| Saturday, 9th December 2023, 10:47 pm

കശ്മീർ ഫയൽസിനെയും കേരള സ്റ്റോറിയെയും ന്യായീകരിച്ച നാനാ പടേക്കർ ചലച്ചിത്ര മേളയുടെ മുഖ്യാതിഥിയായതിൽ വിമർശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബോളിവുഡ് നടന്‍ നാനാ പടേക്കറിനെ കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മുഖ്യാതിഥിയായി ക്ഷണിച്ചതിനെതിരെ വിമര്‍ശനം.

കശ്മീര്‍ ഫയല്‍സ്, കേരള സ്റ്റോറി പോലുള്ള സംഘപരിവാര്‍ പ്രചരണ സിനിമകളെ ന്യായീകരിച്ച് രംഗത്തുവന്ന ഒരാളെ സര്‍ക്കാര്‍ എന്തിനാണ് ചലച്ചിത്ര മേളയിലേക്ക് ക്ഷണിച്ചത് എന്നാണ് ചോദ്യം ഉയരുന്നത്.

സുദീപ് സെന്നിന്റെ കേരള സ്റ്റോറിയെയും വിവേക് അഗ്‌നിഹോത്രിയുടെ കശ്മീര്‍ ഫയല്‍സിനെയും വിമര്‍ശിച്ച നസിറുദ്ദീന്‍ ഷായ്‌ക്കെതിരെ വിവേക് അഗ്‌നിഹോത്രിയോടൊപ്പം നാനാ പടേക്കര്‍ രംഗത്ത് വന്നിരുന്നു.

ടി.വി ചാനലുകളിലെ അഭിമുഖങ്ങളില്‍ ഉള്‍പ്പെടെ തീവ്ര വലതുപക്ഷ നിലപാട് പ്രകടിപ്പിക്കുന്ന നാനാ പടേക്കറിനെ ഔദ്യോഗിക മേളയില്‍ മുഖ്യാതിഥിയായി ക്ഷണിച്ചത് ഇടതുപക്ഷ സര്‍ക്കാരിന്റെ നയമാണോ എന്ന് സമൂഹമാധ്യമങ്ങളില്‍ സാംസ്‌കാരികവകുപ്പ് മന്ത്രി വിശദീകരിച്ചാല്‍ ബഹു. വോട്ടര്‍മാര്‍ക്ക് വലിയ ഉപകാരമായിരിക്കുമെന്ന് സംവിധായകനും ചലച്ചിത്ര നിരൂപകനുമായ ഒ.കെ. ജോണി പറഞ്ഞു.

ഡിസംബര്‍ എട്ടിന് ആരംഭിച്ച ഇരുപത്തിയെട്ടാമത് രാജ്യാന്തര ചലച്ചിത്ര മേള ഡിസംബര്‍ 15ന് അവസാനിക്കും. ഡിസംബര്‍ എട്ടിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് വീഡിയോ സന്ദേശത്തിലൂടെ മേള ഉദ്ഘാടനം ചെയ്തത്.

Content Highlight: Criticism against inviting Nana Padekkar as Chief Guest in 28th IFFK

We use cookies to give you the best possible experience. Learn more