| Thursday, 30th December 2021, 11:43 pm

ഫേസ്ബുക്ക് പോസ്റ്റുകളുടെ പേരില്‍ നിലവാരമില്ലാത്ത എം.എല്‍.എ എന്ന് വിമര്‍ശനം; 'വിധിക്കപ്പെടാതിരിക്കാന്‍ നിങ്ങളും വിധിക്കരുതെന്ന്' അന്‍വറിന്റെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിലമ്പൂര്‍: നിരന്തരമായ ആക്ഷേപഹാസ്യ ഫേസ്ബുക്ക് പോസ്റ്റുകളുടെ പേരില്‍ പി.വി. അന്‍വറിനെതിരെ വിമര്‍ശനം. നിലവാരമില്ലാത്ത ഇടപെടലുകളാണ് എം.എല്‍.എ ഫേസ്ബുക്കില്‍ നടത്തുന്നതെന്നാണ് വിമര്‍ശനം.

രാഹുല്‍ ഗാന്ധിയുടെ വിദേശ യാത്രയെ ട്രോളിയുള്ള അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് ആളുകള്‍ വിമര്‍ശനവുമായി എത്തിയത്. ശ്രദ്ധിക്കപ്പെടാനാണ് അന്‍വര്‍ നിരന്തരമായുള്ള ആക്ഷേപ പോസ്റ്റുമായി വരുന്നതെന്നാണ് ആരോപണം.

എന്നാല്‍ ഇത്തരം വമര്‍ശനങ്ങള്‍ക്ക് മറുപടിയായി അന്‍വര്‍ തന്നെ മറ്റൊരു പോസ്റ്റുമായി രംഗത്തെത്തുവന്നു. നിലവാരത്തിന്റെ അളവുകോലുമായി ഒരാളും വരേണ്ടതില്ലെന്നും വിധിക്കപ്പെടാതിരിക്കാന്‍ നിങ്ങളും വിധിക്കരുതെന്നും അന്‍വര്‍ പറഞ്ഞു.

‘നിലവാരത്തിന്റെ അളവുകോലുമായി ഒരാളും വരേണ്ടതില്ല. പൊളിറ്റിക്കല്‍ കറക്ട്‌നസ്സൊക്കെ എടുത്ത് അട്ടത്ത് വച്ചിട്ടുണ്ട്. യേശുദേവന്‍ പറഞ്ഞതേ നിങ്ങളോടും പറയാനുള്ളു.

വിധിക്കപ്പെടാതിരിക്കാന്‍ നിങ്ങളും വിധിക്കരുത്. നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ തന്നെ നിങ്ങളും വിധിക്കപ്പെടും. നിങ്ങള്‍ അളക്കുന്ന അളവുകൊണ്ടു തന്നെ നിങ്ങള്‍ക്കും അളന്നുകിട്ടും. അതിനി മൂത്ത കോണ്‍ഗ്രസായാലും ശരി, യൂത്ത് കോണ്‍ഗ്രസ് ആയാലും ശരി, സൈബര്‍ കോണ്‍ഗ്രസായാലും ശരി,’ അന്‍വര്‍ ഫേസ്ബുക്കില്‍ എഴുതി.

രാഹുല്‍ ഗാന്ധി പട്ടായ ജയിലിലെന്ന് അഭ്യൂഹം, ഞങ്ങടെ എം.പീനേ പട്ടായ ജയിലില്‍ നിന്ന് വിട്ട് തരൂ പ്രസിഡന്റേ. ആരും അഭ്യൂഹങ്ങള്‍ പരത്തരുതെന്നുമായിരുന്നു അന്‍വറിന്റെ ആദ്യ പോസ്റ്റ്.

അന്‍വറിന്റെ സിയാറ ലിയോണ്‍ യാത്രയെ പരിഹസിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ നടത്തിയ പ്രചാരണത്തിന് സമാനമായാണ് അന്‍വറിന്റെ ട്രോള്‍ പോസ്റ്റ്. തായ്‌ലന്‍ഡ് നാഷണല്‍ അസംബ്ലിയുടെ പ്രസിഡന്റിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ലിങ്ക് ഷെയര്‍ ചെയ്തുകൊണ്ടാണ് അന്‍വറിന്റെ പരിഹാസം.

ബിസിനസ് ആവശ്യത്തിനായി പി.വി. അന്‍വര്‍ ആഫ്രിക്കയിലെ സിയാറ ലിയോണില്‍ പോയപ്പോള്‍ കോണ്‍ഗ്രസ് സൈബര്‍ അണികളുടെ ഭാഗത്ത് നിന്ന് സമാനമായ രീതിയിലുള്ള പരിഹാസം നേരിട്ടിരുന്നു. അതിന് അതേ രീതിയില്‍ തിരിച്ചടിക്കുകയാണ് പി.വി. അന്‍വര്‍.

‘ആരും അഭ്യൂഹങ്ങള്‍ പരത്തരുത്. അദ്ദേഹം മിക്കവാറും പട്ടായയിലുണ്ടാവും. തായ്‌ലന്‍ഡ് നാഷണല്‍ അസംബ്ലിയുടെ പ്രസിഡന്റിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ലിങ്ക് ഇവിടെ ഷെയര്‍ ചെയ്യുന്നു.

ഇന്ത്യക്കാരനായ ഒരു യുവാവിനെ കാണാനില്ല, പട്ടായയില്‍ ആണെന്ന് അഭ്യൂഹം, അദ്ദേഹം അവിടെ ജയിലിലാണെന്ന് പറയപ്പെടുന്നു, അദ്ദേഹത്തെ മോചിപ്പിക്കണം എന്ന സൈബര്‍ കോണ്‍ഗ്രസ് നിലവാരത്തിലുള്ള കമന്റുകള്‍ ആരും ആ പേജില്‍ പോയി ഇട്ടേക്കരുത്..പതുക്കെ..പതുക്കെ..പൊങ്കാല ഇട്ടാല്‍ മതി,’ അന്‍വര്‍ എഴുതി.

പക, അത് വീട്ടാനുള്ളതാണ്. വീട്ടുക തന്നെ ചെയ്യും, ഒന്ന് കിട്ടിയാല്‍ പത്തായി തിരിച്ചും കൊടുക്കുമെന്നാണ്  മറ്റൊരു പോസ്റ്റില്‍ അന്‍വര്‍ കുറിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Criticism against  PV Anvar in the name of constant satirical Facebook posts

We use cookies to give you the best possible experience. Learn more