തൃശ്ശൂര്‍: ചാവക്കാട്ടെ രാഷ്ട്രീയക്കൊലപാതകത്തില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ പ്രതികരണത്തിനു സാമൂഹികമാധ്യമത്തില്‍ വ്യാപക വിമര്‍ശനം. എസ്.ഡി.പി.ഐയുടെ പേരെടുത്തു പറയാതെ പ്രതികരിച്ച മുല്ലപ്പള്ളിയുടെ വീഡിയോക്ക് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വന്നായിരുന്നു പാര്‍ട്ടി അണികള്‍ ഉള്‍പ്പെടെയുള്ളവര്‍ രോഷം പ്രകടിപ്പിച്ചത്.
നൗഷാദിന്റേതു രാഷ്ട്രീയക്കൊലപാതകമാണെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രസ്താവന. പോലീസിന് ജാഗ്രതക്കുറവുണ്ടായോ എന്നകാര്യം പരിശോധിക്കണം. കേരളത്തിലെ ക്രമസമാധാനനില തകര്‍ന്നിരിക്കുകയാണെന്നും ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരിയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
എന്നാല്‍ പ്രാദേശിക നേതൃത്വവും ഉമ്മന്‍ ചാണ്ടി, വി.എം സുധീരന്‍, കെ. സുധാകരന്‍ എന്നിവരടക്കമുള്ള മുതിര്‍ന്ന നേതാക്കളും അക്രമത്തിനു പിന്നില്‍ എസ്.ഡി.പി.ഐയാണെന്ന് ഒരറ്റത്ത് ആവര്‍ത്തിച്ചു പറയുമ്പോഴായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം.
ഈ പ്രസ്താവനയുടെ വീഡിയോയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കേരളയുടെ ഫേസ്ബുക്ക് പേജുവഴി പങ്കുവെച്ചത്. അതിനടിയില്‍ വന്ന കമന്റുകളിലാണ് ഈ വിമര്‍ശനങ്ങള്‍ കാണുന്നത്.
എസ്.ഡി.പി.ഐയാണെന്നു പറയാന്‍ മുല്ലപ്പള്ളി മടിക്കുന്നത് എന്തിനാണെന്നായിരുന്നു ഭൂരിഭാഗം കമന്റുകളും.
‘എസ്.ഡി.പി.ഐയാണെന്ന് പറയാന്‍ നാവ് പൊന്തുന്നില്ലേ’ എന്നായിരുന്നു ഒരാള്‍ ചോദിച്ചത്. എസ്.ഡി.പി.ഐ ആണെന്നു പറയാന്‍ പേടിയാണോ എന്നും മുല്ലപ്പള്ളി കോണ്‍ഗ്രസിനെയും പ്രവര്‍ത്തകരെയും നിര്‍വീര്യമാക്കുമെന്നും ഒരാള്‍ കമന്റിട്ടു.
ഈ സാഹചര്യത്തിലും എസ്.ഡി.പി.ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് കൊലപാതകത്തിനു പിന്നിലെന്ന് ഉറപ്പിച്ചു പറയുകയാണു പ്രാദേശിക നേതൃത്വം. ഇക്കാര്യത്തില്‍ യാതൊരു സംശയവമില്ലെന്ന് കോണ്‍ഗ്രസിന്റെ ഗുരുവായൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഗോപപ്രതാപന്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു.
ഡൂൾന്യൂസ് ടെലഗ്രാം ചാനലിനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ
https://t.me/thedoolnews
ഏറെ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശമാണ് ചാവക്കാട്ടെ അക്രമം നടന്ന പുന്ന. എസ്.ഡി.പി.ഐയാണ് ഇവിടെ നടക്കുന്ന അക്രമങ്ങള്‍ക്കു പിന്നില്‍. എന്നാല്‍ കഴിഞ്ഞ ആറുമാസത്തിനിടെ ഒരക്രമസംഭവം പോലുമുണ്ടായിട്ടില്ല. ഒരു പ്രകോപനവുമില്ലാതെയാണ് ഇപ്പോള്‍ അക്രമമുണ്ടായിരിക്കുന്നതെന്നും അദ്ദേഹം ഡൂള്‍ന്യൂസിനോടു പ്രതികരിച്ചു.
പുന്ന ബൂത്ത് പ്രസിഡന്റ് നൗഷാദിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അക്രമിക്കുക എന്ന ലക്ഷ്യത്തോടെയാണ് എട്ട് ബൈക്കുകളിലായി 16 പേരെത്തിയത്. കൈകളില്‍ ആയുധങ്ങള്‍ ബാന്‍ഡേജ് ഉപയോഗിച്ചു കെട്ടിവെച്ച നിലയിലായിരുന്നു ഇവര്‍ വന്നതെന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്. ഇതു പ്രത്യാക്രമണം ഭയന്നാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പ്രാദേശിക നേതൃത്വവുമായി മുല്ലപ്പള്ളി ബന്ധപ്പെട്ടിട്ടില്ലെന്നും അതിനാലാവാം അങ്ങനെ പ്രസ്താവന നടത്തിയതെന്നും ഗോപപ്രതാപന്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു.