| Tuesday, 27th October 2020, 7:55 pm

സ്വാതന്ത്ര്യത്തെ സെന്‍സര്‍ ചെയ്യുന്ന കേരള പൊലീസ് ആക്ട്; സര്‍ക്കാരിന്റെ കഴിവുകേട് മറയ്ക്കാനുള്ള കുറുക്കുവഴി

പി.ബി ജിജീഷ്

ഗവണ്മെന്റ് സംവിധാനങ്ങളുടെ നിഷ്‌ക്രിയത്വത്തെയോ കാര്യശേഷിയില്ലായ്മയെയോപ്രതി ജനരോഷമുയരുമ്പോള്‍ എല്ലാ ഭരണകൂടങ്ങളും സ്വീകരിക്കുന്ന കുറുക്കുവഴിയാണ് നിയമനിര്‍മാണം. ഇതുവഴി രണ്ടു കാര്യങ്ങളാണ് ഭരണകൂടങ്ങള്‍ പറയാന്‍ ശ്രമിക്കുന്നത്.

1. നിങ്ങളുടെ രോഷം ഞങ്ങള്‍ മനസിലാക്കുന്നു. ഇതാവര്‍ത്തിക്കാതിരിക്കാനുള്ള അതിശക്തമായ നടപടികള്‍ ഞങ്ങള്‍ സ്വീകരിക്കുകയാണ്.

2. നിങ്ങളുടെ രോഷത്തിന്റെ കാരണം ഞങ്ങളുടെ കഴിവുകേടല്ല, നിയമത്തിന്റെ അപര്യാപ്തതയാണ്.

അങ്ങനെ ജനരോഷം തണുപ്പിക്കുവാനും സ്വയം കുറ്റവിമുക്തരാകാനും ഇതൊരു നല്ല ഉപായമാണ്. ഒരുപാട് ഉദാഹരണങ്ങളുണ്ട്. നിര്‍ഭയ സംഭവത്തിന് ശേഷം രാജ്യത്തെ തെരുവുകളില്‍ ഉയര്‍ന്ന പ്രതിഷേധാഗ്നി ഒടുവില്‍ നിയമനിര്‍മാണത്തിലാണ് അവസാനിച്ചത്. അതിനുശേഷം ഒരു പതിറ്റാണ്ടോളം പിന്നിടുമ്പോള്‍, നമ്മള്‍ എത്തിനില്‍ക്കുന്നത് ഹാത്രാസിലാണ്. നീതിയെവിടെ എന്ന ചോദ്യത്തിന് ‘വേണമെങ്കില്‍ നിയമമുണ്ടാക്കാം’ എന്ന മറുപടിയില്ല നമുക്ക് വേണ്ടത്. പറ്റിയ വീഴ്ചയ്ക്ക് ഭരണ സംവിധാനത്തേക്കൊണ്ടു സമാധാനം പറയിക്കുന്നിടത്താണ് ജനാധിപത്യം ജീവിക്കുന്നത്.

കേരളത്തില്‍ ഇപ്പോള്‍ സ്ത്രീകളുടെ അഭിമാനം സംരക്ഷിക്കാന്‍ പോലീസ് ആക്ടില്‍ ഭേദഗതിക്കൊരുങ്ങുകയാണ് സര്‍ക്കാര്‍. ഭാഗ്യലക്ഷ്മിക്കും ശ്രീലക്ഷ്മി അറക്കലിനും മറ്റുമെതിരെ വിജു നായരെന്ന ഒരു സൈബര്‍ ആഭാസന്‍ നടത്തിയ ആക്രമണങ്ങളും അവരുടെ പ്രതികരണവുമാണ് അടിയന്തരകാരണം. യഥാര്‍ത്ഥത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ആഭാസകരമായ, അപമാനകരമായ, അഭിപ്രായപ്രകടനങ്ങളും സന്ദേശങ്ങളും പ്രചരിപ്പിച്ചവര്‍ക്കെതിരെ നമ്മുടെ സംവിധാനം പ്രതികരിച്ചില്ല എന്നതായിരുന്നു പ്രശ്‌നം. അവിടെ നിഷ്‌ക്രിയത പാലിച്ചിട്ട് പുതിയ നിയമങ്ങളുമായി വരുന്നതിലൂടെ എന്തു നീതിയാണ് ഇരകള്‍ക്ക് ലഭ്യമാകുക? ക്രിമിനല്‍ നിയമങ്ങള്‍ക്ക് മുന്‍കാല പ്രാബല്യമുണ്ടാകുകയില്ല എന്ന നിയമതത്വം ജനങ്ങളും മനസ്സിലാക്കേണ്ടതുണ്ട്. അല്ലെങ്കില്‍ തന്നെ എന്തു പുതിയ കുറ്റകൃത്യമാണ് ഇവിടെ നിര്‍വചിക്കപ്പെടുന്നത്?

നിയമഭേദഗതിയ്ക്ക് സ്ത്രീസുരക്ഷയുമായി ബന്ധമൊന്നുമില്ല

സ്ത്രീകള്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ തടയുവാനാണ് ഈ നിയമഭേദഗതി എന്നതാണ് ഔദ്യോഗിക ഭാഷ്യം, എന്നാലതുവഴി സ്ത്രീകള്‍ക്കെതിരായ ഏതു പുതിയ കുറ്റകൃത്യമാണ് നിര്‍വചിക്കപ്പെടുന്നത് എന്നുകൂടിയാലോചിക്കുമ്പോഴാണ് നടപടിയിലെ കാപട്യം നമുക്ക് ബോധ്യപ്പെടുക.

‘ഭീഷണിപ്പെടുത്തുന്നതോ, അപഹസിക്കുന്നതോ, മാനഹാനി ഉണ്ടാക്കുന്നതോ ഒരു വ്യക്തിയുടെ യശസ്സിന് കോട്ടം വരുത്തുന്നതോ ആയ സന്ദേശങ്ങള്‍ നിര്‍മിക്കുകയോ, പ്രചരിപ്പിക്കുകയോ ചെയ്യുന്നത് അഞ്ചുവര്‍ഷം വരെ തടവോ പതിനായിരം രൂപവരെ പിഴയോ, ഇതു രണ്ടുമോ ലഭിക്കാവുന്ന കുറ്റമായിരിക്കും’ എന്ന തരത്തിലാണ് ഭേദഗതി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ നിര്‍വചിക്കപ്പെടുന്ന കുറ്റമേതാണ്? സ്ത്രീകള്‍ക്കെതിരെയുള്ള ഏത് അതിക്രമമാണ് ഇവിടെ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്? ഒന്നുമില്ല. അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള പൊതു നിയന്ത്രണങ്ങള്‍ മാത്രമാണ് ഭേദഗതിയുടെ ടെക്സ്റ്റില്‍ നമ്മള്‍ കാണുന്നത്. അതിന് സ്ത്രീകളുടെ അഭിമാനസംരക്ഷണവുമായി നേരിട്ട് ബന്ധമൊന്നുമില്ല.

സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് കുറ്റകൃത്യമെങ്കില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 509, മോശമായ രീതിയില്‍ സ്ത്രീകളെ ചിത്രീകരിക്കുകയോ, ലൈംഗീക ചൂഷണത്തിന് ശ്രമിക്കുകയോ ചെയ്താല്‍ വകുപ്പ് 354എ, മോശമായ സന്ദേശങ്ങള്‍ (ചിത്രമോ ദൃശ്യമോ) എടുക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്താല്‍ പോലീസ് ആക്ടിലെ തന്നെ വകുപ്പ് 119 (എ&ബി) ഒക്കെ അനുസരിച്ച് പൊലീസിന് നടപടികള്‍ സ്വീകരിക്കാവുന്നതാണ്. അതു കൂടാതെ വന്നാല്‍ ഇരകള്‍ക്ക് ഐ.പി.സി. വകുപ്പ് 499 അനുസരിച്ച് മാനനഷ്ടത്തിന് കോടതിയെ സമീപിക്കാവുന്നതാണ്.

ഈ നിയമസാധ്യതകളൊക്കെ നിലനില്‍ക്കേ, അധികാരികള്‍ അപ്രകാരം നടപടികള്‍ സ്വീകരിക്കാതെ വരികയും ഇരകളായ സ്ത്രീകള്‍ക്ക് നേരിട്ട് പ്രതികരിക്കേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്തപ്പോള്‍ സൈബര്‍ നിയമങ്ങളുടെ അപര്യാപ്തതയാണ് കാരണം എന്ന് പറയുന്നത് അയുക്തികമാണ്. കാരണം ഇവിടെ പ്രശ്‌നം കുറ്റകൃത്യമാണ് അല്ലാതെ കുറ്റകൃത്യം ഏതു മാധ്യമത്തിലൂടെയാണ് നടത്തിയത് എന്നതല്ല.

സൈബര്‍ ഇടങ്ങളിലാണെങ്കിലും പരമ്പരാഗത മാര്‍ഗങ്ങള്‍ വഴിയാണെങ്കിലും ഈ കുറ്റകൃത്യങ്ങള്‍ ഒരുപോലെ ശിക്ഷിക്കപ്പെടേണ്ടതാണ്. അതിനാണ് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ മേല്‍പ്പറഞ്ഞ വകുപ്പുകള്‍ ഉള്ളത്. അല്ലാതെ ഓണ്‍ലൈന്‍ അതിക്രമമാണെങ്കില്‍ നിലവിലെ നിയമങ്ങള്‍ ബാധകമല്ല എന്ന സ്ഥിതിവിശേഷമൊന്നുമില്ല. നിയമങ്ങളില്ലാത്തതാണ് നടപടികള്‍ എടുക്കാത്തതിനുള്ള കാരണമെന്ന് അധികാരികള്‍ പറഞ്ഞാല്‍ അത് അവാസ്തവമാണ്. ദൗര്‍ഭാഗ്യവശാല്‍ നീതി നിഷേധിക്കപ്പെട്ട ഇരകളും ഈ കാഴ്ചപ്പാട് പങ്കുവെക്കുന്നതായാണ് നമ്മള്‍ കാണുന്നത്.

യഥാര്‍ത്ഥത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങളെ സംബന്ധിച്ച നിയമങ്ങള്‍ ഓഫ്-ലൈന്‍ ലോകത്തേക്കാള്‍ ശക്തമാണ്. 2000-ലെ ഐ.ടി ആക്ടിലെ വകുപ്പ് 67 പ്രകാരം കാമാതുരമോ അശ്ലീലമോ ആയ സന്ദേശങ്ങള്‍ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്താല്‍ 3 വര്‍ഷം തടവും 5 ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. എന്നാല്‍ ഇതേ കുറ്റത്തിന്, സൈബറിടത്തിന് പുറത്ത്, ഇന്ത്യന്‍ ശിക്ഷാനിയമം വകുപ്പ് 292 അനുസരിച്ച് 2 വര്‍ഷം തടവും 2000 രൂപ പിഴയും മാത്രമാണ് നിശ്ചയിച്ചിരിക്കുന്നത്. അതില്‍ തന്നെ ശാസ്ത്രം, സാഹിത്യം, കല തുടങ്ങിയ മേഖലകളെ ഒഴിവാക്കിയിട്ടുമുണ്ട്. എന്നാല്‍ ഇവിടെ സൈബര്‍ ലോകത്ത് ഇങ്ങനെയുള്ള പരിഗണനകള്‍ ഒന്നുമില്ല തന്നെ.

പറഞ്ഞുവരുന്നത് സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് പ്രത്യേക നിയമം വേണ്ട എന്നല്ല. ഫിഷിംഗ് പോലെ, സ്പാമുകളും മാല്‍വെയറുകളും ഒക്കെപോലെ ഇന്റര്‍നെറ്റ്/കംപ്യൂട്ടര്‍ അധിഷ്ഠിതമായി മാത്രം വരുന്ന പുതിയ കുറ്റകൃത്യങ്ങള്‍ക്ക് അതിനനുസൃതമായ നിയമങ്ങള്‍ ആവശ്യമാണ്. എന്നാല്‍ പൊതു നിയമങ്ങളുടെ പരിധിയില്‍ വരുന്ന കാര്യങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ പ്രത്യേക നിയമം ആവശ്യമേയല്ല.

അഭിപ്രായ സ്വാതന്ത്ര്യത്തിന് കൊണ്ടുവരുന്ന നിയന്ത്രണങ്ങള്‍ ഏതെങ്കിലും പ്രത്യേക മാധ്യമത്തെ (ഉദാഹരണത്തിന് ഇന്റര്‍നെറ്റ്) ഉദ്ദേശിച്ച് ആകേണ്ടതില്ല. മാധ്യമാധിഷ്ഠിതമല്ലാത്ത പൊതുനിയമങ്ങള്‍ മുഖേനയാണ് അഭിപ്രായ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കേണ്ടത്. ആ നിയന്ത്രണങ്ങള്‍ ഏതൊരു മാധ്യമത്തിനും ബാധകമായിരിക്കുകയും ചെയ്യും. അത്തരത്തിലുള്ള ഏതൊരു നിയന്ത്രണവും ഭരണഘടന അനുശാസിക്കുന്ന പരിധികള്‍ക്കകത്തായിരിക്കുകയും വേണം.

സുപ്രീംകോടതി വിധിയുടെ ലംഘനം

ഇവിടെ പൊലീസ് ആക്ടിലെ ഭേദഗതിയിലൂടെ ഗവണ്‍മെന്റ് കൊണ്ടുവരുന്ന നിയന്ത്രണങ്ങള്‍ പ്രഥമദൃഷ്ട്യാ തന്നെ അവ്യക്തവും അനിയന്ത്രിതവും ആനുപാതികമല്ലാത്തതുമായ തരത്തിലുള്ളതാണ്. 2015-ലെ ശ്രേയ സിംഗാള്‍ കേസിലെ സുപ്രീം കോടതി വിധി മുന്നോട്ടുവെക്കുന്ന നിയമതത്വങ്ങളുടെ നഗ്നമായ ലംഘനമാണ് ഈ ഭേദഗതി നിര്‍ദ്ദേശം.

അഭിപ്രായ സ്വാതന്ത്ര്യത്തെ സംബന്ധിച്ച ഇന്ത്യന്‍ നിയമവൈജ്ഞാനിക ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു ശ്രേയ സിംഗാള്‍ കേസ്. 1960-ലെ രാം മനോഹര്‍ ലോഹ്യ കേസിലെ സുപ്രധാന വിധി തുറന്നിട്ട നിയമവീഥിയുടെ സ്വാഭാവിക പരിസമാപ്തി എന്ന തരത്തില്‍ മാത്രമല്ല, ഒരുപക്ഷേ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഉദാത്തമാതൃകയെന്നു ലോകം കരുതുന്ന അമേരിക്കയുടെ ഒന്നാം ഭേദഗതിയേക്കാള്‍ ഇന്ത്യന്‍ ഭരണഘടന അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കുന്നു എന്നു വ്യാഖ്യാനിക്കുക വഴി ജനാധിപത്യത്തില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ സര്‍വ്വപ്രധാനമായ മൂല്യത്തെ ആവര്‍ത്തിച്ച് അടയാളപ്പെടുത്തുകയും ചെയ്യുകയും ചെയ്തു ജസ്റ്റിസ് ചലമേശ്വറും, ജസ്റ്റിസ് ആര്‍.എഫ് നരിമാനും അടങ്ങിയ ബെഞ്ച്.

മതവികാരം വൃണപ്പെടുത്തുന്നതിനു ശിക്ഷ നിശ്ചയിക്കുന്ന ഐ.പി.സി സെക്ഷന്‍ 295എ ശരിവെച്ച 1957-ലെ രാംജി ലാല്‍ മോഡി കേസ്, രഞ്ജിഷ് ഉദേശി കേസ്, സിനിമ സെന്‍സറിംഗ് മൗലീകാവകാശ ലംഘനമല്ലെന്നു വിധിച്ച കെ.എ. അബ്ബാസ് കേസ്, പത്രങ്ങളെ നിയന്ത്രിക്കാന്‍ കഴിയുന്ന നിയമം ശരിവെച്ച വീരേന്ദ്ര കേസ് എന്നിങ്ങനെ അഭിപ്രായ സ്വാതന്ത്ര്യം സംബന്ധിച്ച ഭരണഘടനാ പദ്ധതിയെ അവഗണിച്ച ഏതാനും ഉത്തരവുകളുടെ നിയമയുക്തിയെ നിരാകരിച്ചുകൊണ്ട്, ഭരണഘടനയുടെ അനുച്ഛേദം 19(2) അനുസരിച്ച് അഭിപ്രായ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കണമെങ്കില്‍ അഭിപ്രായവും ക്രമസമാധാന തകര്‍ച്ചയും തമ്മില്‍ വ്യക്തവും സത്വരവുമായ ബന്ധമുണ്ടെങ്കില്‍ മാത്രമേ കഴിയൂ എന്ന് അര്‍ത്ഥശങ്കക്ക് ഇടയില്ലാത്ത വിധം വ്യക്തമാക്കുന്നുണ്ട് ഈ വിധിയില്‍.

ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍                                            ജസ്റ്റിസ് ചലമേശ്വര്‍

അമേരിക്കയില്‍ അനിവാര്യമായ പൊതുതാത്പര്യം ഉണ്ടെന്നു സ്ഥാപിച്ചെടുക്കാന്‍ ഗവണ്മെന്റിന് കഴിഞ്ഞാല്‍ അഭിപ്രായസ്വാതന്ത്ര്യത്തിനുമേലുള്ള നിയന്ത്രണങ്ങള്‍ സാധ്യമാണ്. എന്നാല്‍ ഇന്ത്യന്‍ ഭരണഘടനയാകട്ടെ അനുച്ഛേദം 19(2)ല്‍ പറഞ്ഞിട്ടുള്ള രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, രാജ്യസുരക്ഷ, സുഹൃദ്-രാഷ്ട്രങ്ങളുമായുള്ള ബന്ധം, ക്രമസമാധാനം, മാന്യത അല്ലെങ്കില്‍ ധാര്‍മികത എന്നിവക്ക് എതിരാകുക, കോടതിയലക്ഷ്യം, മാനഹാനി അല്ലെങ്കില്‍ അക്രമാഹ്വാനം എന്നീ എട്ടു സാഹചര്യങ്ങളില്‍ മാത്രമേ നിയന്ത്രണങ്ങള്‍ അനുവദിക്കുന്നുള്ളൂ. അതില്‍ ‘പൊതുതാത്പര്യം’ ഒരു ഘടകമേയല്ല എന്ന് അടിവരയിട്ടു പറയുകവഴി മേല്‍ സൂചിപ്പിച്ച കേസുകളില്‍ സുപ്രീം കോടതി സ്വീകരിച്ച തെറ്റായ നിയമയുക്തിയെ നിരാകരിച്ചുകൊണ്ട്, ഭരണഘടനയുടെ ആത്മാവിനെ വീണ്ടെടുക്കുകയാണ് പരമോന്നത നീതിപീഠം.

രാംമനോഹര്‍ ലോഹ്യ കേസിലും രംഗരാജന്‍ കേസിലുമെല്ലാം അഭിപ്രായങ്ങളെ വിലക്കണമെങ്കില്‍ പങ്കുവെക്കുന്ന വാക്കുകളും അക്രമവും തമ്മില്‍ വ്യക്തവും സത്വരവുമായ ബന്ധമുണ്ടാകണമെന്നു വ്യക്തമാക്കിയിട്ടുണ്ട് സുപ്രീം കോടതി. ശ്രേയാ സിംഗാള്‍ കേസിലെ ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍ എഴുതിയ വിധിയില്‍, ആശയപ്രചാരണവും അക്രമാഹ്വാനവും തമ്മിലുള്ള വ്യത്യാസം എടുത്തുപറയുന്നുണ്ട്. ‘എത്ര അപ്രിയമായിരുന്നാലും, ഒരു ആശയത്തെക്കുറിച്ചുള്ള കേവല ചര്‍ച്ചകളോ, പ്രചാരണമോ ഒക്കെ അനുച്ഛേദം 19(1)(എ)യുടെ ഹൃദയമാണ്. അത് അക്രമാഹ്വാനമായി മാറുമ്പോള്‍ മാത്രമാണ് അനുച്ഛേദം 19(2) കടന്നു വരുന്നത്.’

അതായത് വിപ്ലവത്തിലൂടെ വിമോചനം സ്വപ്നം കാണുന്ന ആശയങ്ങളെക്കുറിച്ച് എഴുതുകയോ പ്രസംഗിക്കുകയോ ചെയ്യുന്നത് ഒരു കുറ്റമല്ല. എന്നാല്‍ ഒരു ജനക്കൂട്ടത്തെ അക്രമത്തിനു നേരിട്ടു പ്രേരിപ്പിക്കുകയോ നേതൃത്വം കൊടുക്കുകയോ ചെയ്താല്‍ അതു കുറ്റകൃത്യമാണ്. ആശയപ്രചാരണത്തിന്റെ തലത്തില്‍ ഒരു സന്ദേശത്തെയോ ദര്‍ശനത്തെയോ ക്രിമിനല്‍വത്കരിക്കാന്‍ കഴിയില്ല. സന്ദേശവും അക്രമവും തമ്മില്‍ വ്യക്തവും സത്വരവുമായ ബന്ധം യുക്തിസഹമായി സ്ഥാപിക്കാന്‍ കഴിഞ്ഞാലാണ് അതു കുറ്റകരമാകുക.

പരിഗണനയിലുള്ള ഭേദഗതിയിലൊരിടത്തും ന്യായീകരണമായി ക്രമസമാധാനലംഘനം എന്ന പ്രശ്‌നം കടന്നു വരുന്നില്ല. ഭരണഘടനയുടെ അനുച്ഛേദം 19(2)ല്‍ പ്രതിപാദിക്കുന്ന രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, രാജ്യസുരക്ഷ, സുഹൃദ് രാഷ്ട്രങ്ങളുമായുള്ള ബന്ധം, ക്രമസമാധാനം, മാന്യത അല്ലെങ്കില്‍ ധാര്‍മികത എന്നിവ്ക്ക് എതിരാകുമ്പോഴോ, കോടതിയലക്ഷ്യം എന്നിവയൊന്നുമല്ല ഇവിടെ പ്രശ്‌നം. അതുകൊണ്ടു തന്നെ ഭരണഘടനാപരമായി ന്യായീകരണം കണ്ടെത്തുക പ്രയാസമായിരിക്കും.

ശ്രേയ സിംഗാള്‍ കേസില്‍ ഐ.ടി. ആക്ടിലെ വകുപ്പ് 66(എ)-യും കേരള പൊലീസ് ആക്ടിലെ 118(ഡി)-യും റദ്ദു ചെയ്യുമ്പോള്‍ സുപ്രീം കോടതി ഇതേ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു. പ്രസ്തുത വിധിയില്‍ കോടതി ഊന്നല്‍ നല്‍കിയ മറ്റൊരു നിയമതത്വം നിയമത്തിന്റെ അവ്യക്തത നിയമം റദ്ദു ചെയ്യാനുള്ള ഒരു കാരണമാണ് എന്നതായിരുന്നു.

സാധാരണബുദ്ധിയുള്ള മനുഷ്യര്‍ക്ക് ഈ നിയമം വഴി എന്തൊക്കെയാണ് നിരോധിക്കപ്പെട്ടിട്ടുള്ളത് എന്നു വേര്‍തിരിച്ചറിയാന്‍ കഴിയാത്ത തരത്തില്‍ അനിര്‍ണിതമായ കുറ്റകൃത്യങ്ങള്‍ ഉള്‍ച്ചേര്‍ക്കുമ്പോഴാണ് നിയമം അവ്യക്തമാണ് എന്നു പറയുക. ഏതാണ് നിയമവിരുദ്ധം ഏതാണ് നിയമവിധേയം എന്ന കാര്യം പൊലീസിന്റെയോ വിചാരണക്കോടതിയുടെയോ തികച്ചും അവസരവാദപരമായ വിഷയാധിഷ്ഠിത നിലപാടുകള്‍ക്ക് വിട്ടുകൊടുക്കുകവഴി വിവേചനപരവും തോന്ന്യാസപരവുമായി നിയമം നടപ്പിലാക്കാനുള്ള സാധ്യതകള്‍ തുറന്നിടുന്നത് അനുവദനീയമല്ല എന്നാണ് കോടതി സ്വീകരിച്ച നിലപാട്.

എന്തു കാരണം പറഞ്ഞും ഒരാളെ കസ്റ്റഡിയില്‍ എടുക്കാമെന്നും പിന്നീട് പൊലീസിന്റെ ചെയ്തി ശരിയാണോ തെറ്റാണോ എന്ന് കോടതികള്‍ ഇടപെട്ട് തീര്‍പ്പാക്കണമെന്നും വരുന്നത് ഭരണഘടനാപരമല്ല, അതുകൊണ്ടാണ് സെക്ഷന്‍ 66(എ)-യിലെ വാക്കുകള്‍ എടുത്തുപറഞ്ഞുകൊണ്ട് നിയമം വിവേചനപരമായ വ്യാഖ്യാനങ്ങള്‍ക്ക് വിധേയമാകാനിടയുണ്ടെന്നു കണ്ടെത്തി കോടതി റദ്ദു ചെയ്തു. ഇവിടെയും insult, harm to reputation of an individual തുടങ്ങിയ പദങ്ങള്‍ ഏറ്റവും അവ്യക്തത നിറഞ്ഞതാണ്.

തികച്ചും ന്യായമായ വിമര്‍ശനങ്ങളും കലാ-സാഹിത്യ-ഗവേഷണ പ്രസിദ്ധീകരണങ്ങള്‍ പോലും ഇതിന്റെ പരിധിയില്‍ വന്നേക്കാം. പ്രസിദ്ധീകരിക്കുന്ന ആള്‍ മാത്രമല്ല, പ്രചരിപ്പിക്കുന്നവരും തെറ്റുകാരാകുന്നു എന്നു വരുന്നത് സെക്ഷന്‍-66(എ)-യുടെയും 118(ഡി)-യുടേയുമൊക്കെ തനിയാവര്‍ത്തനമാക്കുന്നുണ്ട് ഈ ഭേദഗതിയെ. താക്കറെയുടെ മരണത്തെ തുടര്‍ന്നുണ്ടായ ഹര്‍ത്താലിനെതിരെ വന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് ലൈക്ക് ചെയ്തതിനാണ് മലയാളിയായ റിനു ശ്രീനിവാസനെ സെക്ഷന്‍ 66(എ) പ്രകാരം മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തത്. കേരള പൊലീസ് ആക്ടിലെ 118(ഡി) മാധ്യമ വിമര്‍ശനത്തിന്റെ പേരില്‍ ഒരു അഭിഭാഷകനെ വേട്ടയാടാന്‍ ഉപയോഗിക്കുകയുണ്ടായി. അതിലേറെ ഗുരുതരമാണ് ഭേദഗതി നിര്‍ദേശങ്ങള്‍. 118(ഡി) പ്രകാരം ശിക്ഷ മൂന്നു വര്‍ഷം തടവും പിഴയുമായിരുന്നെങ്കില്‍ ഇപ്പോള്‍ അത് 5 വര്‍ഷവും പിഴയുമായി ഉയര്‍ത്താനാണ് നിര്‍ദ്ദേശം.

അഭിപ്രായസ്വാതന്ത്ര്യം പോലുള്ള മൗലീകാവകാശങ്ങളെ ബാധിക്കുന്ന നിയമങ്ങള്‍ ഏറ്റവും സൂക്ഷമമായ തലത്തില്‍, ഭരണഘടന അനുവദിക്കുന്ന നിയന്ത്രങ്ങളുടെ പരിധി ലംഘിക്കുന്നില്ല എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. നിയമനിര്‍മാണ സഭകള്‍ക്ക് ഭരണഘടന കല്‍പ്പിച്ചു നല്കിയ നിയന്ത്രണാധികാരങ്ങള്‍ക്ക് അപ്പുറത്തേക്ക് നിയമത്തിന് പോകാന്‍ കഴിയില്ല. ഭരണഘടനാ സംരക്ഷണം ഉറപ്പുനല്‍കുന്ന അഭിപ്രായങ്ങളെ നിയന്ത്രിക്കാനാവില്ല, ചിലര്‍ക്ക് അത് എത്ര അപ്രിയമാണെങ്കിലും. അങ്ങനെ അധികാരവിസ്തൃതിയെ ഉല്ലംഘിക്കുന്ന നിയമങ്ങള്‍ ആനുപാതികതാപരീക്ഷയെ അതിജീവിക്കുകയില്ല എന്നും അതുകൊണ്ടുതന്നെ ഭരണഘടനാ വിരുദ്ധമാണെന്നും ശ്രേയ സിംഗാള്‍ കേസില്‍ സുപ്രീം കോടതി പറയുന്നുണ്ട്.

പരിധികള്‍ കടന്ന വ്യാഖ്യാനങ്ങള്‍ക്ക് ഇടനല്‍കുന്ന നിയമങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങു തടിയായി മാറും. എന്തു പറഞ്ഞാലാണ് കുറ്റകൃത്യമായി മാറുക എന്ന സംശയം ഉള്ളില്‍ നിലനില്‍ക്കുന്നതിന്റെ ഫലമായി കാര്യങ്ങള്‍ തുറന്നുപറയുന്നതില്‍ നിന്ന് ജനങ്ങള്‍ സ്വയം പിന്മാറുന്ന സാഹചര്യമുണ്ടാകും. സ്വന്തം സുരക്ഷയേക്കരുതി ജനം സ്വയം സെന്‍സര്‍ ചെയ്യാനാരംഭിക്കും. ഒരു ജനാധിപത്യ വ്യവസ്ഥ്ക്ക് വേണ്ട അനിവാര്യമായ സംവാദ സാധ്യതകളും വിമര്‍ശനങ്ങളും ഇല്ലാതെയാവുകയും ജനാധിപത്യത്തിന്റെ അര്‍ത്ഥം നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിനാണ് അത് വഴിവയ്ക്കുന്നത്. അഭിപ്രായസ്വാതന്ത്ര്യത്തെ അപകടപ്പെടുത്തുന്ന നിയമങ്ങള്‍ ഭരണഘടനാവിരുദ്ധമാണെന്നും അമിതാധികാര പ്രയോഗമായി കണ്ട് അതു റദ്ദാക്കുന്നു എന്നുമായിരുന്നു സുപ്രീം കോടതി നിലപാട്.

ശ്രേയ സിംഗാള്‍ കേസില്‍ സുപ്രീംകോടതി മുന്നോട്ടുവച്ച നിയമവൈജ്ഞാനിക തോതുകളിലേതു വെച്ചു നോക്കിയാലും ഭരണഘടനാവിരുദ്ധമാണ് ഇപ്പോള്‍ ഗവണ്മെന്റ് ആലോചിക്കുന്ന ഭേദഗതി. വിവരസാങ്കേതികതാ നിയമത്തിലെ സെക്ഷന്‍ 66(എ) സംബന്ധിച്ചും ക്രിമിനല്‍ മാനനഷ്ടം സംബന്ധിച്ച ഐ.പി.സി 499, 500 എന്നിവ സംബന്ധിച്ചും ഭരണഘടനാ ധാര്‍മികതയുടെ പക്ഷത്തു നിന്നുകൊണ്ട് എതിര്‍ക്കുന്ന നിലപാട് സ്വീകരിച്ചിട്ടുള്ള സി.പി.ഐ.(എം) നേതൃത്വം നല്‍കുന്ന ഒരു ഗവണ്മെന്റാണ് ഇത്തരമൊരു നിയമനിര്‍മാണത്തെക്കുറിച്ച് ആലോചിക്കുന്നത് എന്നതാണ് ദുഖകരമായ വൈരുദ്ധ്യം. അതും ഓര്‍ഡിനന്‍സ് വഴി.

ഓര്‍ഡിനന്‍സ് രാജ്

മഹാമാരിയുടെ കാലം ലോകമെങ്ങുമുള്ള ഭരണകൂടങ്ങള്‍ തങ്ങളുടെ അധികാര വിപുലീകരണത്തിനുള്ള അവസരമായിക്കൂടി കാണുന്നുണ്ട്. സര്‍വെയ്‌ലന്‍സ് സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനും പൗരാവകാശങ്ങളെ പരിമിതപ്പെടുത്താനും ഹംഗറിയില്‍ കണ്ടതുപോലെ ജനാധിപത്യം തന്നെ ഇല്ലായ്മ ചെയ്യാനും ഇത് ഉപയോഗിക്കുന്നു. ഓര്‍ഡിനന്‍സുകള്‍ അതിലേക്കുള്ള ഒരു കുറുക്കുവഴിയാണ്. നിയമനിര്‍മാണ സഭകളുടെ, പ്രതിപക്ഷത്തിന്റെ, മാധ്യമങ്ങളുടെ ഒന്നും സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാകാതെ ഏതു നിയമവും പാസാക്കിയെടുക്കാനുള്ള ത്വര ഗവണ്മെന്റുകള്‍ക്കുണ്ട്.

ഗവര്‍ണര്‍മാര്‍ക്ക് ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിക്കുവാന്‍ അധികാരം നല്‍കുന്ന ഭരണഘടനയുടെ 213-ാം അനുച്ഛേദം ഒരു സാധാരണ അധികാരമല്ലെന്നും, അസാമാന്യ സാഹചര്യങ്ങളില്‍ അനിവാര്യമാണ് എന്നു കണ്ടാല്‍ മാത്രം പ്രയോഗിക്കേണ്ടതാണ് എന്നും ഓര്‍ക്കേണ്ടതുണ്ട്. 213(2)ല്‍ പറഞ്ഞിരിക്കുന്നതുപോലെ ഈ ബില്ലിന് നിയമത്തിന്റെ അതേ ഫലം അതിന്റെ വാച്യാര്‍ത്ഥത്തില്‍ ഉണ്ടാകുകയില്ല എന്ന് കൃഷ്ണകുമാര്‍ കേസില്‍ സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. ഓര്‍ഡിനന്‍സിന് ഭരണഘടനാ സാധുത ഉണ്ടാകണമെങ്കില്‍ ‘അടിയന്തര നടപടി അനിവാര്യമായ’ ഘട്ടമെന്ന് ഗവര്‍ണറെ ബോദ്ധ്യപ്പെടുത്തുന്ന രേഖകള്‍ ഉണ്ടാകേണ്ടതുണ്ട്. അക്കാരണത്താല്‍ തന്നെ ഓര്‍ഡിനന്‍സുകളെ ചോദ്യം ചെയ്യാന്‍ കഴിയും എന്നും സുപ്രീം കോടതി പ്രസ്താവിച്ചു.

ഒരുപടികൂടി കടന്ന് 2020 മെയ് 29-ന് ആന്ധ്രാപ്രദേശ് ഹൈക്കോടതി ഡോ. എന്‍. രമേശ് കുമാര്‍ കേസില്‍ ഓര്‍ഡിനന്‍സ് അനിവാര്യമെന്ന് ഗവര്‍ണര്‍ക്ക് ബോധ്യപ്പെട്ട കാരണങ്ങളെ സംബന്ധിച്ച രേഖകള്‍ പരിശോധിച്ച്, അത് മതിയായ കാരണമല്ല എന്നു കണ്ടെത്തി, ആന്ധ്രാ ഇലക്ഷന്‍ കമ്മീഷണറുടെ കാലാവധി കുറയ്ക്കുന്നതിന് വേണ്ടി കൊണ്ടുവന്ന ഓര്‍ഡിനന്‍സ് റദ്ദാക്കുകയുണ്ടായി. ഈ പശ്ചാത്തലത്തില്‍ ഏതു തരത്തിലുള്ള അടിയന്തര സാഹചര്യത്തിന്റെ അനിവാര്യതയാണ് കേരള പൊലീസ് ആക്ട് ഓര്‍ഡിനന്‍സിലൂടെ ഭേദഗതി ചെയ്യുവാന്‍ ഉണ്ടായിരുന്നത് എന്നു പരിശോധിക്കപ്പെട്ടാലും ഭരണഘടനാപരമായി നിലനില്‍ക്കില്ല എന്നു തന്നെവേണം കരുതാന്‍.

അങ്ങനെ ഭരണകൂടപരതയുടെ ഏതൊരു ഉരകല്ലിലുരച്ചു നോക്കിയാലും പരാജയപ്പെടുന്നൊരു നിയമ ഭേദഗതി ഓര്‍ഡിനന്‍സിലൂടെ നടപ്പില്‍ വരുത്തുമെന്ന് പറയുന്നത് വ്യവസ്ഥിതിയുടെ ശേഷിയില്ലായ്മയെയും നിഷ്‌ക്രിയത്വത്തെയും മറയ്ക്കാനുള്ള കാപട്യം മാത്രമല്ല, ജനാധിപത്യ-ഭരണഘടനാ മൂല്യങ്ങള്‍ക്കെതിരെയുള്ള വെല്ലുവിളികൂടിയാണ്. അതിന് സ്ത്രീസുരക്ഷയുമായി പുലബന്ധം പോലുമില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kerala Police Act Amendment, a trick by the Govt. and it curtails freedom of the people, P B Jijeesh writes

പി.ബി ജിജീഷ്

We use cookies to give you the best possible experience. Learn more