ്റെന്തോ ലക്ഷ്യമുണ്ടെന്നും ഇതൊരു സാധാരണ മീറ്റിംഗ് ആയി എടുക്കരുതെന്നുമാണ് മറ്റൊരാള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ചിലര്‍ ആമിറിന്റെ പുതിയ ചിത്രം ബഹിഷ്‌കരിക്കാനും ആഹ്വാനം ചെയ്യുന്നുണ്ട്. ഇതേ ക്കുറിച്ച് ആമിര്‍ ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല.

കശിമീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കു ശേഷമാണ് ഇന്ത്യയും തുര്‍ക്കിയും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തത്. ഇന്ത്യന്‍ നടപടിയെ തുര്‍ക്കി പ്രസിഡന്റെ റെജപ് തയ്യിപ് എര്‍ദൊഗാന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

തുര്‍ക്കിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ലാല്‍ സിംഗ് ഛദ്ദ ചിത്രം 2020 ക്രിസ്മസ് റിലീസായി തിയേറ്ററുകളില്‍ എത്തിക്കാനായിരുന്നു തീരുമാനം. എന്നാല്‍ ലോക്ക്ഡൗണ്‍ ആയതോടെ ഷൂട്ടിംഗ് മുടങ്ങിയതോടെ 2021 ക്രിസ്മസിന് തിയേറ്ററുകളില്‍ എത്തിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

തുര്‍ക്കിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ലാല്‍ സിംഗ് ഛദ്ദ ചിത്രം 2020 ക്രിസ്മസ് റിലീസായി തിയേറ്ററുകളില്‍ എത്തിക്കാനായിരുന്നു തീരുമാനം. എന്നാല്‍ ലോക്ക്ഡൗണ്‍ ആയതോടെ ഷൂട്ടിംഗ് മുടങ്ങിയതോടെ 2021 ക്രിസ്മസിന് തിയേറ്ററുകളില്‍ എത്തിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ സംവിധാനം ചെയ്ത അദ്വൈത് ചന്ദന്‍ ആണ് ലാല്‍ സിങ് ഛദ്ദയും സംവിധാനം ചെയ്യുന്നത്. നേരത്തെ കേരളത്തിലും ചിത്രത്തിന്റെ ഷൂട്ടിംഗ് ഉണ്ടായിരുന്നു.

ഓസ്‌ക്കാര്‍ പുരസ്‌ക്കാരം നേടിയ വിഖ്യാത ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംപിന്റെ റീമേക്കാണ് ലാല്‍ സിംഗ് ഛദ്ദ. ചിത്രത്തിലെ ആമീറിന്റെ ലുക്ക് നേരത്തെ വൈറലായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


CONTENT HIGHLIGHTS; narendra modi meets turkey president

Latest Stories

We use cookies to give you the best possible experience. Learn more