ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ഏകദിന പരമ്പരയും അവസാനിച്ചിരിക്കുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ സീരീസ് 2-1ന് വിജയിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമിയില്‍ നടന്ന സീരീസ് ഡിസൈഡര്‍ മത്സരത്തില്‍ 200 റണ്‍സിന് ആതിഥേയരെ പരാജയപ്പെടുത്തിയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.
പരമ്പരയില്‍ ഇന്ത്യ വിജയിച്ചെങ്കിലും ആരാധകര്‍ ഒട്ടും തൃപ്തരല്ല. ലോകകപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ ഇന്ത്യ ലൈന്‍ അപ്പില്‍ വരുത്തുന്ന അനാവശ്യ മാറ്റങ്ങളും പരീക്ഷണങ്ങളും ചൂണ്ടിക്കാണിച്ചാണ് ആരാധകര്‍ രംഗത്തെത്തിയത്.
മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഒറ്റ മത്സരത്തില്‍ മാത്രമാണ് ബാറ്റ് ചെയ്ത്, അതും തന്റെ നാച്ചുറല്‍ പൊസിഷനില്‍ നിന്നും മാറി. ആദ്യ മത്സരത്തില്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യേണ്ട രോഹിത് കളത്തിലിറങ്ങിയത് ഏഴാം നമ്പറിലാണ്. 19 പന്ത് നേരിട്ട് 12 റണ്‍സാണ് രോഹിത് നേടിയത്.
വിരാട് കോഹ്‌ലിയാകട്ടെ ആദ്യ മത്സരത്തില്‍ മാത്രമാണ് ഇറങ്ങിയത്. ഒരു ഇന്നിങ്‌സില്‍ പോലും ബാറ്റ് ചെയ്യാനും സാധിച്ചിരുന്നില്ല.
വിരാടിനും രോഹിത്തിനും കളിക്കാന്‍ അവസരം നല്‍കാത്തതില്‍ ആരാധകര്‍ ഏറെ കലിപ്പിലാണ്. ലോകകപ്പില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയെ താങ്ങിനിര്‍ത്തേണ്ട ഇരുവരെയും ഒഴിവാക്കിയതിലൂടെ കോച്ച് രാഹുല്‍ ദ്രാവിഡ് എന്താണ് ഉദ്ദേശിക്കുന്നത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
ഏകദിന വേള്‍ഡ് കപ്പിന് മുമ്പ് ഇന്ത്യ ഇനി ഏഷ്യാ കപ്പില്‍ മാത്രമേ ഏകദിന ഫോര്‍മാറ്റില്‍ കളിക്കുകയുള്ളൂ. അതിന് മുമ്പ് നടക്കുന്ന ബൈലാറ്ററല്‍ സീരീസില്‍ മാക്‌സിമം മത്സരങ്ങളില്‍ കളിക്കാന്‍ അവസരം നല്‍കി ഫോമിലെത്തിക്കുന്നത്തിക്കുന്നതിന് പകരം എന്തിനാണ് ഇത്തരത്തില്‍ ആവശ്യമില്ലാത്ത പരീക്ഷണങ്ങള്‍ക്ക് മുതിരുന്നതെന്നും ആരാധകര്‍ ചോദിക്കുന്നു.
ഇന്ത്യയുടെ ലോകകപ്പ് ക്യാമ്പെയ്‌നില്‍ ഇല്ലാത്ത ഋതുരാജ് ഗെയ്ക്വാദിനെ ഇപ്പോള്‍ എന്തിന്റെ അടിസ്ഥാനത്തിലാണ് മൂന്നാം ഏകദിനത്തില്‍ ഉള്‍പ്പെടുത്തിയതെന്നും ആരാധകര്‍ സംശയമുയര്‍ത്തുന്നുണ്ട്.
ദ്രാവിഡ് ഇന്ത്യന്‍ ടീമിനെ നശിപ്പിക്കുകയാണെന്നും ക്യാപ്റ്റനായി 2007 ലോകകപ്പ് തോല്‍പിച്ച ദ്രാവിഡ് കോച്ചിന്റെ റോളില്‍ 2023 ലോകകപ്പും തോല്‍പിക്കാന്‍ പോകുന്നു എന്ന് തുടങ്ങി സോഷ്യല്‍ മീഡിയയില്‍ രാഹുല്‍ ദ്രാവിഡിനെതിരെ വിമര്‍ശന ശരങ്ങള്‍ ഉയരുകയാണ്.
എന്നാല്‍, ലോകകപ്പിന് മുമ്പ് താരങ്ങള്‍ക്ക് വിശ്രമം ലഭിക്കുന്നതിന് വേണ്ടിയാണ് ദ്രാവിഡ് ഇങ്ങനെ ചെയ്തതെന്ന് പറയുന്നവരും കുറവല്ല.
അതേസമയം, പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 200 റണ്‍സിന്റെ പടുകൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഓപ്പണര്‍മാരായ ഇഷാന്‍ കിഷനും (64 പന്തില്‍ 77) ശുഭ്മന്‍ ഗില്ലും (92 പന്തില്‍ 85) അര്‍ധ സെഞ്ച്വറി തികച്ചപ്പോള്‍ നാലാം നമ്പറില്‍ ഇറങ്ങിയ സഞ്ജു സാംസണും (41 പന്തില്‍ 51) അഞ്ചാമന്‍ ഹര്‍ദിക് പാണ്ഡ്യയും (52 പന്തില്‍ 70*) അര്‍ധ സെഞ്ച്വറി തികച്ചു.
ഒടുവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സിന്റെ പടുകൂറ്റന്‍ ടോട്ടല്‍ ഇന്ത്യ പടുത്തുയര്‍ത്തി.
352 റണ്‍സ് ചെയ്‌സ് ചെയ്തിറങ്ങിയ വിന്‍ഡീസ് 36ാം ഓവറിലെ മൂന്നാം പന്തില്‍ 151 റണ്‍സിന് ഓള്‍ ഔട്ടായി. ഇന്ത്യക്കായി ഷര്‍ദുല്‍ താക്കൂര്‍ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുകേഷ് കുമാര്‍ മൂന്ന് വിക്കറ്റും സ്വന്തമാക്കി. കുല്‍ദീപ് യാദവ് രണ്ടും ജയ്‌ദേവ് ഉനദ്കട് ഒരു വിക്കറ്റും വീഴ്ത്തിയതോടെ വിന്‍ഡീസ് വധം പൂര്‍ത്തിയായി.