ആലത്തൂരിൽ ഞാൻ ചെലവഴിച്ചത് 1734 കോടി; രമ്യ ഹരിദാസിന്റെ പോസ്റ്ററിനെതിരെ വ്യാപക വിമർശനം
Kerala News
ആലത്തൂരിൽ ഞാൻ ചെലവഴിച്ചത് 1734 കോടി; രമ്യ ഹരിദാസിന്റെ പോസ്റ്ററിനെതിരെ വ്യാപക വിമർശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th March 2024, 10:00 pm

ആലത്തൂർ: ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ മാത്രം താൻ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 1734 കോടി രൂപ ചെലവഴിച്ചു എന്ന രമ്യ ഹരിദാസ് എം.പിയുടെ പോസ്റ്ററിനെതിരെ വ്യാപക വിമർശനം.

കേന്ദ്ര പദ്ധതിയായ തൊഴിലുറപ്പിലേക്ക് 1014 കോടി രൂപ വിനിയോഗിച്ചു എന്നാണ് അവകാശവാദം. കേന്ദ്രം സംസ്ഥാനങ്ങൾക്ക് ഈ പദ്ധതി പ്രകാരം വിഹിതം അനുവദിക്കുമെന്നതിനാൽ ഇതിൽ എം.പിയുടെ പങ്കെന്താണ് എന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നത്.

ഉജ്വല യോജന പ്രകാരം മണ്ഡലത്തിലെ 44,901 പേർക്ക് സൗജന്യ ഗ്യാസ് കണക്ഷൻ അനുവദിച്ചതും റെയിൽവേ വികസനത്തിനായി 71 കോടി അഞ്ച് ലക്ഷം രൂപ അനുവദിച്ചതും എം.പി തന്റെ നേട്ടങ്ങളായി നിരത്തുന്നുണ്ട്.

ഞാൻ എല്ലാ മണ്ഡലങ്ങൾക്കും കൂടി ഇത്ര തുക അനുവദിച്ചില്ലല്ലോ എന്ന് കേന്ദ്രം തന്നെ ചോദിച്ചുവെന്ന് എം.പിയുടെ പോസ്റ്റിന് താഴെ ഒരാൾ കമന്റ് ചെയ്തു.

ആലത്തൂരുകാർക്ക് വേണ്ടി പാടിയ പാട്ടിന് കൈയും കണക്കുമില്ലെന്നും അതുംകൂടി പറയണമെന്നും ഒരാൾ കമന്റ് ചെയ്തു.

അതേസമയം എം.പിമാർക്ക് അനുവദിച്ച ഏഴ് കോടി രൂപയിൽ 3.67 കോടി രൂപ മാത്രമാണ് രമ്യ ഹരിദാസ് വിനിയോഗിച്ചതെന്ന പത്ര വാർത്തകളും പലരും പങ്കുവെച്ചു.

എംബാപ്പേയെ വാങ്ങാനുള്ള ഫണ്ടിന് വേണ്ടി റയൽ മാഡ്രിഡ്‌ മാനേജ്മെന്റ് ആലത്തൂർ എം.പിയെ സമീപിച്ചതായുള്ള വാർത്ത ശരിയല്ലെന്ന് എം.പിയുടെ ഓഫീസ് അറിയിച്ചു എന്നായിരുന്നു സുഭാഷ് നാരായണൻ എന്നയാൾ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.

ആലത്തൂരിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ഉണ്ടാക്കിയ 3000 ചതുരശ്ര അടിക്ക് മുകളിലുള്ള വീടുകളെല്ലാം കണക്കിലുണ്ടെന്നാണ് എം.പിയെ പരിഹസിച്ചുകൊണ്ട് മറ്റൊരു കമന്റ്.

ലോക്സഭയിൽ പാട്ടുപാടാതിരിക്കാൻ ബാക്കിയുള്ള എല്ലാ എം.പിമാരും അവരവരുടെ എം.പി ഫണ്ടിൽ നിന്ന് ഷെയറിട്ടു കൊടുത്തതാണെന്ന് തോന്നുന്നു എന്നും പരിഹാസമുണ്ട്.

Content Highlight: Criticism against Remy Haridas MP for her claim on spending 1700 crores in Alathur Loksabha constituency