'മനം നൊന്ത് കരയാന്‍ പോലും പറ്റാത്ത അവസ്ഥ, തനി പാപ്പരാസികള്‍ ആയി മാധ്യമ പ്രവര്‍ത്തകര്‍'; വിമര്‍ശനം
Entertainment news
'മനം നൊന്ത് കരയാന്‍ പോലും പറ്റാത്ത അവസ്ഥ, തനി പാപ്പരാസികള്‍ ആയി മാധ്യമ പ്രവര്‍ത്തകര്‍'; വിമര്‍ശനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 28th March 2023, 5:21 pm

നടന്‍ ഇന്നസെന്റിനെ മരണം കഴിഞ്ഞ് ഒരു ദിവസം പിന്നിടുമ്പോള്‍ മാധ്യമങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമാവുകയാണ്. സിനിമാ താരങ്ങള്‍ മൃതദേഹം കാണാന്‍ എത്തുമ്പോള്‍ വീഡിയോയും പ്രതികരണവും എടുക്കാനായി ക്യാമറയും മൈക്കുമായി തിക്കിതിരക്കുന്നതിനെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമാവുന്നത്.

നടന്‍ മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം രാത്രി മൃതദേഹം കാണാനെത്തിയപ്പോള്‍ ഉണ്ടായ തിരക്ക് ചൂണ്ടിക്കാണിച്ചാണ് പ്രധാനമായും വിമര്‍ശനം ഉയര്‍ന്നത്.

യാതൊരുവിധ സാമാന്യമര്യാദയും ഇല്ലാത്ത തനി പാപ്പരാസികള്‍ ആയി മലയാളി മാധ്യമ പ്രവര്‍ത്തകര്‍ മാറി എന്നാണ് സോഷ്യല്‍ മീഡിയയില്‍ വന്ന ഒരു പ്രതികരണം. വിദേശരാജ്യങ്ങളില്‍ ഇത്ര പോലും ഉണ്ടാകില്ല, അവര്‍ സ്വകാര്യത മാനിക്കും, ഇവിടെ പ്രിയപ്പെട്ടവര്‍ കരയുന്നത് വരെ ക്ലോസപ്പ് ഷോട്ട് എടുത്ത് ബി.ജി.എം. കയറ്റി നാട്ടുകാരെ മൊത്തം കാണിക്കുമെന്നാണ് മറ്റൊരു പ്രതികരണം.

സഹപ്രവര്‍ത്തകന്റെ മരണത്തില്‍ മനം നൊന്ത് കരയാന്‍ കൂടി കഴിയാത്ത അവസ്ഥയാണ്. മരിച്ചു കിടക്കുന്ന ആളെ കാണാന്‍ നില്‍ക്കുമ്പോള്‍ ഇപ്പൊ കരയും എന്ന മട്ടില്‍ ക്യാമറ മുഖത്തേയ്ക്ക് ഫോക്കസ് ചെയ്തുള്ള നില്‍പ്പ് അവസാനിപ്പിക്കണമെന്നുള്ള ആവശ്യവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.

കര്‍ണാടകയിലും തമിഴ്‌നാട്ടിലും സിനിമ താരങ്ങള്‍ മരിക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ കാണിക്കുന്ന മര്യാദ കണ്ടുപഠിക്കണമെന്നും മൃതദേഹത്തിനടുത്ത് അവര്‍ ക്യാമറയുമായി തിക്കിതിരക്കാറില്ലെന്നും വിമര്‍ശനമുയര്‍ന്നു. കന്നഡ താരം പുനീത് രാജ്കുമാറിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ മാധ്യമങ്ങള്‍ കാണിച്ച മര്യാദ ചിലര്‍ ഉദാഹരണമായും ചൂണ്ടിക്കാണിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്ക് പുറമേ മൊബൈല്‍ ക്യാമറകളുമായി വരുന്നവര്‍ക്കെതിരെയും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

അതേസമയം മാധ്യമപ്രവര്‍ത്തകരെ അനുകൂലിച്ചും ചിലര്‍ രംഗത്തെത്തി. ആളുകള്‍ കാണാന്‍ ആഗ്രഹിക്കുന്നതാണ് മാധ്യമ പ്രവര്‍ത്തകര്‍ ഷൂട്ട് ചെയ്യുന്നതെന്നും അവരെ മാത്രം കുറ്റപ്പെടുത്താനാവില്ലെന്നും കമന്‍റുകള്‍ വന്നിരുന്നു.

Content Highlight: criticism against medias innocent issue