| Tuesday, 20th April 2021, 10:57 pm

വാക്‌സിനെ കുറിച്ച് ഒരക്ഷരം മിണ്ടാത്ത മോദി; പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ രൂക്ഷവിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് രണ്ടാം തരംഗം അതിതീവ്രമായി പടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിനെതിരെ വിമര്‍ശനമുയരുന്നു. വാക്‌സിന്‍ ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അതേകുറിച്ച് പ്രധാനമന്ത്രി വ്യക്തമായി പ്രതികരിച്ചില്ലെന്നാണ് പ്രധാന വിമര്‍ശനം.

രാജ്യത്തെ പൗരന്മാര്‍ക്കെല്ലാം സൗജന്യമായി വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് താന്‍ കരുതിയിരുന്നതെന്ന് ഛത്തീസ്ഗഡ് മന്ത്രി ടി. എസ് സിംഗ് ഡിയോ പറഞ്ഞു. എന്നാല്‍ വാക്‌സിന്‍ നിര്‍മ്മാണം എങ്ങനെ വര്‍ധിപ്പിക്കുമെന്നതിനെ കുറിച്ചോ അതിന് ശേഷം സംസ്ഥാനങ്ങള്‍ക്ക് എത്ര ഡോസ് വാക്‌സിന്‍ നല്‍കുമെന്നതിനോ കുറിച്ചോ പ്രധാനമന്ത്രി പ്രതിപാദിച്ചേയില്ലെന്ന് സിംഗ് ഡിയോ കുറ്റപ്പെടുത്തി. എ.എന്‍.ഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രാജ്യത്ത് കഴിഞ്ഞ വര്‍ഷം മുതല്‍ തന്നെ വാക്‌സിനുള്ള ഗവേഷണം ആരംഭിച്ചുവെന്നും രാപ്പകലില്ലാതെ അധ്വാനിച്ചാണ് ശാസ്ത്രഞ്ജര്‍ വാക്‌സിന്‍ വികസിപ്പിച്ചതെന്നുമാണ് പ്രധാനമന്ത്രി പ്രസംഗത്തില്‍ പറഞ്ഞത്. രണ്ട് മെയ്ഡ് ഇന്‍ ഇന്ത്യ വാക്‌സിനുകള്‍ നിര്‍മ്മിക്കാനായെന്നും ലോകത്ത് വെച്ച് തന്നെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ത്യയില്‍ വാക്‌സിന്‍ നല്‍കുന്നതെന്നും നരേന്ദ്ര മോദി പറഞ്ഞു.

കൊവിഡ് മുന്നണിപ്പോരാളികളേയും വലിയ തോതില്‍ മുതിര്‍ന്ന പൗരന്‍മാരെയും ഇതിനോടകം വാക്‌സീനേറ്റ് ചെയ്ത് കഴിഞ്ഞു. രാജ്യത്തെ 18 വയസിന് മുകളില്‍ പ്രായമുള്ള മുഴുവന്‍ ആളുകള്‍ക്കും വാക്‌സിന്‍ നല്‍കാന്‍ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് നിര്‍മ്മിക്കുന്ന വാക്‌സിനുകളില്‍ പകുതി സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് വാങ്ങാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച, 18 വയസ്സുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതുമായും വാക്‌സിന്‍ നിര്‍മ്മാണ കമ്പനികളില്‍ നിന്നും നേരിട്ട് വാങ്ങുന്നതുമായും ബന്ധപ്പെട്ടുയര്‍ന്ന ആശങ്കകളോട് പ്രധാനമന്ത്രി പ്രതികരിച്ചില്ല.

മേയ് ഒന്ന് മുതല്‍ 18 വയസ് പൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുമ്പോഴും ചെലവ് വരുന്നത് സംസ്ഥാന സര്‍ക്കാരുകള്‍ക്കും വ്യക്തികള്‍ക്കുമാണെന്ന് വിദഗ്ധര്‍ കഴിഞ്ഞ ദിവസം തന്നെ ചൂണ്ടിക്കാട്ടിയായിരുന്നു.

വാക്‌സിന്‍ നിര്‍മാതാക്കള്‍ ഉത്പാദിപ്പിക്കുന്ന ഡോസുകളുടെ 50 ശതമാനം കേന്ദ്ര സര്‍ക്കാരിന് നല്‍കണം. അവശേഷിക്കുന്ന 50 ശതമാനത്തില്‍ നിന്നാകും സംസ്ഥാന സര്‍ക്കാരുകള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും വാങ്ങാനാകുക.

മുന്‍കൂട്ടി നിശ്ചയിച്ച തുകയ്ക്കാകും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വാക്‌സിന്‍ നിര്‍മാതാക്കളില്‍ നിന്ന് വാങ്ങാനാകുക. വാക്‌സിന്‍ സൗജന്യമായി നല്‍കണോ ജനങ്ങളില്‍ നിന്ന് പണം ഈടാക്കണോ എന്നത് ഇതോടെ സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്തമായി മാറുമെന്നും ഇത് വലിയ സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടാക്കുമെന്നും നിരവധി പേരാണ് ചൂണ്ടിക്കാട്ടിയിരുന്നത്.

കൊവിഡ് 19 വാക്സിന്‍ വിതരണത്തിനുള്ള കേന്ദ്രത്തിന്റെ നയങ്ങളില്‍ മാറ്റം വരുത്തി സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വാക്സിന്‍ നല്‍കണമെന്ന് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ രംഗത്തുവന്നിരുന്നു. ഈ ആവശ്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയ്ക്ക് കത്തയക്കുകയും ചെയ്തിരുന്നു.

പൊതു വിപണിയിലേക്ക് പ്രത്യേക ക്വാട്ട അനുവദിക്കുകയും അതിന് താങ്ങാവുന്ന വില നിശ്ചയിക്കുകയുമാണ് വേണ്ടതെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തുവെന്ന് പിണറായി വിജയന്‍ പറഞ്ഞു.

ആരോഗ്യപരിപാലനം സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ ബാധ്യതയാണ്. അത് നിറവേറ്റുന്നതിനു സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ ക്വാട്ട ഉറപ്പാക്കുകയും മഹാമാരിയുടെ സാഹചര്യത്തില്‍ അത് സൗജന്യമായി നല്‍കുകയും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാക്സിന്റെ കാര്യത്തില്‍ പൊതുവിപണിയിലെ ബിസിനസുകാരോട് മത്സരിക്കാന്‍ സംസ്ഥാനങ്ങളെ തള്ളിവിടരുതെന്ന് കത്തിലൂടെ അഭ്യര്‍ത്ഥിച്ചുവെന്നും കേന്ദ്രസര്‍ക്കാര്‍ ചാനല്‍ എന്നതിന് പകരം കേന്ദ്രവും സംസ്ഥാന സര്‍ക്കാരുകളും അടങ്ങുന്ന ഗവണ്‍മെന്റ് ചാനലാണ് വേണ്ടതെന്നും നിര്‍ദ്ദേശിച്ചുവെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Criticism against PM Narendra Modi’s speech as he did not address the real vaccine issues

We use cookies to give you the best possible experience. Learn more