പത്തനംതിട്ട: ഒന്നര വയസുള്ള കുഞ്ഞിനെയും തോളില്‍ കിടത്തി അഞ്ചര മണിക്കൂര്‍ ശബരിമലയില്‍ ക്യൂ നിന്ന സംഭവത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം.
ഇത്തരമൊരു സാഹചര്യത്തില്‍ കുട്ടിയെ ശബരിമലയില്‍ കൊണ്ടുപോയതിന് പിതാവിനെതിരെയാണ് കേസെടുക്കേണ്ടതെന്നാണ് പലരും സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചത്.
പതിനെട്ടാംപടി കയറാന്‍ ഒന്നര വയസ്സുള്ള മകളെയും തോളിലിട്ട് അഞ്ചര മണിക്കൂര്‍ വലിയ തിരക്കില്‍ വരി നില്‍ക്കേണ്ടി വന്ന നൂറനാട് സ്വദേശി സാജന്റെ വാര്‍ത്ത മലയാള മനോരമയാണ് റിപ്പോര്‍ട്ട് ചെയ്തത്.
കൊച്ചു കുഞ്ഞ് ഉള്ളതിനാല്‍ ശരംകുത്തിയിലെ വലിയ തിരക്കില്‍പെടാതെ പോകാന്‍ പൊലീസിനോട് പിതാവ് അനുവാദം ചോദിച്ചുവെന്നും, എന്നാല്‍ പൊലീസ് പറ്റില്ലെന്ന് പറഞ്ഞു പിടിച്ചു തള്ളിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
തുടര്‍ന്ന് പാല്‍ കുടിക്കാത്തതിനാല്‍ കുഞ്ഞ് തളര്‍ന്നുവെന്നും, പുലര്‍ച്ചെ 4.30ന് പമ്പയില്‍ നിന്ന് മലകയറിയ പിതാവിനും കുഞ്ഞിനും വൈകിട്ട് മൂന്നിന് നട തുറന്ന ശേഷമാണ് ദര്‍ശനം നടത്താന്‍ കഴിഞ്ഞതെന്നും, കുഞ്ഞിന് പാല്‍ പോലും കൊടുക്കാന്‍ കഴിയാതെ വരിനിന്ന് തളര്‍ന്നത് ഓര്‍ക്കുമ്പോള്‍ പിതാവ് സാജന്റെ കണ്ണുകള്‍ നിറയുകയാണെന്നുമാണ് മനോരമ റിപ്പോര്‍ട്ട്.
‘അയ്യപ്പന്‍ കുറച്ചുകൂടി സമൂഹ്യബോധം പുലര്‍ത്തണം. പത്ത് വയസ്സ് കഴിഞ്ഞുള്ള പെണ്‍കുട്ടികളെ കണ്ടാല്‍ കണ്ട്രോള്‍ പോകുന്നത് പോലെ മൂന്ന് വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളുടെ കഷ്ടപ്പാട് കണ്ടാലും ലേശം കണ്ട്രോള്‍ പോകാം.
അഞ്ചര മണിക്കൂര്‍ ഒരു കുഞ്ഞ് മൂത്രമൊഴിക്കാതെ കഴിച്ചുകൂട്ടി എന്നുപറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമാണ്. അപ്പോള്‍ ശരീരത്തില്‍ നിന്ന് വരുന്ന മാലിന്യം പുറത്തെത്താതിരിക്കാന്‍ തുണിയും പഞ്ഞിയും ചേര്‍ന്ന ആവരണം അണിയുന്നത് കൊണ്ട് അയ്യപ്പനും ഭക്തര്‍ക്കും കുഴപ്പമില്ലല്ലേ. മാലിന്യത്തിന്റെ നിറമാണ് കുഴപ്പം,’ എന്നാണ് മാധ്യമ പ്രവര്‍ത്തക അനഘ ജയന്‍ വിഷയത്തില്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചത്.
സംഭവത്തില്‍ കുട്ടിയുടെ പിതാവിനെതിരെയും, അനുകൂലിച്ചും നിരവധി പ്രതികരണങ്ങളാണ് സമൂഹ മാധ്യമങ്ങില്‍ വരുന്നത്.
‘ഇതൊന്നും അയ്യപ്പന്‍ കാണുന്നില്ലേ? പത്രങ്ങള്‍ ഇതൊക്കെ അയ്യപ്പന്റെ ശ്രദ്ധയില്‍ കൊണ്ടു വരണം. ഇത് അന്തിച്ചര്‍ച്ചയാക്കണം. അതില്‍ ഒരു പാനലിസ്റ്റ് ആയി അയ്യപ്പനെ ക്ഷണിക്കണം
ഒന്നര വയസ്സുള്ള കുഞ്ഞിനെയും കൊണ്ട് അഞ്ചര മണിക്കൂര്‍ ക്യൂ നിന്ന മഹാനായ അച്ഛനെ ആദ്യം പിടിച്ചകത്തിടണം. എന്നിട്ട് കുഞ്ഞിനെ അമ്മയുടെ അടുത്തോ ആശുപത്രിയിലോ എത്തിക്കണം.
അമ്മയ്ക്ക് കൊടുക്കാനുള്ളത് പിന്നെ കൊടുക്കണം. വാര്‍ത്ത, നേരെ തലതിരിച്ച് പോലീസ് വിരുദ്ധകണ്ണീര്‍ക്കഥയാക്കിയ മനോരമയ്ക്ക് പിന്നെന്ത് കൊടുത്തിട്ടും കാര്യമൊന്നുമില്ല. അതങ്ങനെയൊരു ജന്മം.
ആ കുട്ടിയുടെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത വിഷമം ആണ്. ഓണ്‍ലൈന്‍ അമ്മമാര്‍ക്കും ഭക്തര്‍ക്കും.
കുട്ടിയോട് അച്ഛന്‍ കാണിച്ചത് നീതികേടാകാം. പക്ഷേ ഒരാളുടെ വിശ്വാസത്തെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അധികാരം ഇല്ല,’ തുടങ്ങിയ കമന്റുകളാണ് വിഷയത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വന്നത്.
അനഘ ജയന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ഒന്നര വയസ്സുള്ള കുഞ്ഞിനെ കൊണ്ട് അഞ്ചര മണിക്കൂര്‍ ശബരിമലയില്‍ ക്യൂ നിന്ന അച്ഛന്റെ ‘കണ്ണീരിനെ’ കുറിച്ച് വാര്‍ത്ത കണ്ടു. അയ്യപ്പന്‍ കുറച്ചുകൂടി സമൂഹ്യബോധം പുലര്‍ത്തണം. 10 വയസ്സ് കഴിഞ്ഞുള്ള പെണ്‍കുട്ടികളെ കണ്ടാല്‍ കണ്ട്രോള്‍ പോകുന്നത് പോലെ മൂന്ന് വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളുടെ കഷ്ടപ്പാട് കണ്ടാലും ലേശം കണ്ട്രോള്‍ പോകാം.
ഇത്ര തിക്കും തിരക്കുമുള്ള ഒരിടത്ത്, സമാധാനമായി ഇരിക്കാനോ കിടക്കാനോ കഴിയാത്ത സാഹചര്യത്തില്‍, അച്ഛന്റെ ഇറുക്കി പിടിച്ച കൈകളില്‍ ഡയപ്പര്‍ മാറ്റാന്‍ പോലും സൗകര്യമില്ലാതെ പല തവണ കരഞ്ഞും മയങ്ങിയും കഴിച്ചു കൂട്ടിയ ആ കുഞ്ഞിന്റെ കഷ്ടപ്പാട് കാണാതെ, സ്വന്തം അന്ധമായ ഭക്തിയുടെയും സ്വാര്‍ത്ഥ താത്പര്യങ്ങളുടെയും പേരില്‍ കുഞ്ഞിനെ ഈ യാതനയ്ക്ക് പാത്രമാക്കിയ പിതാവിന്റെ കണ്ണീരിനെ കുറിച്ച് വാര്‍ത്ത കൊടുക്കുന്നവര്‍ക്ക് ഏത് കാലത്ത് ഇനി നേരം വെളുക്കാന്‍ ആണ് ആ കുട്ടിയുടെ അച്ഛനെതിരെ ബാലാവകാശ കമ്മീഷന്‍ കേസെടുക്കുകയാണ് വേണ്ടത്.
അഞ്ചര മണിക്കൂര്‍ യാതന സഹിച്ച് അയ്യപ്പനെ കണ്ട് തൊഴാനുള്ള ഭക്തിയൊന്നും ഒന്നര വയസ്സുള്ള കുഞ്ഞിന് ഇല്ല. മേലാല്‍ അമ്പലങ്ങളിലും പള്ളികളിലും മറ്റേത് ആരാധനാലയങ്ങളിലും സ്വന്തം സാഡിസത്തിന്റെ പേരില്‍ കുഞ്ഞുങ്ങളെ കഷ്ടപ്പെടുത്തുന്ന മുതിര്‍ന്നവര്‍ക്ക് ഇതൊരു പാഠമാകണം.
‘പാല് കുടിക്കാതെ കരഞ്ഞ കുഞ്ഞിനോട് പൊലീസ് ദയ കാണിച്ചില്ല’ പോലും. ആദ്യം ദയ കാണിക്കേണ്ടത് കുഞ്ഞിന്റെ രക്ഷിതാക്കള്‍ ആയിരുന്നു. തീര്‍ത്ഥാടന സീസണില്‍ അമ്മയെ പോലും കൂട്ടാതെ മുലകുടി-പ്രായത്തില്‍ ഉള്ള കുഞ്ഞിനെ ശബരിമല പോലുള്ള ഒരു സ്ഥലത്തേക്ക് കൊണ്ട് വരുമ്പോള്‍ എന്ത് കരുതി? തൊട്ടിലും ശുദ്ധവായുവും നഴ്സിങ് സ്റ്റേഷനും കാണുമെന്നോ?! അയാള്‍ ആവശ്യപ്പെട്ടിട്ടും പുറത്ത് പോകാന്‍ സമ്മതിക്കാത്ത പോലീസ് അതിലും സാഡിസ്റ്റുകള്‍.
Footnote: അഞ്ചര മണിക്കൂര്‍ ഒരു കുഞ്ഞ് മൂത്രമൊഴിക്കാതെ കഴിച്ചുകൂട്ടി എന്നുപറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമാണ്. അപ്പോള്‍ ശരീരത്തില്‍ നിന്ന് വരുന്ന മാലിന്യം പുറത്തെത്താതിരിക്കാന്‍ തുണിയും പഞ്ഞിയും ചേര്‍ന്ന ആവരണം അണിയുന്നത് കൊണ്ട് അയ്യപ്പനും ഭക്തര്‍ക്കും കുഴപ്പമില്ലല്ലേ. മാലിന്യത്തിന്റെ നിറമാണ് കുഴപ്പം. അല്ല, ചുമ്മാ ചോദിച്ചെന്നേ ഉള്ളൂ.
Content Highlight: Criticism against Manorama Report about Sabarimala Incident