| Friday, 14th September 2018, 4:01 pm

'ഞങ്ങളന്ന് പിച്ചിക്കീറിയതുകൊണ്ടാണ് ഇപ്പോള്‍ നമ്പിനാരായണന് പണം കിട്ടുന്നത്'; ചാരക്കേസില്‍ മാധ്യമങ്ങളെ തുറന്നുകാട്ടി സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ മലയാള മാധ്യങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. ഇത് കേരള മാധ്യമ ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ ഗൂഢാലോചന അധ്യായത്തിന്റെ അവസാന മുഹൂര്‍ത്തമാണെന്നും നമ്പിനാരായണന് മാത്രമല്ല, മറിയം റഷീദയ്ക്കും ഫൗസിയ ഹസനും നഷ്ടപരിഹാരം നല്‍കേണ്ടതാണെന്നും മാധ്യമങ്ങളെ വിമര്‍ശിച്ച് രംഗത്തെത്തിയവര്‍ ചൂണ്ടിക്കാട്ടുന്നു.

ഒടുവില്‍ നമ്പി നാരായണന് നീതി കിട്ടി എന്ന തരത്തിലുള്ള മനോരമയുടെ ഇപ്പോഴത്തെ റിപ്പോര്‍ട്ടിംങ്ങിനെ പരിഹസിച്ചു കൊണ്ട് ശ്രീ ചിത്രന്‍ ഫേസബുക്കില്‍ കുറിച്ചത്. “നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കപ്പെടുന്നതോടെ ഞങ്ങള്‍ മനോരമ കുടുംബത്തിന്റെ ഉളുപ്പില്ലായ്മയാണ് ഒരിക്കല്‍ക്കൂടി മറനീക്കി പുറത്തു വരുന്നത്. ഞങ്ങളുടെ നാണമില്ലായ്മയുടെ ആസനത്തില്‍ മുളച്ച ആലിന്റെ തണലില്‍ നിര്‍മ്മിക്കപ്പെട്ട ഈ ശീതീകരിക്കപ്പെട്ട സ്റ്റുഡിയോയില്‍ ഇരുന്ന് ഇക്കാര്യം അറിയിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ തൊലിയുരിയലും ആനന്ദവും ഉണ്ട്”.


Read Also : “അവസാനം കുറ്റവിമുക്തി, ഇതൊരു പുതിയ തുടക്കം”; നമ്പി നാരായണന് അനുകൂലമായ വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് സൂര്യയും മാധവനും


“മുത്തുച്ചിപ്പി, ഫയര്‍ തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ എഴുതുന്നവര്‍ക്ക് പോലും ഞങ്ങളുടെ മദാലസ കഥകള്‍ അന്ന് ആവേശം പകര്‍ന്നത് ഞങ്ങള്‍ രോമാഞ്ചത്തോടെ ഓര്‍ക്കുന്നു. ശേഷ നെക്കണ്ടു, റാവുവിനെക്കണ്ടു, ഇംഗ്ലീഷ് പറഞ്ഞു എന്നിങ്ങനെ പലതരം പരദൂഷണങ്ങള്‍ കൈകുഴയും വരെ എഴുതിപ്പിടിപ്പിച്ചാണ് ഞങ്ങള്‍ ഇന്ത്യ കണ്ട ഏറ്റവും മികച്ചൊരു ശാസ്ത്രജ്ഞന്റെ കരിയര്‍ നശിപ്പിച്ചു കൊടുത്തത്. കരുണാകരനു പാര പണിയുകയും ഉമ്മന്‍ ചാണ്ടിക്ക് ഉഴിഞ്ഞു കൊടുക്കുകയുമായിരുന്നു വായിലൂടെയും പേനയിലൂടെയും വിസര്‍ജിക്കുന്ന ഞങ്ങളുടെ അന്നത്തെ ലക്ഷ്യം. മഞ്ഞണി മാമലകള്‍ നിന്നൊരു മഴവില്‍ മനോരമയായി ഞങ്ങള്‍ മാറിയത് ഇങ്ങനെ സെപ്റ്റിക് ടാങ്കില്‍ മുക്കിയെഴുതിയ അനേകം ഭാവനകളിലൂടെയാണ്. ആ പാരമ്പര്യത്തില്‍ ഞങ്ങള്‍ അഭിമാനം കൊള്ളുന്നു. നമ്പി നാരായണന് ഇപ്പോള്‍ പണം കിട്ടുന്നത് ഞങ്ങളന്ന് അയാളെ പിച്ചിക്കീറിയതുകൊണ്ടാണ് എന്ന് അയാള്‍ ഓര്‍ണ്ടേണ്ടതാണ്”. ചാരക്കേസില്‍ മലയാള മനോര എഴുതിപ്പിടിപ്പിച്ച വാര്‍ത്തകളെ ഓര്‍മ്മിപ്പിച്ചുകൊണ്ട് ശ്രീചിത്രന്‍ പരിഹസിക്കുന്നു.

അന്വേഷണം ഇനിയും നടക്കട്ടെ, ട്യൂണമത്സ്യം പോലെ പിടഞ്ഞ മാദകസുന്ദരിമാരെ കുറിച്ച് ഹോട്ടല്‍മുറികളിലിരുന്ന് വികൃതഭാവനകള്‍ രചിച്ച മുതിര്‍ന്ന ജേര്‍ണലിസ്റ്റുകളുണ്ടല്ലോ ഇപ്പോഴും, അത് വിറ്റ് കൊഴുത്ത മാധ്യമങ്ങളും. നഷ്ടപരിഹാരം അവരില്‍ നിന്ന് കൂടി ഈടാക്കേണ്ടതാണ് എന്നായിരുന്നു ശ്രീജിത്ത് ദിവാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.


Read Also : “ബി.ജെ.പി ഈ ചെയ്തതിനൊക്കെ തിരിച്ചു കൊടുത്തിരിക്കും, പലിശയടക്കം: ജയില്‍ മോചിതനായതിനു പിന്നാലെ ചന്ദ്രശേഖര്‍ ആസാദ്


അപസര്‍പ്പക കഥകളെ വെല്ലുന്ന തിരക്കഥയില്‍ മലയാള മനോരമ തയ്യാറാക്കിയ “ISRO ചാരക്കേസ്” ഉമ്മന്‍ ചാണ്ടിയുടെ മൂലകഥയെ അടിസ്ഥാനപ്പെടുത്തിയ ബിഗ് ബജറ്റ് സൃഷ്ടിയായിരുന്നെന്നും ഉമ്മന്‍ ചാണ്ടിയും മാത്തൂട്ടിച്ചായനും സംയുക്തമായി മുതല്‍ മുടക്കിയ ഉദ്യമത്തില്‍ നേട്ടം കൊയ്തത് ആന്റണിയും ആന്റണിയുടെ പേരില്‍ ഉമ്മന്‍ ചാണ്ടി നയിച്ച എ ഗ്രൂപ്പുമാണെന്നും ജിതിന്‍ ഗോപാലകൃഷ്ണന്‍ പറയുന്നു.

“നരസിംഹറാവുവിന്റെ ആശീര്‍വാദവും ഇക്കൂട്ടര്‍ക്ക് ആവോളം കിട്ടിയിരുന്നു. മറിയം റഷീദയോടും ഫൗസിയ ഹസ്സനോടും നമ്പി നാരായണനോടും മനോരമയാദികള്‍ ചെയ്തതിന് അമ്പതുലക്ഷം മതിയാവില്ല, കേവല നഷ്ടപരിഹാരവും മാപ്പുപറച്ചിലും കൊണ്ട് തീരുന്നതുമല്ല പത്രവാര്‍ത്തകള്‍ അവരുടെ ജീവിതത്തിലുണ്ടാക്കിയ ഡാമേജ്”. ജിതിന്‍ കുറിച്ചു.

മാധ്യമ പ്രവര്‍ത്തകന്‍ കെ.എ ഷാജി കുറിച്ചത്. “ചാരക്കേസില്‍ യക്ഷിക്കഥകള്‍ പടച്ചുവിട്ട പത്രങ്ങളുടെ ലിസ്റ്റ് ക്രോണോളജിക്കല്‍ ഓര്‍ഡറിലെടുത്താല്‍ തനിനിറം, കേരള കൗമുദി, ദേശാഭിമാനി, മംഗളം, മലയാള മനോരമ, മാതൃഭൂമി എന്നിങ്ങനേയേ വരൂ. മനോരമയിലേയും മാതൃഭൂമിയിലേയും ഡിറ്റക്ടീവുകള്‍ വൈകി മാത്രമാണ് രംഗം കയ്യടക്കിയത്. വൈകിപ്പോയതാകും. മനോരമയെയും മാതൃഭൂമിയേയും മാത്രം ഒറ്റപ്പെടുത്തി അക്രമിക്കുന്നതില്‍ വലിയ കാര്യമില്ല. ജോണ്‍ മുണ്ടക്കയവും ശേഖരന്‍ നായരും ചെറിയ മീനുകളായിരുന്നു. കാറ്റ് ചിക്കിയ കരിമണലില്‍ ഭാവനയാലവര്‍ കഥ എഴുതി. പുളയുന്ന ടൂണമത്സ്യത്തെപ്പറ്റി എഴുതിയത് മുണ്ടക്കയമല്ല. അതെഴുതിയ അജന്താലയം കുമാര്‍ പിന്നെ പേരിലെ അജന്താലയം ഉപേക്ഷിച്ചു. ശശികുമാറും സക്കറിയയുമാണ് നിലപാട് എടുത്ത് ഈ കഥകളെ എതിര്‍ത്തത്. അവരുടെ കൂടെ ടി.എന്‍ ഗോപകുമാറും നീലനും. ഭൂമി മലയാളത്തിലവര്‍ മാത്രം”.

ഭാരതമെന്ന മഹാരാജ്യത്തിന് മാധ്യമമുതലാളിമാരുടെ രാഷ്ട്രീയ കൂട്ടികൊടുപ്പിന്റെ ഫലമായി ലഭിച്ച തീരാനഷ്ടങ്ങള്‍ക് ആര് നഷ്ടപരിഹാരം നല്‍കും. ആ മഹത് പ്രതിഭ അനുഭവിച്ച മാനസികസമ്മര്‍ദ്ദങ്ങള്‍ക്ക് ഈ നഷ്ടപരിഹാരം പ്രതിഫലമാകുമോ എന്നും രാജീവ് ഗോപാലന്‍ ചോദിക്കുന്നു.

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ തന്നെ കുടുക്കിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്.
മൂന്നുവര്‍ഷമായി സുപ്രീംകോടതിയിലുള്ള കേസിലാണ് ഇന്ന് വിധി വന്നത് നഷ്ടപരിഹാര തുക ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണമെന്നും കോടതി ഉത്തരവിട്ടു.

1994 നവംബര്‍ 30-നാണ് നമ്പി നാരായണന്‍ ചാരക്കേസില്‍ അറസ്റ്റിലായത്. എന്നാല്‍, അദ്ദേഹത്തിനെതിരായ കേസ് തെറ്റാണെന്ന് സി.ബി.ഐ. നല്‍കിയ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. കുറ്റക്കാരായ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നും സി.ബി.ഐ. ശുപാര്‍ശചെയ്തിരുന്നു. എന്നാല്‍, കേസ് അവസാനിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു.

അതേസമയം ഐ.എസ്.ആര്‍.ഒ ചാരക്കേസിലെ സുപ്രീം കോടതി വിധിയില്‍ സന്തോഷമുണ്ടെന്നും ഏറെ വൈകിയാണെങ്കിലും നീതി നടപ്പായെന്നും നമ്പി നാരായണന്‍ പറഞ്ഞു. നഷ്ടപരിഹാരത്തെക്കാളുപരി കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാനാണ് ഇത്രയും കാലം താന്‍ കാത്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു

We use cookies to give you the best possible experience. Learn more