മുജാഹിദ് പ്രസ്ഥാനത്തിനെ രാഷ്ട്രീയം പഠിപ്പിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്; മുഹമ്മദ് അബ്ദുറഹിമാനെ പെറ്റിട്ട പ്രസ്ഥാനമാണിത്: ശരീഫ് മേലേതില്‍
Kerala News
മുജാഹിദ് പ്രസ്ഥാനത്തിനെ രാഷ്ട്രീയം പഠിപ്പിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്; മുഹമ്മദ് അബ്ദുറഹിമാനെ പെറ്റിട്ട പ്രസ്ഥാനമാണിത്: ശരീഫ് മേലേതില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 1st January 2023, 3:57 pm

കോഴിക്കോട്: കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിനെ രാഷ്ട്രീയം പഠിപ്പിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് മുജാഹിദ് നേതാവ് ശരീഫ് മേലേതില്‍.
കോഴിക്കോട് വെച്ച് നടക്കുന്ന പത്താമത് മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്താണ് മുജാഹിദ് പ്രസ്ഥാനമെന്ന് പോലും അറിയാതെയാണ് മുജാഹിദുകളോട് ആളുകള്‍ പൊളിറ്റിക്സ് പറയുന്നതെന്നും മുഹമ്മദ് അബ്ദുറഹിമാനെ പോലുള്ളവരെ പെറ്റിട്ട പ്രസ്ഥാനമാണിതെന്നും ശരീഫ് മേലേതില്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

സമസ്തക്കെതിരെയും പ്രസംഗത്തില്‍ രൂക്ഷ വിമര്‍ശനമുന്നയിക്കുന്നുണ്ട്. ദുര്‍വാശിയുടെയും ദുശ്ശാഠ്യത്തിന്റെയും പൗരോഹിത്യ കൂട്ടായ്മയുടെയും പേരാണ് സമസ്തയെന്നും മുജാഹിദ് പ്രസ്ഥാനം ശക്തിപ്പെടുമ്പോള്‍ കേരളത്തില്‍ ഏറ്റവുമധികം ദുര്‍ബലപ്പെടുക സമസ്തയാണെന്നും സമസ്തക്ക് മുജാഹിദ് പ്രസ്ഥാനത്തോട് വിരോധമുണ്ടെന്നുമാണ് ശരീഫ് മേലേതില്‍ പറഞ്ഞത്.

”കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചില പ്രചാരണങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ എനിക്ക് അത്ഭുതം തോന്നുന്നു, സോഷ്യല്‍ മീഡിയ തുറക്കുമ്പോള്‍ ചിരി വരുന്നു. ചിലയാളുകള്‍ വന്ന് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിനെ രാഷ്ട്രീയം പഠിപ്പിക്കുന്നു.

മുജാഹിദുകളോട് ആളുകള്‍ പൊളിറ്റിക്‌സ് പറയുന്നു. ഏതാണ് ഈ മുജാഹിദ് പ്രസ്ഥാനമെന്ന് നിങ്ങള്‍ക്കറിയുമോ? മുഹമ്മദ് അബ്ദുറഹിമാനെ പെറ്റ പ്രസ്ഥാനത്തോടാണോ നിങ്ങള്‍ രാഷ്ട്രീയം പറയുന്നത്.

സീതി സാഹിബ് എന്ന നേതാവിനെ പറ്റി നിങ്ങള്‍ക്കറിയുമോ? 1960 മരണപ്പെട്ട കെ.എം. സീതി സാഹിബ്, കേരളത്തില്‍ സ്പീക്കര്‍ പദവിയിലിരുന്ന സീതി സാഹിബ്, കേരളത്തിലെ ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ തലച്ചോര്‍ എന്ന് പറയാവുന്ന കെ.എം. സീതി സാഹിബിനെ കേരളത്തിന്റെ പൊതുമണ്ഡലത്തിലേക്ക് സംഭാവന ചെയ്ത മഹത്തായ ഒരു പ്രസ്ഥാനത്തോടാണ് 1990കള്‍ക്ക് ശേഷം മാത്രം ജനിച്ച ചിലര്‍ രാഷ്ട്രീയം പറയുന്നത്.

ഇസ്‌ലാഹി പ്രസ്ഥാനത്തിന് അതിന്റേതായ കാഴ്ചപ്പാടുകളുണ്ട്. വേറിട്ട് നടക്കാനും വേറെ നിലപാടുകള്‍ സ്വീകരിക്കാനുമാണ് എല്ലാ കാലത്തും മുജാഹിദ് പ്രസ്ഥാനം ശ്രമിച്ചത്. നിങ്ങളുടെ ശത്രുത എന്തുകൊണ്ടാണ് എന്ന് ഞങ്ങള്‍ക്കറിയാം.

സമസ്തക്ക് മുജാഹിദ് പ്രസ്ഥാനത്തോട് വിരോധമുണ്ട്. മുജാഹിദ് പ്രസ്ഥാനത്തിലേക്ക് അതിഥികള്‍ വരുമ്പോള്‍, പ്രഭാഷകര്‍ വരുമ്പോളെല്ലാം സമസ്തയുടെ അരമനകളില്‍ നടക്കുന്ന ചര്‍ച്ചകളുടെ കാരണമെന്താണ് എന്ന് ഞങ്ങള്‍ക്കറിയാം.

മുജാഹിദ് പ്രസ്ഥാനം ശക്തിപ്പെടുമ്പോള്‍ കേരളത്തില്‍ ഏറ്റവുമധികം ദുര്‍ബലപ്പെടുക സമസ്തയാണ്. ദുര്‍വാശിയുടെ, ദുശ്ശാഠ്യത്തിന്റെ, പൗരോഹിത്യ കൂട്ടായ്മയുടെ പേരാണ് സമസ്ത എന്ന് പറയുന്നത്.

ആ സമസ്തയെ പോലുള്ള ഒരു സംഘടനയുടെ ചട്ടിയില്‍ മാത്രമേ ഞങ്ങള്‍ കിടക്കൂ എന്ന, അവരുപയോഗിക്കുന്ന ചട്ടമുപയോഗിച്ച് മാത്രമേ അവിടെനിന്നും മറിഞ്ഞ് വീഴുകയുള്ളൂ എന്ന തീരുമാനം ഉത്തരവാദിത്തപ്പെട്ട ആളുകള്‍ക്ക് ഉണ്ടായിക്കൂടാ.

സമസ്ത എന്താണ് എന്നും ആരാണ് എന്നും ഞങ്ങള്‍ക്കറിയാം. സമസ്ത എന്തിനാണ് മുജാഹിദ് പ്രസ്ഥാനത്തോട് ശത്രുത കാണിക്കുന്നത് എന്നും ഞങ്ങള്‍ക്കറിയം. മുസ്‌ലിം ലീഗ് പോലുള്ള കേരളത്തിലെ ഒരു രാഷ്ട്രീയ പ്രസ്ഥാനം ദുര്‍ബലപ്പെടുമ്പോള്‍ സമസ്തക്ക് വേദനിക്കില്ല.

ഒരു കുട്ടിക്ക് വേണ്ടി രണ്ട് അമ്മമാര്‍ രാജാവിന് മുന്നില്‍ അവകാശവാദം ഉന്നയിച്ചപ്പോള്‍ യഥാര്‍ത്ഥ അമ്മയെ തിരിച്ചറിയാന്‍ രാജാവ് പ്രയോഗിച്ച ഒരു യുക്തിയുണ്ട്. ഈ കുഞ്ഞിനെ രണ്ടാക്കി മുറിച്ച് രണ്ട് അമ്മമാര്‍ക്ക് വീതം വെച്ച് നല്‍കാമെന്ന് പറഞ്ഞു.

ഒരമ്മ അതിന് സമ്മതിച്ചു, പക്ഷെ മറ്റേ അമ്മ സമ്മതിച്ചില്ല. മറ്റവരുടെ കൂടെ പോയാലും കുഞ്ഞിനെ രണ്ടായി മുറിക്കരുതേ എന്ന് പറഞ്ഞു. കുഞ്ഞിനെ രണ്ട് കഷ്ണമാക്കിയാലും എനിക്കൊരു കഷ്ണം വേണം എന്ന് തീരുമാനിച്ച ആ അമ്മയുടെ സ്ഥാനത്താണ് ഇപ്പോള്‍ സമസ്ത,” പറഞ്ഞു.

നേരത്തെ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള, സി.പി.ഐ നേതാവ് ബിനോയ് വിശ്വം, ജോണ്‍ ബ്രിട്ടാസ് എം.പി എന്നിവര്‍ മുജാഹിദ് സമ്മേളന വേദിയില്‍ പങ്കെടുത്ത് നടത്തിയ പ്രസംഗവും ഏറെ ചര്‍ച്ചയായിരുന്നു.

Content Highlight: Criticism against Samastha in Mujahid conference Kozhikode