കോഴിക്കോട്: ബി.ജെ.പി തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ സംസ്ഥാനനേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം. യു.ഡി.എഫിനെ സഹായിക്കാന്‍ പിഎസ് ശ്രീധരന്‍പിള്ള ഇടപെട്ട് ദുര്‍ബല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയെന്നാണ് ആരോപണം. എം.ടി രമേശ് അനുകൂലികളാണ് വിമര്‍ശനം ഉന്നയിച്ചത്.
കോഴിക്കോട്ട് യു.ഡി.എഫിനെ സഹായിക്കാനാണ് ബി.ജെ.പി ദുര്‍ബല സ്ഥാനാര്‍ത്ഥിയെ മല്‍സരിപ്പിച്ചതെന്ന ആരോപണം തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ തന്നെ ഉയര്‍ന്നിരുന്നു.
പി.കെ കൃഷ്ണദാസിന്റ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ ഇക്കാര്യം ഉയര്‍ത്തിക്കാട്ടി ഒരു വിഭാഗം സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.
യു.ഡി.എഫിന് വോട്ട് മറിക്കാന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള തന്നെ ഇടപെട്ടാണ് അപ്രസക്തനായ സ്ഥാനാര്‍ത്ഥിയെ മല്‍സരിപ്പിച്ചതെന്നായിരുന്നു ആരോപണം.
കോഴിക്കോട് പ്രധാനപ്പെട്ട എതെങ്കിലും നേതാക്കള്‍ തന്നെ മത്സരിക്കുമെന്നായിരുന്നു ബി.ജെ.പി പ്രവര്‍ത്തകര്‍ കരുതിയിരുന്നത്. എം.ടി രമേശ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ കോഴിക്കോട് സീറ്റിന് വേണ്ടി ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ശ്രീധരന്‍പിള്ള പേര് വെട്ടുകയായിരുന്നു എന്നാണ് രമേശ് അനുകൂലികളുടെ ആരോപണം.
കോഴിക്കോട് രമേശിന് സ്ഥാനാര്‍ത്ഥിത്വം ലഭിക്കാതായതോടെ കൃഷദാസ് പക്ഷവും രമേശ് പക്ഷവും പ്രചാരണത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയും ചെയ്തിരുന്നു. ശബരിമല കേസുമായി ബന്ധപ്പെട്ട് പി.കെ പ്രകാശ് ബാബു ജയിലിലുള്ള സമയത്താണ് കോഴിക്കോട് സ്ഥാനാര്‍ത്ഥിയായി അദ്ദേഹത്തെ പ്രഖ്യാപിച്ചത്. ഇതിനെതിരെ അന്ന് തന്നെ പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായഭിന്നത ഉടലെടുത്തിരുന്നു.