| Friday, 21st October 2022, 6:32 pm

പൊലീസിനെ നിലയ്ക്ക് നിര്‍ത്താന്‍ കഴിയാത്ത ആഭ്യന്തരമന്ത്രിയും, കണ്ണില്‍പൊടിയിടുന്ന നടപടികളും; ഇടതുപക്ഷ പൊലീസ് നയത്തിനെതിരെ പരക്കെ വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളാ പൊലീസിനെയും ഇടതുപക്ഷ സര്‍ക്കാരിനെയും നാണം കെടുത്തുന്ന സംഭവങ്ങളാണ് അടുത്തിടെയായി ഒന്നിന് പിറകെ ഒന്നായി പുറത്തുവരുന്നത്. പൊലീസിന്റെ പ്രവര്‍ത്തനം മെച്ചപ്പെട്ടെന്നും മൂന്നാംമുറ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി ഊറ്റം കൊള്ളുന്നതിനിടെയാണ് പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്ന സംഭവങ്ങളുടെ പരമ്പര തന്നെ കേരളം കണ്ടുകൊണ്ടിരിക്കുന്നത്.

സംസ്ഥാനത്ത് നടക്കുന്ന ഈ പൊലീസ് നരനായാട്ടുകളെല്ലാം വിരല്‍ ചൂണ്ടുന്നത് ഇടതുപക്ഷ സര്‍ക്കാരിലേക്കും, മുഖ്യമന്ത്രിയും സര്‍വോപരി ആഭ്യന്തര മന്ത്രി കൂടിയായ പിണറായി വിജയനിലേക്കുമാണ്. ഇടതുപക്ഷത്തിന്റെ പോലീസ് നയത്തിന് നിരക്കാത്ത സംഭവങ്ങളാണ് കേരളാ പൊലീസ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് സി.പി.ഐ അടക്കം ആരോപണം ഉന്നയിച്ചിരിക്കുകയാണ്.

പോലീസ് സേനയെ നിലയ്ക്ക് നിര്‍ത്താന്‍ പഴയ പാര്‍ട്ടി സെക്രട്ടറിയായ ആഭ്യന്തരമന്ത്രിക്ക് കഴിയുന്നില്ലെന്ന വിമര്‍ശനമാണ് സാമൂഹ്യമാധ്യമങ്ങളിലാകെ വന്നുകൊണ്ടിരിക്കുന്നത്. സൈനികനായ വിഷ്ണുവിനും സഹോദരനും ഡി.വൈ.എഫ്.ഐ നേതാവുമായ വിഘ്നേഷിനുമാണ് കിളികൊല്ലൂര്‍ പോലീസില്‍നിന്ന് ദുരനുഭവം ഉണ്ടായത്.

എം.ഡി.എം.എ കേസില്‍ ഓഗസ്റ്റ് മാസം 25ന് ദമ്പതിമാരടക്കം നാല് പേരെ കിളികൊല്ലൂര്‍ പോലീസ് പിടികൂടിയതാണ് സംഭവങ്ങളുടെ തുടക്കം. ഇവരെ കാണാന്‍ അനുവദിക്കാത്തതിനെത്തുടര്‍ന്ന് സുഹൃത്തുക്കളായ സൈനികനും സഹോദരനും സ്റ്റേഷനില്‍ അതിക്രമിച്ചുകടന്ന് പോലീസുകാരനെ ആക്രമിച്ചെന്ന പേരിലാണ് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തത്.

എന്നാല്‍ വസ്തുത മറച്ചുവെച്ച് പോലീസുകാര്‍ വ്യാജ കേസില്‍ അകപ്പെടുത്തി യുവാക്കളെ മര്‍ദിക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.

എം.ഡി.എം.എ. കേസിലുള്‍പ്പെടുത്തിയ ഇവരെ ക്രൂരമര്‍ദനത്തിനുശേഷം 12 ദിവസമാണ് റിമാന്‍ഡ് ചെയ്തത്. കേസില്‍പ്പെട്ടതോടെ സൈനികനായ വിഷ്ണുവിന്റെ നിശ്ചയിച്ച വിവാഹം മുടങ്ങി. സഹോദരന്‍ വിഘ്‌നേഷിന് പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികയില്‍ ശാരീരിക കായികക്ഷമതാപരീക്ഷയില്‍ പങ്കെടുക്കാനും കഴിയാതെയായി. കോടതിയില്‍ ഹാജരാക്കിയതോടെ മജിസ്ട്രേറ്റിന് മുന്നില്‍ പോലീസിന്റെ ക്രൂരത സഹോദരങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.

മര്‍ദനമേറ്റത് സൈനികനും സഹോദരനായ ഇടതുപക്ഷ യുവജന പ്രസ്ഥാനമായ ഡി.വൈ.എഫ്.ഐയുടെ പ്രവര്‍ത്തകനും ആയിരുന്നിട്ടും പൊതുമധ്യത്തില്‍ പൊലീസ് നരനായാട്ടിന്റെ വസ്തുതകള്‍ വരുന്നതുവരെ നടപടികളൊന്നും ഉണ്ടായില്ലെന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

കഴിഞ്ഞ ദിവസം ‘കേരള ടുഡെ’ എന്നൊരു ഓണ്‍ലൈന്‍ മാധ്യമമാണ് പൊലീസ് ക്രൂരതക്കിരയാക്കപ്പെട്ട ഡി.വൈ.എഫ്.ഐ
ക്കാരന്റെ വെളിപ്പെടുത്തല്‍ പുറത്ത് കൊണ്ടുവന്നത്. ഇതോടെ സംഭവം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയും തുടര്‍ന്ന് മുഖ്യധാരാ മാധ്യമങ്ങളില്‍ വാര്‍ത്തയാകുകയുമായിരുന്നു.

മുന്‍ മന്ത്രി സഖാവ് മേഴ്‌സിക്കുട്ടിയമ്മ വരെ ഇടപെട്ട കേസില്‍ കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ ആഭ്യന്തര വകുപ്പിന്റെ ലിസ്റ്റിലുള്ള ‘കര്‍ശന’ നടപടി എടുക്കാന്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകേണ്ടി വന്നു. ഇതില്‍പ്പരം നാണക്കേട് ആഭ്യന്തര വകുപ്പിനും ഇടതുപക്ഷ സര്‍ക്കാരിനും ഉണ്ടോ എന്ന് ഇടതുപക്ഷ അനുഭാവികളടക്കം സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനമുന്നയിക്കുന്നുണ്ട്.

സമൂഹ മാധ്യമങ്ങളില്‍ ആഭ്യന്തര വകുപ്പിനെതിരെയും പൊലീസ് സേനക്കെതിരെയും വന്ന ചില കാതലായ വിമര്‍ശനങ്ങള്‍ നോക്കാം…

സി.പി.ഐ.എമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇരിക്കുന്ന പഴയ ഡി.വൈ.എഫ്.ഐക്കാര്‍ക്ക് ഈ അനീതിയോടു പ്രതികരിക്കാന്‍ ഒന്നുമില്ലേ? പതിനഞ്ചും പതിനാറും വയസില്‍ എസ്.എഫ്.ഐ എന്നും ഡി.വൈ.എഫ്.ഐ എന്നുമൊക്കെ പറഞ്ഞു വീട്ടില്‍നിന്നും ഇറങ്ങിയവരല്ലേ നിങ്ങള്‍?
നിങ്ങളുടെ പാര്‍ട്ടി ഭരിക്കുന്ന നാട്ടില്‍ ഇമ്മാതിരി ക്രിമിനലുകള്‍ക്ക് സംരക്ഷണം കൊടുത്തിട്ട് യാതൊരു പ്രശ്നവുമില്ലാതെ ജനങ്ങളെ ഇനിയും അഭിമുഖീകരിക്കാമെന്നാണോ നിങ്ങള്‍ കരുതുന്നത്? നിങ്ങള്‍ക്ക് തെറ്റിപ്പോകും. ഭീകരമായി തെറ്റിപ്പോകും എന്നാണ് മാധ്യമപ്രവര്‍ത്തകന്‍ കെ.ജെ. ജേക്കബിന്റെ വിമര്‍ശനം.

ഇടതുപക്ഷത്തിന്റെ പോലീസ് നയത്തിന് നിരക്കാത്ത പലതും കേരളത്തിലെ പൊലീസ് ചെയ്ത് കൂട്ടുന്നുണ്ട്. അതില്‍ രാഷ്ട്രീയ പ്രേരിതമായതും ക്രിമിനല്‍ മനോഭാവത്തിന്റെ ഭാഗമായുള്ളതും ഉണ്ട്. അതിനെ ശക്തമായി തന്നെ നേരിടണം. കേരളത്തിലെ പാര്‍ട്ടി അങ്ങനെ തന്നെ ചെയ്യുമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും പ്രതീക്ഷിക്കുന്നതെന്നാണ് ഇടതുപക്ഷ പ്രവര്‍ത്തകനായ ദീപക് പച്ച ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

പൊലീസ് സേനയെ നിലയ്ക്ക് നിര്‍ത്താന്‍ കഴിയാത്ത ആഭ്യന്തരമന്ത്രി പിണറായി വിജയന്‍ കേരളത്തിന് അപമാനം മാത്രമല്ല മനുഷ്യരുടെ സമാധാന ജീവിതത്തിന് വെല്ലുവിളി കൂടെയാണെന്നാണ് സാമൂഹിക പ്രവര്‍ത്തക ശ്രീജ നെയ്യാറ്റിങ്കരയുടെ വിമര്‍ശനം.

‘പിണറായി വിജയന്റെ അടുത്തയാളോടാ നീ’ എന്ന് ചോദിച്ച് പരിഹസിച്ചുകൊണ്ടാണ് മര്‍ദനം എന്നാണ് കണ്ടത്. മര്‍ദനത്തിന് രാഷ്ട്രീയ കാരണങ്ങള്‍ കൂടിയുണ്ട്. ഇങ്ങനെയുള്ള ക്രിമിനലുകള്‍ സേനയില്‍ ഉണ്ടാകരുതെന്നും അര്‍ഹിച്ച ശിക്ഷ വാങ്ങി കൊടുക്കുക എന്നതുമാണ് ഇരക്ക് ലഭിക്കേണ്ട ന്യായമായ നീതിയെന്നാണ് ശ്രീകാന്ത് പി.കെയുടെ പ്രതികരണം

‘പൊലീസും പട്ടാളവും ഉദ്യോഗസ്ഥവൃന്ദവും അടങ്ങുന്ന ഭരണകൂടം മാറാതെ ഭരണം മാറിയിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല..’ എന്ന
സി.പി.ഐ.എം മുന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയുമായിരുന്ന സഖാവ് ബേബി ജോണിന്റെ വാക്കുകളും സമൂഹ മാധ്യമങ്ങളില്‍ ഇടതുപക്ഷ അനുഭാവികള്‍ പങ്കുവെക്കുന്നുണ്ട്.

എന്തുതന്നെയായാലും സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ ചെങ്കൊടി പിടിക്കുന്ന ഒരു യുവജന നേതാവിനെ അരക്കൊടി പിടിക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ തല്ലിച്ചതച്ച പൊലീസ് നരനായാട്ടിനെയും കണ്ണില്‍പൊടിയിടുന്ന തരത്തിലുള്ള ആഭ്യന്തര വകുപ്പിന്റെ നടപടിയേയും ന്യായീകരിക്കുന്നവര്‍ക്ക് ഇടതുപക്ഷമാണെന്ന് പറയാനുള്ള യോഗ്യതുയുണ്ടോ എന്ന സ്വയം ഒന്ന് വിലയിരുത്തിപ്പോകേണ്ടതുണ്ട്.

Content Highlight: Criticism against Kerala Police and Home Ministry Over Kilikollur Police station Incident

We use cookies to give you the best possible experience. Learn more