ചെ ഗുവേരയുടെ ഫോട്ടോ ഷെയർ ചെയ്ത് ജോയ് മാത്യു; പഴയ പോസ്റ്റ് കുത്തിപ്പൊക്കി വിമർശകർ
തിരുവനന്തപുരം: ഫേസ്ബുക്കിൽ ചെ ഗുവേരയുടെ പടം പങ്കുവെച്ച നടൻ ജോയ് മാത്യുവിന് നേരെ പരിഹാസം. ജോയ് മാത്യു തിരക്കഥ എഴുതിയ ചാവേർ സിനിമ വിജയിപ്പിക്കാൻ നിലപാട് മാറ്റി എന്നതാണ് വിമർശനം.
ചെ ഗുവേരയുടെ ജന്മദിനമായ ജൂൺ 14ന് ‘ഇന്ന് ലോകത്തിലെ അറിയപ്പെടുന്ന വിപ്ലവകാരിയും കഞ്ചാവ് വലിയുടെ ഉസ്താദുമായ ചെ ഗുവേര ജനിച്ച ദിവസം’ എന്ന് തുടങ്ങുന്ന കുറിപ്പ് ജോയ് മാത്യു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. നാട്ടിലെ വിപ്ലവ യുവാക്കളെല്ലാം സകല തുണികളിലും ‘ചെ’യുടെ ചിത്രം വരച്ചുവച്ച് പൂജിക്കുകയാണെന്നും താൻ ആ ലെവലിലുള്ള ആളാണെന്ന് കരുതി തന്റെ കമന്റ് ബോക്സിൽ കഞ്ചാവ് ചോദിച്ച് ആളുകൾ വരുന്നു എന്നും പറഞ്ഞിരുന്നു.
എന്നാൽ ഇപ്പോൾ ‘ചെ’ എന്നെഴുതി പത്രം വായിച്ചുകൊണ്ടിരിക്കുന്ന ചെ ഗുവേരയുടെ ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവെച്ചതാണ് പരിഹാസത്തിന് കാരണമായത്. ജോയ് മാത്യുവിന്റെ പഴയ പോസ്റ്റിന്റെ സ്ക്രീന്ഷോട്ട് നിരവധി പേർ കമന്റ് ബോക്സിൽ പങ്കുവെക്കുകയും ചെയ്തു.
ചെ ഗുവേരയുടെ ഫോട്ടോ ഷെയർ ചെയ്ത് ജോയ് മാത്യു തിരക്കഥ എഴുതിയ ചാവേർ സിനിമ വിജയിപ്പിക്കാനുള്ള സൈക്കോളജിക്കൽ മൂവ് ആണെന്നാണ് പ്രധാന വിമർശനം.
‘രണ്ട് നാവുള്ള വിശപ്പാമ്പിനെക്കാൾ അപകടകാരിയാണ് ഒരു നാവുകൊണ്ട് രണ്ടുതരം സംസാരിക്കുന്ന മനുഷ്യൻ’ എന്നാണ് പോസ്റ്റിന് താഴെ ഒരാൾ കമന്റ് ചെയ്തത്. ഓന്തിന്റെ സ്വഭാവമാണ് ജോയ് മാത്യു കാണിക്കുന്നത് എന്നതുൾപ്പെടെയുള്ള വിമർശനങ്ങൾ കമന്റ് ബോക്സിലുണ്ട്.
Content Highlight: Criticism against Joy Mathew on his facebook post on Che Guevara