നടന്‍ ജോജു ജോര്‍ജ് ആദ്യമായി രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയാണ് പണി. കഴിഞ്ഞ ദിവസം സിനിമയിലെ റേപ്പ് സീനുകളെ വിമര്‍ശിച്ചുകൊണ്ട് ആദര്‍ശ് എച്ച്.എസ് എന്ന ഗവേഷക വിദ്യാര്‍ത്ഥി തന്റെ ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു.
ഇതില്‍ പ്രകോപിതനായ ജോജു ആദര്‍ശിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ നടന്‍ തന്നെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ സഹിതം ആദര്‍ശ് ഫേസ്ബുക്കില്‍ പങ്കുവെക്കുകയും അത് ചര്‍ച്ചയാകുകയും ചെയ്തിരുന്നു.
സംഭവം വാര്‍ത്തയായതോടെ പിന്നാലെ ജോജു വിശദീകരണവുമായി എത്തിയിരുന്നു. പണി സിനിമയുടെ കഥയിലെ സ്‌പോയിലര്‍ പ്രചരിപ്പിക്കുകയാണ് ആദര്‍ശ് ചെയ്തതെന്നും നിയമപരമായി താന്‍ മുന്നോട്ട് പോകുമെന്നുമായിരുന്നു ജോജു പറഞ്ഞത്. നിലവില്‍ വ്യാപക വിമര്‍ശനമാണ് ജോജു ജോര്‍ജിനെതിരെ ഉയരുന്നത്.
ഇപ്പോള്‍ ജോജുവിന് എതിരെ ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയിരിക്കുകയാണ് അഭിഭാഷകനായ ഹരീഷ് വാസുദേവന്‍. ‘എടാ ജോജൂ, നിന്നോട് എനിക്കൊരു ബഹുമാനമൊക്കെ ഉണ്ടായിരുന്നു’ എന്ന് പറഞ്ഞു കൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്.
ആദര്‍ശ് കുറിപ്പില്‍ എഴുതിയ കാര്യം സത്യമല്ലേയെന്ന് ചോദിച്ച ഹരീഷ് റേപ്പ് ചിത്രീകരിക്കുമ്പോള്‍ ഓരോ സിനിമയും പുറത്തുവിടുന്ന കാഴ്ചാശീലം സമൂഹത്തിന്റെ കൂടി പ്രശ്‌നമല്ലേയെന്നും അത് വിമര്‍ശിക്കപ്പെടേണ്ടതല്ലേയെന്നും ചോദിച്ചു.
റിവ്യൂവില്‍ സ്‌പോയിലര്‍ അലര്‍ട്ട് വെച്ചില്ല എന്ന ജോജുവിന്റെ ആരോപണത്തെ കുറിച്ചും അഭിഭാഷകന്‍ കുറിപ്പില്‍ പറയുന്നു. പണി സിനിമയുടെ പോസ്റ്ററുകളില്‍ ‘ഈ സിനിമയില്‍ ആണധികാര കാഴ്ചയുടെ ആംഗിളിലുള്ള റേപ്പ് സീന്‍ ഉണ്ടെ’ന്ന അലര്‍ട്ട് വെച്ചിട്ടുണ്ടോ എന്നാണ് ഹരീഷ് ചോദിക്കുന്നത്.
ഇനി മേലാല്‍ മറ്റുള്ളവരോട് ഇതുപോലെയുള്ള ജനാധിപത്യ വിരുദ്ധത കാണിക്കില്ലെന്ന് തനിക്ക് ബോധ്യമാകുന്ന കാലത്തേ ഇനി താന്‍ ജോജുവിന്റെ ഏതെങ്കിലും സിനിമ കാശ് മുടക്കി കാണുകയുള്ളൂവെന്നും ഹരീഷ് വാസുദേവന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
എടാ ജോജൂ, നിന്നോട് എനിക്കൊരു ബഹുമാനമൊക്കെ ഉണ്ടായിരുന്നു. നിന്റെ സിനിമ കണ്ട് അതിലെ ഒരു സീനിനെപ്പറ്റിയുള്ള തെറ്റ് ചൂണ്ടിക്കാണിച്ച് കുറിപ്പെഴുതിയ ഒരു ഗവേഷക വിദ്യാര്‍ത്ഥിയെ ഫോണില്‍ വിളിച്ച് നീ വിരട്ടിയതൊക്കെ ഭയങ്കര ചീപ്പല്ലേടാ? നീയാരാന്നാടാ ജോജൂ നിന്റെ വിചാരം? ആ കുറിപ്പെഴുതിയ കാര്യം സത്യമല്ലെടാ? റേപ്പ് ചിത്രീകരിക്കുമ്പോള്‍ ഓരോ സിനിമയും പുറത്തുവിടുന്ന കാഴ്ചാശീലം സമൂഹത്തിന്റെ കൂടി പ്രശ്‌നമല്ലേ? അത് വിമര്‍ശിക്കപ്പെടേണ്ടതല്ലേ?
നിനക്കത് മനസിലാക്കാന്‍ പറ്റിയില്ലെങ്കില്‍ അയാളെ വിളിച്ച് അതിന്റെ മെറിറ്റില്‍ സംസാരിക്കേണ്ടതിനും പഠിക്കേണ്ടതിനും സ്വയം തിരുത്തേണ്ടതിനും പകരം, നീ മാസ് ഡയലോഗിട്ട് അങ്ങേരെ പേടിപ്പിക്കാന്‍ നോക്കുന്നോ? ആദര്‍ശ് നിന്റെ മുന്നില്‍ വന്നാല്‍ നീയെന്ത് ചെയ്യും? നീയാരാടാ ഇന്നാട്ടിലെ ഗുണ്ടയോ? ആ ആദര്‍ശ് എന്ന വിദ്യാര്‍ത്ഥി തിരിച്ച് മാന്യമായി അടിച്ച തഗ് ഡയലോഗിന് നീ ചൂളിപ്പോയില്ലേടാ. നിന്റെ ചീട്ട് കീറിയില്ലേ? ഇത്രയല്ലേ ഉള്ളൂ നിന്റെയൊക്കെ ഹീറോയിസം?
റിവ്യൂവില്‍ സ്‌പോയിലര്‍ അലര്‍ട്ട് വെച്ചില്ല എന്നാണോ നിന്റെ ഒരു ആരോപണം. നിന്റെ സിനിമയുടെ പോസ്റ്ററുകളില്‍ ‘ഈ സിനിമയില്‍ ആണധികാര കാഴ്ചയുടെ ആംഗിളിലുള്ള റേപ്പ് സീന്‍ ഉണ്ടെ’ന്ന അലര്‍ട്ട് നീ വെച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ പലര്‍ക്കും അതുണ്ടാക്കുന്ന ട്രോമ നീ ആലോചിച്ചിട്ടുണ്ടോ? കാശ് മുടക്കുന്ന ആവിഷ്‌കാരമാണ് നിന്റെ സിനിമ എന്നത് കൊണ്ട് കാശ് മുടക്കാതെയുള്ള ആവിഷ്‌കാരം ചെറുതാകുമോ?
എടാ ജോജൂ, നീ ഇന്റര്‍വ്യൂകളിലൊക്കെ പലരെയും ‘എടാ’, ‘പോടാ’, ‘കൊച്ചേര്‍ക്കാ’ എന്നൊക്കെ വിളിക്കുന്നത് കേട്ടിട്ടുണ്ടല്ലോ. ഇതൊക്കെ മോശമല്ലേടാ. മറ്റൊരാള്‍ നിന്നെക്കാള്‍ താഴെയാണോ? മാന്യമായി താങ്കളെന്നോ അങ്ങെന്നോ നിങ്ങളെന്നോ ഒക്കെ വിളിച്ച് സംസാരിക്കേണ്ടതിന് പകരം നീ ഒരു മര്യാദയുമില്ലാതെ ആണല്ലോടാ ആളുകളോട് പെരുമാറുന്നത്!
അതിന് നീ പറയുന്ന ന്യായീകരണം ഞാന്‍ കേട്ടു. ഒരുപാട് കഷ്ടപ്പെട്ട് വളര്‍ന്നു വന്നതാണ് നീ, അതുകൊണ്ട് അതിജീവനത്തിന്റെ ഭാഷയാണ് നിനക്കെന്ന്. മിക്കവരും കഷ്ടപ്പെട്ടാടാ വളരുന്നത്. എന്ന് കരുതി നിന്റെ ധാര്‍ഷ്ട്യത്തിന്റെ ഭാഷ മറ്റുള്ളവര്‍ സഹിക്കണമെന്നു നീ പറയരുത്. അത് നീ തിരുത്തിയാല്‍ നിനക്ക് കൊള്ളാം.
ഒരാള്‍ നിന്നോടുള്ള ബഹുമാനം പോയെന്ന് പറയുമ്പോള്‍ അതുകൊണ്ട് നിനക്കൊന്നും നഷ്ടപ്പെടുന്നില്ല എന്ന പരിഹാസമല്ലേ നിനക്ക്. ഞങ്ങള്‍ പ്രേക്ഷകര്‍ കാശ് കൊടുത്ത് കണ്ട് കണ്ട് നിനക്കൊക്കെ ഉണ്ടാക്കിത്തരുന്ന പണമാണ് നിന്റെയൊക്കെ നെഗളിപ്പിന് കാരണമായ ആര്‍ഭാടങ്ങള്‍.
ആദര്‍ശിനെ ഭീഷണിപ്പെടുത്തുന്ന വാര്‍ത്ത പുറത്തു വന്നിട്ട് അതിനോട് പ്രതികരിച്ച നിന്റെ വീഡിയോ കണ്ടു. അതില്‍പ്പോലും ഒട്ടും അപ്പോളജിറ്റികള്‍ ആയിട്ടല്ല – കേസ് കൊടുക്കുമെന്ന ഹുങ്കാണ് നീ പറയുന്നത്. ചെയ്തതില്‍ അല്‍പ്പം പോലും പശ്ചാത്താപം നിന്റെ വാക്കിലില്ല. ‘പിള്ളേരെ വെച്ച്’ റിവ്യൂ ‘അടിച്ചു കള’യുന്ന പരിപാടിയൊക്കെയേ നിനക്ക് അപ്പോഴും വശമുള്ളൂ. അക്കാണിച്ചത് ശരിയാണോ അല്ലയോ എന്ന് മെറിറ്റില്‍ പരിശോധിക്കാന്‍ നിനക്ക് അപ്പോഴും താത്പര്യമില്ല.
‘നിന്നെ ഇഷ്ടപ്പെടുന്നവര്‍’ ‘നിന്നെ വെറുക്കുന്നവര്‍’ എന്നിങ്ങനെ രണ്ടായിട്ടാണ് ആ വീഡിയോയില്‍ നീ ആള്‍ക്കാരെ തരംതിരിക്കുന്നത്. അങ്ങനെ ആളുകളെ നീ തരം തിരിക്കല്ലേടാ. ഒബ്ജക്റ്റീവായി നിന്റെ കലയോടും കഴിവിനോടും ബഹുമാനം തോന്നുന്നവരും ഇടയ്ക്ക് അതില്‍ കുറ്റം കാണുമ്പോള്‍ പറയുകയും ചെയ്യുന്നവരാണ് ഭൂരിഭാഗം പേരും. ഇഷ്ടവും ഇഷ്ടക്കേടും വ്യക്തിയോടല്ല – നിന്റെ ഉള്ളിലെ കലാകാരനോടും കഴിവിനോടുമാണ് ഈ അഹങ്കാരം കളഞ്ഞിട്ട് എന്നാടാ ജോജൂ നീ അത് മനസിലാക്കുക?
നീ മറ്റുള്ളവരെ ട്രീറ്റ് ചെയ്യുന്ന അതേ ജനാധിപത്യവിരുദ്ധ ഭാഷാ നിലവാരത്തില്‍ നിന്നെ ബാക്കിയുള്ളവര്‍ കൈകാര്യം ചെയ്താല്‍ എങ്ങനെയുണ്ടെന്ന് നീ മനസിലാക്കണം ജോജൂ. അതിനുവേണ്ടി മാത്രമാണീ കുറിപ്പ് ഈ ഭാഷയില്‍. അല്ലാതെ ഞാനാരോടും ഇങ്ങനെ സംസാരിക്കാറില്ല.
ഇനി മേലാല്‍ നീ മറ്റുള്ളവരോട് ഇമ്മാതിരി ജനാധിപത്യ വിരുദ്ധത കാണിക്കില്ലെന്ന് എനിക്ക് ബോധ്യമാകുന്ന കാലത്തേ ഇനി ഞാന്‍ നിന്റെ ഏതെങ്കിലും പടം കാശ് മുടക്കി കാണുകയുള്ളൂ എന്നാണ് എന്റെ തീരുമാനം. നീ നിന്റെ തെറ്റ് ബോധ്യപ്പെട്ട് ഉള്ളില്‍ത്തട്ടി ആദര്‍ശിനോട് മാപ്പ് പറയണം. അമ്മാതിരി ഭീഷണി ആരോടും കാണിക്കില്ലെന്നു പറയണം. അതല്ലേ മര്യാദ?.
Content Highlight: Criticism Against Joju George