| Friday, 9th September 2022, 3:19 pm

എലിസബത്ത് രാജ്ഞിയുടെ മരണത്തില്‍ വേദനയില്ലെന്ന് പറയുന്നവരും അവരുടെ കാരണങ്ങളും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിയുടെ മരണത്തെ വ്യത്യസ്തമായ രീതിയിലാണ് ലോകം നോക്കികാണുന്നത്. ബ്രിട്ടന്റെ കൊളോണിയല്‍ ചരിത്രവും എലിസബത്ത് രാജ്ഞി വിവിധ രാജ്യങ്ങളോട് സ്വീകരിച്ച നടപടികളുടെയും അടിസ്ഥാനത്തിലാണ് ലോകത്തിന്റെ വിവിധ ജനവിഭാഗങ്ങള്‍ മരണത്തോട് പ്രതികരിച്ചിട്ടുള്ളത്.

ബ്രിട്ടണ്‍ കോളനിയാക്കിയിരുന്ന രാജ്യങ്ങളിലെയടക്കം വിവിധ രാഷ്ട്രങ്ങളുടെ അധികാരികള്‍ ഔദ്യോഗികമായി അനുശോചനം അറിയിച്ചിട്ടുണ്ടെങ്കിലും, ജനങ്ങള്‍ അങ്ങനെയല്ല പ്രതികരിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വരുന്ന പ്രതികരണങ്ങളില്‍ തന്നെ ഈ വ്യത്യാസം പ്രകടമാണ്.

നേരത്തെ ബ്രിട്ടീഷ് കോളനികളായിരുന്ന അയര്‍ലാന്‍ഡ്, ഇന്ത്യ, പാകിസ്ഥാന്‍, ബാര്‍ബഡോസ്, സാംബിയ തുടങ്ങി സൂര്യന്‍ അസ്തമിക്കാത്ത രാജ്യത്തിന്റെ ക്രൂരതകള്‍ക്ക് ഇരയാകേണ്ടി വന്ന നിരവധി രാജ്യങ്ങളിലെ ജനങ്ങളാണ് രാഞ്ജിയുടെ മരണത്തില്‍ അനുശോചനത്തിനപ്പുറം ചില വിഷയങ്ങള്‍ ഉന്നയിച്ച് എത്തിയിരിക്കുന്നത്.

യുദ്ധകുറ്റവാളികളായ നിരവധി പേരെ എലിസബത്ത് രാജ്ഞി ആദരിച്ചതിന്റെ രേഖകളും ദൃശ്യങ്ങളും ഇക്കൂട്ടത്തിലുണ്ട്. ബ്രിട്ടീഷ് സാമ്രാജ്യം മറ്റു രാജ്യങ്ങളില്‍ നിന്നും കവര്‍ന്നെടുത്ത എണ്ണിയാലൊടുങ്ങാത്ത സ്വത്തുക്കള്‍ തിരിച്ചുനല്‍കാനോ രാജ്യങ്ങളെ കോളനികളാക്കി ഭരിച്ച കാലത്ത് ചെയ്തുകൂട്ടിയ അതിക്രമങ്ങളില്‍ മാപ്പ് പറയാനോ അവര്‍ ഒരിക്കല്‍ പോലും തയ്യാറായിട്ടില്ല. ബ്രിട്ടണ്‍ മറ്റ് രാജ്യങ്ങളെ കോളനികളാക്കിയിരുന്നു എന്ന ചരിത്രത്തെ ഏറ്റവും കൂടുതല്‍ ഭരണത്തിലിരുന്ന ഈ അധികാരി സമ്മതിക്കാന്‍ തയ്യാറായിട്ടില്ല എന്ന വസ്തുതയും ഇവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

രാജ്ഞിയുടെ കിരീടത്തിലെ രത്‌നം പോലും ഇന്ത്യയില്‍ നിന്നും കൊണ്ടുപോയ കോഹിനൂറാണ്. രണ്ടാം ലോകമഹായുദ്ധകാലത്ത് പശ്ചിമ ബംഗാളില്‍ പട്ടിണിയില്‍ പതിനായിരങ്ങള്‍ മരിക്കാന്‍ കാരണം ഇതേ രാജ്ഞിയുടെ നയങ്ങളായിരുന്നു.

ബ്രിട്ടീഷ് ഭരണകൂടം നേരിട്ട് നടത്തുകയും ലാഭം കൊയ്യുകയും ചെയ്തിരുന്ന അടിമവ്യാപാരത്തെയും ഈ രാജ്ഞി സൗകര്യപൂര്‍വ്വം മറന്നുകളയുകയായിരുന്നു. തദ്ദേശീയരായ നിരവധി ഗോത്രവിഭാഗങ്ങളെ വംശഹത്യ ചെയ്തില്ലാതാക്കിയതും ഇതേ രാജ്ഞിയുടെ കാലത്താണ്.

വംശീയത കാത്തുസൂക്ഷിക്കുകയും വംശവെറിയന്മാരായ പലരെയും വൈറ്റ് വാഷ് ചെയ്യുകയും ചെയ്ത വ്യക്തി കൂടിയാണിവരെന്നും പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. ബ്രിട്ടീഷ് രാജകുടുംബാംഗമായ ഹാരി കറുത്ത വര്‍ഗക്കാരിയായ മേഗന്‍ മെര്‍ക്കലിനെ വിവാഹം ചെയ്തതിന് ശേഷമുണ്ടായ പ്രശ്നങ്ങളും 2020ല്‍ അവര്‍ രാജകീയ പദവികള്‍ ഉപേക്ഷിച്ചിറങ്ങിയതും വലിയ ചര്‍ച്ചയായിരുന്നു.

‘പിടിച്ചുപറിയും ലൈംഗികാതിക്രമങ്ങളും വംശഹത്യയും നടത്തിയ ഒരു സാമ്രാജ്യത്തിന്റെ പരമാധികാരി’ എന്നായിരുന്നു എഴുത്തുകാരിയും ഗവേഷകയുമായ ഉജു അന്യ എലിസബത്ത് രാജ്ഞിയെ വിശേഷിപ്പിച്ചത്.

കെനിയന്‍ കാര്‍ട്ടൂണിസ്റ്റ് പാട്രിക് ഗഥാര ഇക്കഴിഞ്ഞ ജൂണില്‍ ചെയ്ത ഒരു ട്വീറ്റും സമാനമായിരുന്നു. ‘കെനിയയെ കോളനിയാക്കി ഭരിച്ച ബ്രിട്ടണ്‍ അവിടെ ചെയ്ത അടിച്ചമര്‍ത്തലുകളിലോ, പീഡനങ്ങളിലോ, മാപ്പ് പോയിട്ട്, ഇന്ന് ഈ ദിവസം വരെ അങ്ങനെ സംഭവിച്ചിരുന്നുവെന്ന് പരസ്യമായി അംഗീകരിക്കാന്‍ പോലും എലിസബത്ത് രാജ്ഞി തയ്യാറായിട്ടില്ല,’ എന്നാണ് പാട്രിക് ഗഥാര ട്വീറ്റില്‍ പറയുന്നത്.

കെനിയയില്‍ ബ്രിട്ടണ്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ നിര്‍മിക്കുകയും മൗ മൗ ജനതയുടെ മുന്നേറ്റത്തെ ഇല്ലാതാക്കുകയും ചെയ്തിരുന്നു.

എലിസബത്ത് രാജ്ഞിയെ കുറിച്ചുള്ള വിമര്‍ശനങ്ങളെ ബ്രിട്ടീഷ് ജനത വ്യാപകമായി എതിര്‍ക്കുന്നുണ്ട്. മരണപ്പെട്ട ഒരാളെ കുറിച്ച് ഇത്തരത്തില്‍ സംസാരിക്കുന്നത് മനുഷ്യത്വരഹിതമാണെന്നാണ് ഇവരില്‍ പലരും എഴുതിയിരിക്കുന്നത്.

എന്നാല്‍ വര്‍ഷങ്ങളോളം തങ്ങളെ അടക്കിഭരിക്കുകയും എണ്ണിയാലൊടുങ്ങാത്ത ക്രൂരതകള്‍ക്ക് ഇരയാക്കുകയും ചെയ്ത ഒരു രാജ്യത്തിലെ, അതിനെല്ലാം ഉത്തരവാദിയായ ഭരണാധികാരി മരിക്കുമ്പോള്‍ ഇങ്ങനെയല്ലാതെ മറ്റെങ്ങനെയാണ് പ്രതികരണമുണ്ടാവുക എന്നാണ് പലരും തിരിച്ചു ചോദിക്കുന്നത്.

ബ്രിട്ടീഷ് ജനതക്ക് മേല്‍ വലിയ സ്വാധീനമാണ് രാജകുടുംബത്തിനുള്ളത്. രാജഭരണത്തെ എതിര്‍ക്കുന്നവരില്‍ ഈ വിധേയത്വം കാണാനാകുമെന്ന് സാമൂഹ്യനിരീക്ഷകര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അധികാരത്തിന് പരിധികള്‍ വന്നിട്ടുണ്ടെങ്കിലും ബ്രിട്ടന്റെ സാമൂഹ്യ-സാംസ്‌കാരിക മേഖലകളിലെല്ലാം ഇന്നും രാജകുടുംബം വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ഇതിന്റെ പ്രതിഫലനമാണ് എലിസബത്ത് രാജ്ഞിക്കെതിരെയുള്ള വിമര്‍ശനങ്ങളോട് ബ്രിട്ടീഷ് ജനത പ്രതികരിക്കുന്ന രീതിയെന്നാണ് ഇതേ കുറിച്ചുയരുന്ന നിരീക്ഷണങ്ങള്‍.

സ്‌കോട്ടലന്റിലെ ബാല്‍മോറല്‍ കാസിലില്‍ വെച്ചായിരുന്നു ഇന്നലെ രാത്രിയോടെ എലിസബത്ത് രാഞ്ജി മരണപ്പെട്ടത്. മരണ സമയത്ത് കീരീടാവകാശിയായ ചാള്‍സ് രാജകുമാരനും ഭാര്യ കാമിലയും രാജ്ഞിയുടെ മകള്‍ പ്രിന്‍സസ് ആനിയും ബാല്‍മോറല്‍ കാസിലില്‍ ഒപ്പമുണ്ടായിരുന്നു.

ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഡോക്ടര്‍മാരുടെ പരിചരണത്തിലായിരുന്നു ഇവര്‍. ജൂലായ് മുതല്‍ രാജ്ഞി ബാല്‍മോറലിലെ വേനല്‍ക്കാല വസതിയിലാണ് താമസം. ബ്രിട്ടനില്‍ ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച രാജ്ഞിയാണ് എലിസബത്ത്.

Content Highlight: Criticism against Queen Elizabeth

We use cookies to give you the best possible experience. Learn more