തിരുവനന്തപുരം: ഗഗൻയാൻ ദൗത്യത്തിന് തെരഞ്ഞെടുത്ത നാൽവർ സംഘത്തിന്റെ ക്യാപ്റ്റൻ മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ നായരെ ‘ഞങ്ങളുടെ മൊട്ടക്കുട്ടി’യെന്ന് വിശേഷിപ്പിച്ച മാതൃഭൂമി ഡോട്ട് കോമിനെതിരെ വ്യാപക വിമർശനം.
വിമർശനങ്ങൾക്ക് പിന്നാലെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിൽ നിന്ന് പോസ്റ്റർ മാതൃഭൂമി പിൻവലിച്ചു.
കേരളത്തിന് അഭിമാനമായി പ്രശാന്ത് ബഹിരാകാശത്തേക്ക് എന്ന അടിക്കുറിപ്പോടെ പ്രശാന്ത് ബാലകൃഷ്ണന്റെ ഫോട്ടോയാണ് പോസ്റ്ററിൽ പങ്കുവെച്ചത്. ഇതിലാണ് ‘ഞങ്ങളുടെ മൊട്ടക്കുട്ടി’ എന്നും എഴുതിയിരുന്നത്.
ഒരാളുടെ ശരീരഭാഷ അളക്കുകയാണ് മാതൃഭൂമിയെന്നാണ് വിമർശനം.
നേരത്തെയും മാതൃഭൂമി വാർത്ത നൽകുന്ന രീതികൾ വിമർശിക്കപ്പെട്ടിരുന്നു.
നടനും എം.പിയുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹം റിപ്പോർട്ട് ചെയ്തപ്പോൾ സുരേഷ് ഗോപിയുടെ സിനിമയിലെ പാട്ടുകളിലെ വരികൾ ഉൾപ്പെടെ പൈങ്കിളി സാഹിത്യത്തിൽ ബ്രേക്കിങ്ങായി എഴുതികാണിച്ചതായിരുന്നു വിമർശത്തിന് വിധേയമായത്.
സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വസ്ത്രങ്ങളും ആഭരണങ്ങളും വിശദീകരിച്ചുകൊണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റർ പങ്കുവെച്ചതും വിവാദമായിരുന്നു.
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടക്കുമ്പോൾ ‘രാമാ ശ്രീരാമാ’ എന്ന പാട്ടിന്റെ വരികൾ ബ്രേക്കിങ് ന്യൂസ് ആക്കി നൽകിയതും വിമർശിക്കപ്പെട്ടിരുന്നു.
CONTENT HIGHLIGHT: Criticism against Mathrubhumi dot com for post about Prashanth Balakrishnan