| Saturday, 18th March 2023, 4:57 pm

എന്തിനാ കെ.ജി.എഫിനെ പോലെയൊന്ന്, കെ.ജി.എഫ് തന്നെ തരില്ലേ; റിലീസിന് പിന്നാലെ കബ്‌സക്ക് വിമര്‍ശനം, പരിഹാസം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഉപേന്ദ്ര നായകനായ കന്നഡ ചിത്രം കബ്‌സ മാര്‍ച്ച് 17നാണ് തിയേറ്ററുകളിലെത്തിയത്. 1930കളില്‍ സംഭവിക്കുന്ന ആക്ഷന്‍ പിരിയഡ് ഡ്രാമയാണ് കബ്‌സ. ആര്‍. ചന്ദ്രു സംവിധാനം ചെയ്ത ചിത്രത്തില്‍ കിച്ചാ സുദീപ്, ശ്രീയ ശരണ്‍, ശിവ രാജ്കുമാര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

റിലീസ് ചെയ്ത ഒരു ദിവസം പിന്നിടുമ്പോള്‍ തന്നെ ചിത്രത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ചിത്രത്തിന് കെ.ജി.എഫുമായുള്ള സാമ്യമാണ് പ്രധാനമായും സോഷ്യല്‍ മീഡിയ ഉയര്‍ത്തി കാണിക്കുന്നത്. കെ.ജി.എഫിന്റെ സ്പൂഫാണ് ചിത്രമെന്നും ഇങ്ങനെയൊക്ക കോപ്പിയടിച്ചുവെക്കാമോയെന്നും ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്.

കെ.ജി.എഫിനെ പോലെ ഡാര്‍ക്ക് വിഷ്വല്‍സും കാതടിപ്പിക്കുന്ന ബാക്ക് ഗ്രൗണ്ട് മ്യൂസിക്കും എഡിറ്റിങ്ങും ഉണ്ടെന്നും എന്നാല്‍ കെ.ജി.എഫിനെ പോലെ എന്‍ഗേജിങ്ങല്ലെന്നുമാണ് പ്രേക്ഷകര്‍ പറയുന്നത്.

ഉപേന്ദ്രക്ക് കെ.ജി.എഫ് പോലെയൊരു ചിത്രം വേണമെന്ന് പറഞ്ഞപ്പോള്‍, എന്തിനാ കെ.ജി.എഫിനെ പോലെ, കെ.ജി.എഫ് തന്നെ ഞാന്‍ ചെയ്തു തരില്ലേ എന്ന് പറഞ്ഞ് സംവിധായകന്‍ ചെയ്ത സിനിമയാണ് ഇതെന്നും സോഷ്യല്‍ മീഡിയയില്‍ പരിഹാസങ്ങള്‍ ഉയരുന്നുണ്ട്.

വമ്പന്‍ പ്രതീക്ഷകളുമായെത്തിയ ചിത്രം സാന്‍ഡല്‍വുഡിനെ ഇന്ത്യന്‍ സിനിമയില്‍ വീണ്ടും അടയാളപ്പെടുത്തുമെന്നായിരുന്നു വിശേഷിപ്പിക്കപ്പെട്ടത്. എന്നാല്‍ തിയേറ്റര്‍ റിലീസിന് പിന്നാലെ പ്രതീക്ഷകള്‍ തകര്‍ന്ന് വലിയ വിമര്‍ശനമാണ് ചിത്രത്തിനെതിരെ ഉയരുന്നത്. ഇതുപോലൊരു പാരഡി ചിത്രത്തില്‍ അഭിനയിക്കാന്‍ കിച്ചാ സുദീപും ഉപേന്ദ്രയും വലിയ മനസാണ് കാണിച്ചതെന്നാണ് ട്വിറ്ററില്‍ വന്ന ഒരു പ്രതികരണം.

‘കെ.ജി.എഫിന്റെ ചീപ്പ് വേര്‍ഷന്‍, അതേ സ്‌ക്രീന്‍ പ്ലേ, അതേ എഡിറ്റിങ് പാറ്റേണ്‍. ഉപേന്ദ്രയുടെ മോശം പെര്‍ഫോമന്‍സ്’, ഹെവി ബി.ജി.എം, ഡാര്ക്ക് വിഷ്വല്‍സ്, ഇത്രയും വലിയ കാസ്റ്റ് ഉണ്ടായിട്ടും ഒരു എലവേഷനും സംഭവിച്ചില്ല’,’കെ.ജി.എഫില്‍ നിന്നും ഇന്‍സ്‌പെയര്‍ ചെയ്ത വിഷ്വല്‍സ്, എന്നാല്‍ കെ.ജി.എഫിനെ പോലെ എന്‍ഗേജിങ് അല്ലായിരുന്നു’, എന്നിങ്ങനെ പോകുന്നു വിമര്‍ശനങ്ങള്‍.

Content Highlight: criticism against kabzaa comparing kgf

We use cookies to give you the best possible experience. Learn more