| Thursday, 7th March 2024, 2:53 pm

ആശുപത്രി കിടക്കയിൽ കഴിയുന്ന രാമകൃഷ്ണ മിഷൻ അധ്യക്ഷനൊപ്പമുള്ള ഫോട്ടോ; പ്രധാനമന്ത്രിക്കെതിരെ വിമർശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊൽക്കത്ത: രോഗശയ്യയിലായ രാമകൃഷ്ണ മിഷൻ അധ്യക്ഷൻ സ്വാമി സ്മരണാനന്ദയെ സന്ദർശിക്കുവാൻ ക്യാമറ ക്രൂവുമായി പോകുകയും ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനം.

മാർച്ച് മൂന്ന് മുതൽ വെന്റിലേറ്ററിൽ കഴിയുകയാണ് രാമകൃഷ്ണ മഠത്തിന്റെയും അധിപനായ സ്വാമി സ്മരണാനന്ദ.

‘കൊൽക്കത്തയിൽ എത്തിയപ്പോൾ ആശുപത്രിയിൽ പോകുകയും രാമകൃഷ്ണ മഠത്തിന്റെയും രാമകൃഷ്ണാ മിഷന്റെയും അധ്യക്ഷനായ സ്വാമി സ്മരണാനന്ദ ജി മഹാരാജിന്റെ ആരോഗ്യ കാര്യങ്ങൾ തിരക്കുകയും ചെയ്തു.

അദ്ദേഹത്തിന്റെ ആരോഗ്യസൗഖ്യത്തിനായും എത്രയും പെട്ടെന്ന് രോഗം ഭേദമാകാനും ഞങ്ങളെല്ലാവരും പ്രാർത്ഥിക്കുന്നു,’ ആശുപത്രി കിടക്കയിൽ കഴിയുന്ന സ്മരണാനന്ദക്കൊപ്പം കൈകൂപ്പി നിൽക്കുന്ന ഫോട്ടോ എക്‌സിൽ പോസ്റ്റ്‌ ചെയ്തുകൊണ്ട് മോദി കുറിച്ചു.

ഗുരുതരാവസ്ഥയിൽ കഴിയുന്ന ഒരു വ്യക്തിയുടെ ഫോട്ടോ എടുക്കാൻ ക്യാമറ ക്രൂവിനൊപ്പം പോകുന്നത് വളരെ ഭ്രാന്തമാണെന്ന് കോൺഗ്രസ്‌ നേതാവ് വിജയ് തോട്ടത്തിൽ എക്‌സിൽ കുറിച്ചു.

‘ഐ.സി.യുവിനകത്തേക്ക് ഒരു ക്യാമറ കൊണ്ടുവരികയും നല്ല ആംഗിൾ നോക്കി അത്യാസന്ന നിലയിൽ കഴിയുന്ന ഒരു മനുഷ്യന്റെ ഫോട്ടോ എടുക്കുകയും ചെയ്യുക.

വളരെ നിർവികാരപരവും അരോചകവുമായ നടപടിയാണിത്,’ മോദി വേഴ്‌സസ് മീഡിയ എന്ന ഇൻസ്റ്റഗ്രാം പേജ് ആരോപിച്ചു.

അതേസമയം മോദിയുടെ സന്ദർശനം വലിയ വാർത്തയായി ദേശീയ മാധ്യമങ്ങളിൽ ഇടം പിടിച്ചു. 25 മിനിറ്റോളം ആശുപത്രിയിൽ തങ്ങിയ മോദി സ്മരണാനന്ദയുടെ ആരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥിച്ചുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

Content Highlight: Criticism against Modi for posting photos of Swami Smaranananda in critical condition

We use cookies to give you the best possible experience. Learn more