ന്യൂദല്‍ഹി: ഖത്തര്‍ ലോകകപ്പ് തത്സമയം സ്ട്രീമിങ്ങ് ചെയ്യുന്ന ആപ്പായ ‘ജിയോ സിനിമ’ക്കെതിരെ വിമര്‍ശനം. ബഫറിങ് കാരണം മത്സരം ശരിയായി കാണാനാകുന്നില്ലെന്നാണ് ഉപയോക്താക്കള്‍ പരാതി പറയുന്നത്. ലോകകപ്പിലെ ആദ്യ മത്സരമായ ഖത്തര്‍- ഇക്‌ഡോര്‍ പോരാട്ടം പുരോഗമിക്കുമ്പോഴായിരുന്നു കാഴ്ചക്കാര്‍ പരാതിയുമായിയെത്തിയത്.
ആപ്പിന്റെ ഉടമസ്ഥന്‍ മുകേഷ് അംബാനിക്കെതിരെയാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രധാനമായും വിമര്‍ശനമുയരുന്നത്.
‘കാശുണ്ടായിട്ടു കാര്യമില്ല. മര്യാദക്കുള്ള ആപ്പ് ഉണ്ടാക്കണം. മനുഷ്യര്‍ക്ക് തടസമില്ലാതെ കളി കാണാന്‍ പറ്റണം. ഇത് പഴയ 2ജി നെറ്റുവര്‍ക്കില്‍ വീഡിയോ കാണാന്‍ ശ്രമിക്കുന്നത് പോലുണ്ട്. നമ്മുടെ DD ചാനല്‍ ഒക്കെ എത്ര കിടുവായിരുന്നു എന്ന് നാട്ടുകാരെ കൊണ്ട് പറയിക്കരുത്,’ എന്നാണ് ജയറാം ജനാര്‍ദനന്‍ എന്ന പ്രൊഫൈല്‍ ഫേസ്ബുക്കില്‍ എഴുതിയത്.
‘ജിയോ വേള്‍ഡ് കപ്പ് ഇന്ത്യക്കാര്‍ക്കായി നശിപ്പിക്കാന്‍ അംബാനി കോണ്ട്രാക്റ്റ് എടുത്തപോലുണ്ട്’ എന്നായിരുന്നു അനിവര്‍ ആനന്ദെന്ന പ്രൊഫൈലിന്റെ പ്രതികരണം.
എഴുത്തുകാരന്‍ എന്‍.എസ്. മാധവനും വിഷയത്തില്‍ പ്രതികരിച്ചു. ‘ലോകത്തിലെ ഏറ്റവും വലിയ ധനികരിലൊരാളായ മുകേഷ് അംബാനിക്ക് തന്റെ ക്രൂരമായ ജിയോ ആപ്പ് ഉപയോഗിച്ച് ലോകകപ്പ് സ്ട്രീമിംഗ് സുഗമമായി നടത്താന്‍ കഴിയില്ല.
ലോകത്തിലെ മറ്റൊരു വലിയ ധനികനായ ഇലോണ്‍ മസ്‌കിന് ഒരു മൈക്രോബ്ലോഗിംഗ് ആപ്പ് പ്രവര്‍ത്തിപ്പിക്കാനാകാത്ത പോലെ,’ എന്നായിരുന്ന എന്‍.എസ്. മാധവന്റെ ട്വീറ്റ്.
അതിനിടെ ബഫറിങ് പ്രശ്‌നം പരിഹരിക്കാന്‍ തങ്ങള്‍ അടിയന്തര നടപടി സ്വീകരീക്കുന്നുണ്ടെന്ന് മത്സരം നടന്നുകൊണ്ടിരിക്കെ ജിയോ സിനിമ ട്വീറ്റ് ചെയ്തു.
ഒ.ടി.ടി വിപണിയിലെ അവസരങ്ങള്‍ മുന്നില്‍ കണ്ടാണ് ജിയോ സിനിമ ആപ്പിലൂടെ വിയാകോം 18 ഖത്തര്‍ ലോകകപ്പ് സൗജന്യമായി സംപ്രേഷണം ചെയ്യുന്നത്. ഇതാദ്യമായാണ് രാജ്യത്ത് സൗജന്യ സ്ട്രീമിംഗ് അനുവദിക്കുന്നത്.
സൗജന്യ സ്ട്രീമിംഗ് ലഭിക്കുന്നതോടെ നിബന്ധനകള്‍ ഇല്ലാതെ തന്നെ എല്ലാ ടെലികോം ഉപഭോക്താക്കള്‍ക്കും മത്സരങ്ങള്‍ കാണാന്‍ സാധിക്കാവുന്നതാണ്. പ്രധാനമായും പരസ്യ വിപണിയെ ലക്ഷ്യമിട്ടാണ് ഇത്തരം സേവനങ്ങള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്. ഏകദേശം 300 കോടിയോളം രൂപ പരസ്യ വരുമാനമായി ലഭിക്കുമെന്നാണ് വിലയിരുത്തല്‍.
CONTENT HIGHLIGHT: Criticism against ‘Jio Cinema’, an app that streams the Qatar World Cup live