| Wednesday, 21st December 2022, 1:58 pm

ഊണിലും ഉറക്കിലും പിടിവിടാതിരിക്കാന്‍ കപ്പ് മെസി ഒറ്റക്ക് നേടിയതോ? സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തം

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തര്‍ ലോകകപ്പില്‍ മുന്‍ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിനെ പരാജയപ്പെടുത്തിയാണ് ടീം അര്‍ജന്റീന വിശ്വകിരീടമുയര്‍ത്തിയത്. 1986ന് ശേഷം ഇതാദ്യമായാണ് അര്‍ജന്റീന വിശ്വകിരീടം സ്വന്തമാക്കുന്നത്. കോപ്പ അമേരിക്കയിലും ഫൈനലിസിമ കിരീടത്തിലും മുത്തമിട്ട സൂപ്പര്‍താരം ലയണല്‍ മെസിക്ക് വിശ്വകിരീടം എന്ന സ്വപ്‌നം കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂ.

വിരമിക്കുന്നതിന് മുമ്പ് വേള്‍ഡ് കപ്പ് സ്വന്തമാക്കിയ മെസിയുടെ സന്തോഷ പ്രകടനം ആരാധകര്‍ കൊണ്ടാടുകയായിരുന്നു. കിരീട നേട്ടത്തിന് ശേഷം ഉറങ്ങുമ്പോള്‍ പോലും ട്രോഫി ചേര്‍ത്ത് പിടിച്ചിരിക്കുന്ന ഫോട്ടോ താരം തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചിരുന്നു.

എന്നാല്‍ ഇതിനെതിരെ ശക്തമായ വിമര്‍ശനവുമായി ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. ലയണല്‍ മെസി ഒറ്റക്ക് നേടിയെടുത്ത ട്രോഫിയല്ല ലോകകപ്പെന്നും എങ്ങനെയാണ് ട്രോഫി  ബെഡ്റൂമില്‍ കൊണ്ടുപോകാന്‍ സാധിക്കുന്നതെന്നുമാണ് വിമര്‍ശകര്‍ ഉന്നയിക്കുന്നത്.

ടീം ഔദ്യോഗികമായി ലോകകപ്പ് കിരീടം നേടിയ രാജ്യത്തെ ഫുട്ബോള്‍ അസോസിയേഷന്‍ സൂക്ഷിക്കേണ്ട കിരീടമാണ്. അല്ലാതെ ഏതെങ്കിലും താരത്തിന് വ്യക്തിപരമായി സ്വകാര്യ സ്ഥലങ്ങളില്‍ കൊണ്ടുപോകാന്‍ സാധിക്കുന്നതല്ലെന്നും ചിലര്‍ ആഞ്ഞടിച്ചു.

അതേസമയം, ഫിഫ ലോകകപ്പ് ജേതാക്കള്‍ക്ക് ഇപ്പോള്‍ നല്‍കുന്നത് യഥാര്‍ത്ഥ കിരീടമല്ല. പകരം സ്വര്‍ണ്ണം പൂശിയ ട്രോഫിയാണ് നല്‍കുന്നത്. ഈ കിരീടം ജയിക്കുന്ന ടീമുകള്‍ക്ക് കൊണ്ടുപോകാം. യഥാര്‍ത്ഥ ലോകകപ്പ് ഫിഫയുടെ കൈവശമായിരിക്കും ഉണ്ടാവുക.

ലോകകപ്പിന്റെ സുരക്ഷ മുന്‍നിര്‍ത്തിയാണ് സ്വര്‍ണ്ണം പൂശിയ ലോകകപ്പ് നല്‍കാന്‍ തുടങ്ങിയത്. അര്‍ജന്റീനക്കും ഇത്തവണ ലഭിച്ചത് ഇത്തരത്തിലുള്ള ലോകകപ്പ് തന്നെയാണ്.

ലോകകപ്പ് കിരീട നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും ടീമിന്റെ നായകനുമായ താരത്തിന് ട്രോഫി ബെഡ്‌റൂമില്‍ കൊണ്ടുപോകുന്നതില്‍ നിയമ തടസമില്ല. ചിത്രം എടുക്കുക എന്ന ഉദ്ദേശത്തോടെയാണ് മെസി ലോകകപ്പ് ട്രോഫി ഉപയോഗിച്ചത്.

താരത്തിനെതിരെ വിമര്‍ശനങ്ങള്‍ ശക്തമായിരുന്നെങ്കിലും ട്രോഫിയും കെട്ടിപ്പിടിച്ചുള്ള ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ് വൈറലായത്. ചിലര്‍ മെസിയുടെ ചിത്രത്തിനെതിരെ രൂക്ഷ പരാമര്‍ശം നടത്തിയെങ്കിലും ആരാധകര്‍ ഇത് ആഘോഷമാക്കുന്നുണ്ടെന്നതാണ് വസ്തുത.

മെസി ട്രോഫിയുമായി സ്വന്തം വീട്ടിലേക്ക് പോയതല്ലെന്നും അതുകൊണ്ട് തന്നെ വിരോധികളുടെ വിമര്‍ശനം തോല്‍വിയുടെ സങ്കടം മാത്രമാണെന്നുമാണ് ഇതിന് മറുപടിയായി ആരാധകരുടെ പ്രതികരണം.

സ്വന്തം ടീമിന് ഇത്രയും വലിയ നേട്ടമുണ്ടാക്കി കൊടുക്കുകയും 35ാം വയസില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് വിശ്വകിരീടമുയര്‍ത്തുകയും ചെയ്ത മെസിയെ പോലൊരു താരം ട്രോഫി മുറുകെ പിടിക്കുന്നുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ഫലമാണെന്നും ഒന്നും നേടാനാവില്ലെന്ന ലേബല്‍ ചാര്‍ത്തിയ വിരോധികള്‍ക്കുള്ള മറുപടിയാണെന്നും ആരാധകര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Criticism against Lionel Messi’s picture

We use cookies to give you the best possible experience. Learn more