| Wednesday, 17th January 2024, 3:07 pm

'മണവാട്ടി പെണ്ണൊരുങ്ങി, കല്യാണം കാണാൻ വരേണം…'; മാതൃഭൂമിയുടെ സാഹിത്യം കണ്ട്‌ ജനം ടി.വി ചമ്മട്ടെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂർ: നടനും എം.പിയുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹം മാതൃഭൂമി ന്യൂസ്‌ റിപ്പോർട്ട് ചെയ്ത രീതിക്കെതിരെ വിമർശനം. സുരേഷ് ഗോപിയുടെ സിനിമയിലെ പാട്ടുകളുടെ വരികൾ ഉൾപ്പെടെ പൈങ്കിളി സാഹിത്യത്തിൽ ചാനലിൽ ബ്രേക്കിങ്ങായി എഴുതിക്കാണിച്ച രീതിക്കെതിരെയാണ് വിമർശനം ഉയർന്നത്.

‘മണവാട്ടി പെണ്ണൊരുങ്ങി,’ ‘കല്യാണം കാണാൻ വരേണം…,’ ‘ഗുരുവായൂർ നടയിൽ ഭാഗ്യ മംഗല്യം,’ ‘അഴകാലില മഞ്ഞച്ചരടിലെ പൂത്താലി,’ ‘കുന്നിമണി കൊലുസണിഞ്ഞ്’ തുടങ്ങിയ വാചകങ്ങളാണ് ഗുരുവായൂരിൽ നടക്കുന്ന വിവാഹത്തിന്റെ തത്സമയ ദൃശ്യങ്ങൾ സംപ്രേക്ഷണം ചെയ്തുകൊണ്ട് ചാനലിൽ എഴുതിക്കാണിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി വിവാഹ ചടങ്ങിൽ പങ്കെടുക്കുന്ന സാഹചര്യത്തിൽ ‘കാരണവരായി പ്രധാനമന്ത്രി’ എന്ന അടിക്കുറിപ്പും ട്രോളുകൾക്കും വിമർശനങ്ങൾക്കും വിധേയമായി. വിവാഹത്തിന്റെ തത്സമയ ദൃശ്യങ്ങൾ ആദ്യം ലഭിച്ചത് മാതൃഭൂമി ന്യൂസിനാണെന്ന് ചാനലിൽ അവതാരക പറയുന്നതായും കാണാം. കേരളം കാത്തിരുന്ന കല്യാണമാണെന്നും അവതാരക പറയുന്നുണ്ട്.

‘ക്രിഞ്ച് എന്ന വാക്കിനെ പൂർണമായും റീഡിഫൈൻ ചെയ്യുകയാണ് മാതൃഭൂമി ചാനൽ. അല്ലെങ്കിൽ ഉടനെയൊന്നും ആർക്കും എത്തിപ്പിടിക്കാൻ കഴിയാത്ത ഒരു ലെവൽ അതിനു സെറ്റ് ചെയ്തിരിക്കുന്നു.

എന്നാലും കുന്നിമണി കൊലുസണിഞ്ഞു മോദി എന്തിനാകും കണ്ണന്റെ മുന്നിൽ വന്നത്?’ ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ട കുറിപ്പുകളിലൊന്ന് ഇങ്ങനെയായിരുന്നു.

മലയാളം വാർത്താ ചാനലുകളുടെ നിലവാരം നഷ്ടപ്പെടുകയാണെന്നും റിപബ്ലിക്കിന്റെയും ടൈംസ് നൗവിന്റെയും തനിപകർപ്പുകളായി മാറുകയാണെന്നും സമൂഹ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നുണ്ട്.

നൂറ് വർഷത്തെ മാധ്യമ പാരമ്പര്യമുള്ള മാതൃഭൂമിയാണ് ഇത്തരത്തിൽ വാർത്തയെ അതിവൈകാരികമായി അവതരിപ്പിക്കുന്നത് എന്ന് ചിലർ പരിഹസിച്ചു.

മാതൃഭൂമി ഇങ്ങനെ പോയാൽ ജന്മഭൂമി അടച്ചുപൂട്ടേണ്ടി വരുമെന്നും ട്രോളുകളുണ്ട്. മാതൃഭൂമിയുടെ സാഹിത്യം കണ്ട്‌ ജനം ടി.വി ചമ്മട്ടെ എന്നും സമൂഹ മാധ്യമങ്ങളിൽ നിരവധി പേർ പോസ്റ്റ്‌ ചെയ്തു.

Content Highlight: Criticism against Mathrubhumi News for reporting style of Suresh Gopi’s daughter’s wedding

We use cookies to give you the best possible experience. Learn more