തിരുവനന്തപുരം: ഇടുക്കിയിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയുടെ സമയത്ത് തന്നെ സി.പി.ഐ.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ മെഗാ തിരുവാതിരക്കളിക്കെതിരെ വിമര്‍ശനമുയരുന്നു.
501 പേര്‍ ചേര്‍ന്നായിരുന്നു തിരുവാതിര നടത്തിയത്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ പാറശാല ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു തിരുവാതിര സംഘടിപ്പിച്ചത്.
സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, സി.പി.ഐ.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു തിരുവാതിര അരങ്ങേറിയത്.
എന്നാല്‍, സി.പി.ഐ.എമ്മിന്റെ ഈ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങളാണ് ഉയരുന്നത്. എസ്.എഫ്.ഐയുടെ വിദ്യാര്‍ത്ഥി സഖാവിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്കിടെ തന്നെ വേണമായിരുന്നോ പിണറായിയെ പുകഴ്ത്തിയുള്ള തിരുവാതിര എന്ന തരത്തിലാണ് വിമര്‍ശനങ്ങളുയരുന്നത്.
സംഭവത്തിനെതിരെ എം. വിന്‍സെന്റ് എം.എല്‍.എ, ഷാഫി പറമ്പില്‍ എം.എല്‍.എ എന്നിവര്‍ രംഗത്ത് വന്നിരുന്നു.
‘രാഷ്ട്രീയമായി എതിര്‍പക്ഷത്ത് നില്‍ക്കുന്ന ആളാണെങ്കിലും ധീരജിന്റെ അമ്മയുടെ നിലവിളി മനസ്സു വിങ്ങുന്ന വേദനയാണ് ഉളവാക്കിയത്. ഇന്നലെ വിലാപയാത്ര ആയിട്ടാണ് മ്യതദേഹം കണ്ണൂരിലെ സ്വവസതിയിലേക്ക് കൊണ്ടുപോയത്.
ഇന്ന് രാവിലെ പത്രങ്ങള്‍ വായിച്ചപ്പോഴാണ് ഇന്നലെ വിലാപയാത്രയുടെ സമയത്ത് തന്നെ സി.പി.ഐ.എമ്മിന്റ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് തിരുവാതിരക്കളി നടത്തിയത് ശ്രദ്ധയില്‍പെട്ടത്.
കുത്തേറ്റു മരിച്ച സഹപ്രവര്‍ത്തകന്റെ മ്യതദേഹവും വഹിച്ചു കൊണ്ടുള്ള വിലാപയാത്രാ സമയത്ത് തന്നെ തിരുവാതിരക്കളി നടത്തിയത് ശരിയാണോ എന്ന് സി.പി.ഐ.എം പ്രവര്‍ത്തകരും നേതൃത്വവുമാണ് വ്യക്തമാക്കേണ്ടത്,’ എന്നാണ് വിന്‍സെന്റ് എം.എല്‍.എ ഫേസ്ബുക്കില്‍ കുറിച്ചത്.
അതേസമയം, ധീരജിനെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതികളെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ നിഖില്‍ പൈലി, ജെറിന്‍ ജോജോ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇടുക്കി ജ്യുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക. പ്രതികളെ കഴിഞ്ഞ ദിവസം വൈകീട്ട് കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തിയിരുന്നു.
കൊലക്കുറ്റത്തിനാണ് നിഖിലിനെതിരെ കേസെടുത്തിരിക്കുന്നത്. വധശ്രമം, സംഘംചേരല്‍ എന്നീ വകുപ്പുകളാണ് ജെറിന്‍ ജോജോയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.
തെളിവെടുപ്പിനും കൂടുതല്‍ അന്വേഷണങ്ങള്‍ക്കുമായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസിന്റെ തീരുമാനം. ഇതിനായി കസ്റ്റഡി അപേക്ഷയും പൊലീസ് സമര്‍പ്പിക്കും. കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടാകാനാണ് സാധ്യത.
കെ.എസ്.യു കോളേജ് യൂണിറ്റ് സെക്രട്ടറി അലക്സ് റാഫേലിനെ പറവൂരിന്റെ അറസ്റ്റ് കഴിഞ്ഞ ദിവസം പൊലീസ് രേഖപ്പെടുത്തിയിരുന്നു.
തിങ്കളാഴ്ച ഉച്ചയോടെയാണ് ഇടുക്കി എഞ്ചിനിയറിംഗ് കോളേജിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് കുത്തേറ്റത്. നെഞ്ചിന് കുത്തേറ്റ കണ്ണൂര്‍ സ്വദേശിയായ ധീരജിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കോളേജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കോളേജിന് പുറത്തുനിന്ന് വന്ന പാര്‍ട്ടി പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നില്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.