ലീഗ് യോഗത്തില്‍ വിമര്‍ശനം; രാജി ഭീഷണി മുഴക്കി കുഞ്ഞാലിക്കുട്ടി
Kerala News
ലീഗ് യോഗത്തില്‍ വിമര്‍ശനം; രാജി ഭീഷണി മുഴക്കി കുഞ്ഞാലിക്കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th July 2022, 10:38 pm

മലപ്പുറം: മുസ്‌ലിം ലീഗ് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നതിന് പിന്നാലെ രാജി ഭീഷണി മുഴക്കി എം.എല്‍.എ പി.കെ. കുഞ്ഞാലിക്കുട്ടി.

ലീഗ് യോഗത്തില്‍ വെച്ച് വിവിധ നേതാക്കള്‍ വിമര്‍ശനമുയര്‍ത്തിയതിന് പിന്നാലെ താന്‍ രാജി എഴുതി നല്‍കാന്‍ തയാറാണെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

എറണാകുളത്ത് വെച്ചായിരുന്നു മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി യോഗം ചേര്‍ന്നത്.

പി.കെ. ബഷീര്‍ എം.എല്‍.എ, ലീഗ് സംസ്ഥാന സെക്രട്ടറിമാരായ കെ.എം. ഷാജി, കെ.എസ്. ഹംസ എന്നീ മൂന്ന് നേതാക്കളാണ് യോഗത്തില്‍ വെച്ച് കുഞ്ഞാലിക്കുട്ടിയെയും ലീഗിന്റെ ഇപ്പോഴത്തെ നയങ്ങളെയും രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയത്.

ചന്ദ്രിക ദിനപത്രത്തിന്റെ ഫണ്ടില്‍ സുതാര്യത ഇല്ലെന്ന് പി.കെ. ബഷീര്‍ പറഞ്ഞു. പിരിക്കുന്ന ഫണ്ട് എങ്ങോട്ടാണ് പോകുന്നതെന്ന് ചോദിച്ച പി.കെ. ബഷീര്‍ ഫണ്ടില്‍ സുതാര്യത വേണമെന്നും സമുദായത്തിന്റെ പണം ധൂര്‍ത്തടിക്കരുതെന്നും പറഞ്ഞു.

കെ.എം. ഷാജിയും സമാനമായ വിമര്‍ശനമുന്നയിച്ചു.

കുഞ്ഞാലിക്കുട്ടി യു.ഡി.എഫിലാണോ എല്‍.ഡി.എഫിലാണോ എന്ന് സംശയമാണെന്ന് യോഗത്തില്‍ കെ.എസ്. ഹംസ വിമര്‍ശിച്ചു. ഈ പരാമര്‍ശമാണ് യോഗത്തില്‍ തര്‍ക്കവിഷയമായി മാറിയതെന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

കെ.എസ്. ഹംസയുടെ പരാമര്‍ശത്തിന് പിന്നാലെ കുഞ്ഞാലിക്കുട്ടി പ്രകോപിതനായെന്നും, ‘ഒരു വെള്ളക്കടലാസ് തരൂ, ഉടനെ രാജി എഴുതി നല്‍കാം,’ എന്ന തരത്തില്‍ പ്രതികരിച്ചതായാണ് റിപ്പോര്‍ട്ട്. ഇതോടെ യോഗത്തില്‍ വലിയ വാഗ്വാദമുണ്ടാവുകയായിരുന്നു.

പ്രശ്‌നം തര്‍ക്കത്തിലേക്ക് നീങ്ങുന്നത് കണ്ട പാണക്കാട് സാദിഖലി തങ്ങള്‍ വിഷയത്തില്‍ ഇടപെടുകയും ഇരുപക്ഷത്തുമുള്ളവരെ സമവായത്തിലെത്തിക്കുകയും ചെയ്തു.

കഴിഞ്ഞ കുറച്ച് കാലമായി ലീഗിനുള്ളില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ നിരന്തരം വിമര്‍ശനമുന്നയിക്കുന്ന നേതാവ് കൂടിയാണ് കെ.എസ്. ഹംസ.

Content Highlight: Criticism against P.K. Kunhalikutty in Muslim League meeting, he says ready to resign