ന്യൂദല്‍ഹി: ഭാരത് ജോഡോ യാത്രക്കിടെ മുന്‍ പ്രധാനമന്ത്രിയും ബി.ജെ.പി നേതാവുമായ അടല്‍ ബിഹാരി വാജ്‌പേയിയുടെ ശവകുടീരം രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചിരുന്നു. രാഹുലിന്റ നടപടിക്കെതിരെ വലിയ വിമര്‍ശനമാണ് കേരളത്തില്‍ നിന്നടക്കമുള്ള രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്ന് ഉയരുന്നത്.
കോണ്‍ഗ്രസ് മുക്ത ഭാരതത്തിനായി പണിയെടുത്ത, ബി.ജെ.പിയെ ഇത്രത്തോളം വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വാജ്‌പേയിയുടെ ശവകുടീരം സന്ദര്‍ശിക്കുക വഴി എന്ത് സന്ദേശമാണ് രാഹുല്‍ നല്‍കുന്നതെന്നാണ് വിമര്‍ശനം.
സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുത്തതിന് പുറത്തുപോകേണ്ടിവന്ന കെ.വി. തോമസിന്റെ പാര്‍ട്ടിയുടെ നേതാവ് തന്നെയല്ലേ രാഹുലെന്നും ചിലര്‍ ചോദിച്ചു.
കോണ്‍ഗ്രസില്‍ നിന്ന് തന്നെ പരോക്ഷമായി വിഷയത്തില്‍ പ്രതികരണങ്ങള്‍ ഉണ്ടാകുന്നുണ്ട്. വാജ്‌പേയി ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഏജന്റായിരുന്നുവെന്നാണ് അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി കോ-ഓര്‍ഡിനേറ്റര്‍ ഗൗരവ് പാന്‍ഥി ട്വീറ്റ് ചെയ്തത്.
‘1942ല്‍ അടല്‍ ബിഹാരി വാജ്‌പേയി അടക്കമുള്ള എല്ലാ ആര്‍.എസ്.എസ് നേതാക്കളും ക്വിറ്റ് ഇന്ത്യ മൂവ്‌മെന്റ് ബഹിഷ്‌കരിച്ചു.
അതിന്റെ ഭാഗമാകുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ ബ്രിട്ടീഷ് സര്‍ക്കാരിന് ചോര്‍ത്തി നല്‍കുന്ന ഏജന്റായി പ്രവര്‍ത്തിക്കുകയായിരുന്നു,’ എന്നായിരുന്നു ഗൗരവ് പാന്ഥിയുടെ ട്വീറ്റ്. എന്നാല്‍ പിന്നീട് അദ്ദേഹം ഈ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.
എട്ട് വര്‍ഷമായി രാജ്യം ഭരിക്കുന്ന മോദി ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ സമാധിസ്ഥലത്ത് ഒരിക്കല്‍ പോലും പോയിട്ടില്ല. മാത്രമല്ല രാജ്യത്തെ പിന്നോട്ട് നയിച്ചത് നെഹ്‌റുവാണെന്നാണ് ഇപ്പോഴും ബി.ജെ.പി പറയുന്നത്. ഇങ്ങനെയുള്ള പശ്ചാത്തലത്തില്‍ രാഹുലിന്റെ നടപടി അനുജിതമാണെന്നന്നും ചിലര്‍ പറയുന്നു.
രാഹുലിന്റെ സന്ദര്‍ശനം നാടകമാണെന്നാണ് ബി.ജെ.പി ആരോപിച്ചത്. ഗൗരവ് പാന്ഥിയുടെ ട്വീറ്റ് ചൂണ്ടിക്കാട്ടിയായിരുന്നു ആരോപണം.
पूरे विश्व को प्रेम और अहिंसा की सीख दी है भारत की पवित्र भूमि ने। इन्ही आदर्शों को दिल में लिए, भारत मां के सपूतों के पदचिह्न देख, आगे बढ़ रहे हैं हम… pic.twitter.com/Dnei96W4G5
— Rahul Gandhi (@RahulGandhi) December 26, 2022
ക്യാമറക്ക് മുമ്പിലെ രാഹുല്‍ ഗാന്ധിയുടെ നാടകമാണ് വാജ്‌പേയി സമാധി സ്ഥലത്തെ സന്ദര്‍ശനം. വാജ്‌പേയി സ്മാരകത്തിലെത്തിയ രാഹുല്‍ എന്തുകൊണ്ടാണ് നരസിംഹറാവുവിന്റെ സമാധിസ്ഥലം സന്ദര്‍ശിക്കാത്തതെന്നും ബി.ജെ.പി ചോദിച്ചു.
അതേസമയം, ആദ്യമായാണ് രാഹുല്‍ വാജ്‌പേയിയുടെ സമാധിയായ സദൈവ് അടല്‍ സന്ദര്‍ശിച്ചതും ആദരമര്‍പ്പിച്ചതും.