തിരുവനന്തപുരം: യുവജനോത്സവത്തിലെ മത്സരയിനമായ ഗോത്ര കലകളുടെ വിധി നിര്‍ണയത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നു. ഗോത്ര സമൂഹത്തെയും കലകളെയും ആവര്‍ത്തിച്ച് തോല്‍പ്പിക്കല്ലേ എന്ന് അഭ്യര്‍ത്ഥിക്കുകയാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും.
ഇപ്പോള്‍ തിരുവനന്തപുരം നോര്‍ത്ത് സബ്ജില്ലാ കലോത്സവത്തില്‍ നടന്ന ഗോത്ര നൃത്തങ്ങളുടെ മത്സരത്തില്‍ വിധി നിര്‍ണയിച്ച രീതിക്കെതിരെയും വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്.
വയനാട്ടില്‍ നിന്നും അട്ടപ്പാടിയില്‍ നിന്നും തിരുവനന്തപുരത്തെ സര്‍ക്കാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ താമസിച്ച് പഠിക്കുന്ന ഗോത്ര സമൂഹത്തിലെ കുട്ടികളാണ് സബ്ജില്ലാ കലോത്സവത്തില്‍ മത്സരിച്ചത്.
മൂന്ന് ടീമുകളാണ് വയനാട്ടിലെ പണിയ നൃത്തം അവതരിപ്പിച്ചത്. ഇവര്‍ മത്സരിച്ചത് നഗരത്തിലെ സ്‌കൂളുകളില്‍ നിന്നും വരുന്ന അര്‍ബന്‍ കുട്ടികളുടെ രണ്ട് ടീമുകള്‍ക്കൊപ്പമാണെന്ന് സംസ്ഥാന പട്ടികവര്‍ഗ വികസന വകുപ്പ് ഉദ്യോഗസ്ഥനായ ഷിനു സുകുമാരന്‍ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
മത്സരത്തില്‍ പണിയ നൃത്തം അവതരിപ്പിച്ച ടീമുകള്‍ വിധി നിര്‍ണയത്തില്‍ ഏറ്റവും പിന്നിലായെന്നും അദ്ദേഹം പറഞ്ഞു. വിധിനിര്‍ണയത്തില്‍ ജഡ്ജസ് നല്‍കിയ ന്യായീകരണം എന്നത് കൈയില്‍ മൈലാഞ്ചിയിട്ട ടീമിന് ഒന്നാം സ്ഥാനമെന്നാണെന്നും ഷിനു സുകുമാരന്‍ കൂട്ടിച്ചേര്‍ത്തു. പണിയ നൃത്തം അവതരിപ്പിച്ച വിദ്യാര്‍ത്ഥികള്‍ ചിരിച്ചില്ല എന്ന കാരണത്താലാണ് മത്സരാര്‍ത്ഥികളെ പരിഗണിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലവലേശം ചരിത്രബോധമില്ലാത്ത ജഡ്ജസിന് മുമ്പില്‍ തങ്ങളും കുട്ടികളും തോറ്റുപോയെന്നും അദ്ദേഹം കുറിച്ചു.
‘ആരാണ് പണിയരെന്നോ എന്താണ് മനുഷ്യരുടെ അടിമജീവിത ചരിത്രമെന്നോ അതിജീവനത്തിന്റെ ഏതവസ്ഥയിലാണവര്‍ വട്ടക്കളിയും കമ്പളനാട്ടിയും കളിച്ചിരുന്നതെന്നോ ലാസ്യവും ഹാസ്യവും എവിടെയെപ്പോളാണ് വേണ്ടതെന്നോ മിനിമം ധാരണയില്ലാത്ത ജഡ്ജസിന് മുമ്പില്‍ ഞങ്ങളും കുട്ടികളും തോറ്റുപോയി. കുട്ടികള്‍ പൊട്ടിക്കരഞ്ഞുപോയി,’ എന്നാണ് അദ്ദേഹം കുറിച്ചത്.
തുടര്‍ന്ന് അട്ടപ്പാടിയുടെ ഇരുളനൃത്തം അവതരിപ്പിച്ചത് രണ്ട് ടീമുകളാണ്. അട്ടപ്പാടിയിലെ ഇരുള സമൂഹത്തിലെ തന്നെ കുട്ടികള്‍ വളരെ സ്വാഭാവികതയോടെ ആസ്വദിച്ച് കൊട്ടിപ്പാടി കളിച്ചെന്നും കാണികള്‍ നിറഞ്ഞ് കൈയടിച്ചെന്നും അദ്ദേഹം പറഞ്ഞു.
പണക്കൊഴുപ്പിന്റെ കലോത്സവ നൃത്ത മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പാങ്ങില്ലാത്ത പാവം കുട്ടികള്‍ക്ക് കൈവന്ന വലിയ അവസരങ്ങള്‍ ഹൈജാക്ക് ചെയ്യപ്പെടുന്നുവെന്നും ഷിനു സുകുമാരന്‍ ചൂണ്ടിക്കാട്ടി.
പാരമ്പര്യ കലയെ കുറിച്ച് അറിയാവുന്ന ഒരു ഗോത്ര കലാകാരന്‍ പോലും മൂന്നംഗ ജഡ്ജിങ് പാനലില്‍ വരാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ഉത്തരവാദിത്തപ്പെട്ടവര്‍ വിഷയം മനസിലാക്കുമെന്ന് കരുതുന്നുവെന്നും ഈ കുട്ടികളുടെ സങ്കടം ആവര്‍ത്തിക്കാതിരിക്കട്ടെ എന്നും അദ്ദേഹം പ്രതികരിച്ചു.
Content Highlight: Criticism against judgement of tribal forms in art fest