| Saturday, 21st May 2022, 11:02 pm

സെക്ഷ്വല്‍ ഹരാസ്‌മെന്റിന്റെ റൊമാന്റിസൈസേഷന്‍; ഷോര്‍ട്ട് ഫിലിമിനെതിരെ വിമര്‍ശനം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലൈംഗിക അധിക്ഷേപത്തെ റൊമാന്റിസൈസ് ചെയ്തുകാണിക്കുന്ന ഷോര്‍ട്ട് ഫിലിമിനെതിരെ വിമര്‍ശനം. വിനീത് രാമചന്ദ്രന്‍ സംവിധാനം ചെയ്ത ലയനം എന്ന ഷോര്‍ട്ട് ഫിലിമിനെതിരെയാണ് വിമര്‍ശനം ഉയരുന്നത്.

ഒരു പെണ്‍കുട്ടിക്ക് ഇഷ്ടമല്ലാത്ത രീതിയില്‍ തുറിച്ച് നോക്കുന്നതും കെട്ടിപ്പിടിക്കാന്‍ നിര്‍ബന്ധിക്കുന്നതും തെറ്റല്ലെന്ന രീതിയിലാണ് ഷോര്‍ട്ട് ഫിലിം നിര്‍മിച്ചിരിക്കുന്നത്. ഷോര്‍ട്ട് ഫിലിമിനെതിരെ വിമര്‍ശനം ശക്തമാവുകയാണ്. വീഡിയോയുടെ കമന്റ് സെക്ഷനില്‍ തന്നെ നിരവധി വിമര്‍ശനങ്ങള്‍ വരുന്നുണ്ട്.

ഒരു പെണ്ണിനെയെന്നല്ല ഒരു വ്യക്തിക്ക് പോലും അസ്വസ്ഥത ഉണ്ടാക്കുന്ന രീതിയില്‍ നോക്കുന്നത് തെറ്റാണെന്ന് പ്രേക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

‘വിവരം ഇല്ലായ്മ കാണിച്ചു വച്ചിട്ട് അത് പ്രോഗ്രസീവ് ചിന്തയാണ് എന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നത് വളരെ അപകടം നിറഞ്ഞ ഒരു സാഹചര്യമാണ്’

‘ഈ നൂറ്റാണ്ടിലും സ്ത്രീകള്‍ ബസിലും തിരക്കിലും ആണുങ്ങളുടെ നോട്ടവും തോണ്ടലും ഒക്കെ സഹിച്ചു പ്രതികരിച്ചു ജീവിക്കുന്ന ഈ സാഹചര്യത്തില്‍, നിയമങ്ങള്‍ ശക്തമായ ഈ കാലത്ത്, ഒരു കുട്ടിക്ക് പോലും, ഈ അവസ്ഥയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന മെന്റല്‍ ടോര്‍ച്ചര്‍ മനസ്സിലാകും എന്നിരിക്കെ ഒരു ഉളുപ്പും ഇല്ലാതെ പബ്ലിക് ആയിട്ട് ഇങ്ങനെ ഒരു ഷോര്‍ട്ട് ഫിലിം’

‘എടുത്ത ആള്‍ക്കും അതില്‍ അഭിനയിച്ച എല്ലാവര്‍ക്കും വിവരം ഇല്ലെന്നു മനസ്സിലായി. പിന്നെ ഇതൊക്കെ കണ്ടു കോള്‍മയിര്‍ കൊള്ളുന്ന വിഭാഗത്തെ സുഖിപ്പിക്കാന്‍ എടുത്തതാണേല്‍ വേറെ വല്ല പണിക്കും പോകുന്നത് ആണ് നല്ലത്,’ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

മുമ്പ് ഇത്തരത്തില്‍ ടോക്‌സിക്ക് പ്രണയങ്ങളെ ഗ്ലോറിഫൈ ചെയ്യുന്ന നീഹാരം പെയ്യുന്ന രാവില്‍, രണ്ടു ചായ ഒരു ചിരി മുതലായ ഷോര്‍ട്ട് ഫിലിമുകള്‍ക്കെതിരെയും വിമര്‍ശങ്ങള്‍ ഉയര്‍ന്നിരുന്നു.

Content Highlight: criticism against layanam short film

We use cookies to give you the best possible experience. Learn more