| Thursday, 20th July 2023, 6:13 pm

കേരളത്തില്‍ ഒരാന ചരിഞ്ഞാല്‍ ഉടനടി പ്രതികരണം, മനുഷ്യര്‍ കൊല്ലാക്കൊല ചെയ്യപ്പെട്ടാല്‍ അണ്ണാക്കില്‍ പിരിവെട്ടിയിരിക്കും; ക്രിക്കറ്റര്‍മാര്‍ക്ക് വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേരളത്തിലെ ആനകളെ കൊല്ലുന്നേ എന്ന് ഉറക്കെ നിലവിളിച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളൊന്നും മണിപ്പൂരില്‍ രണ്ട് സ്ത്രീകള്‍ ബലാത്സംഗത്തിനിരയായി പൊതുവഴിയിലൂടെ നഗ്നരാക്കി നടത്തിയ വിഷയത്തില്‍ പ്രതികരിക്കുന്നില്ലെന്ന് രൂക്ഷവിമര്‍ശനവുമായി സമൂഹമാധ്യമങ്ങള്‍. ആന വിഷയത്തില്‍ പ്രതികരിച്ച രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് മണിപ്പൂരിലെ രണ്ട് സ്ത്രീകളുടെ ദുരവസ്ഥയില്‍ ഒന്നും പറയാനില്ലേയെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

2020 ജൂണ്‍ മൂന്നിന് പാലക്കാട് അതിര്‍ത്തിയില്‍ പൈനാപ്പിള്‍ തോട്ട കടിച്ച് വായ് മുറിഞ്ഞ് ഗര്‍ഭിണിയായ ആന ചെരിഞ്ഞപ്പോള്‍, കേരളത്തിലെ ജനങ്ങളോട് മൃഗങ്ങളെ സ്‌നേഹിക്കാന്‍ ഉദ്‌ഘോഷിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പ്രധാനികള്‍ക്കെതിരെ വ്യാപകമായ ട്രോളുകളും വിമര്‍ശനങ്ങളും സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്നുണ്ട്.

വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍, റിഷബ് പന്ത്, രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍ തുടങ്ങിയ ക്രിക്കറ്റര്‍മാരുടെ പഴയ ട്വീറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതം പോസ്റ്റ് ചെയ്താണ് ചിലര്‍ വിമര്‍ശനം ഉയര്‍ത്തുന്നത്.

‘അത് അങ്ങനെ കുറെ പ്രമുഖര്‍. മനുഷ്യന് എന്തെങ്കിലും സംഭവിച്ചാല്‍ അണ്ണാക്കില്‍ പിരിവെട്ടിയിരിക്കും. ആന, നായ, കാട്ടുപന്നി എന്നിവയ്‌ക്കൊക്കെ എന്തെങ്കിലും സംഭവിച്ചാല്‍ മൃഗസ്‌നേഹം. കേരളത്തിലുണ്ട് പ്രമുഖര്‍. ഇവരൊക്കെ സേഫ് സോണില്‍ നിന്ന് കളിക്കുകയാണ്,’ ഒരാള്‍ വിമര്‍ശിച്ചു.

ഇവരൊക്കെ രാജ്യം ഭരിക്കുന്നവരെ പിണക്കാതെയുള്ള ധാര്‍മികത മതിയെന്ന് വിശ്വസിക്കുന്നവര്‍ ആണെന്നാണ് മറ്റൊരാള്‍ വിമര്‍ശിക്കുന്നത്. മണിപ്പൂരിലെ കുക്കി വനിതകള്‍ക്കെതിരായ ലൈംഗികാതിക്രമത്തില്‍ സുപ്രീം കോടതി ചിഫ് ജസ്റ്റിസ് അടക്കം മണിപ്പൂര്‍, കേന്ദ്ര സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. രാജ്യവ്യാപകമായും വലിയ പ്രതിഷേധമാണ് ഉയരുന്നത്.

2020ല്‍ കേരളത്തില്‍ ഗര്‍ഭിണിയായ ആന ചെരിഞ്ഞപ്പോഴുള്ള വിരാട് കോഹ്‌ലിയുടെ പ്രതികരണം വലിയ വാര്‍ത്തയായിരുന്നു. ‘കേരളത്തില്‍ സംഭവിച്ചത് കേട്ട് ഞെട്ടിപ്പോയി. നമുക്ക് നമ്മുടെ മൃഗങ്ങളോട് സ്‌നേഹത്തോടെ പെരുമാറാം, ഈ ഭീരുത്വം അവസാനിപ്പിക്കാം,’ എന്നായിരുന്നു കോഹ്‌ലിയുടെ വൈറല്‍ ട്വീറ്റ്.

സമാനമായ വൈകാരിക പ്രതികരണമാണ് മൃഗസ്‌നേഹിയും വേള്‍ഡ് വൈല്‍ഡ്‌ലൈഫ് ഫണ്ട് അംബാസിഡറുമായ രോഹിത് ശര്‍മയും 2020ല്‍ നടത്തിയത്. ‘നമ്മള്‍ കാട്ടാളന്മാരാണ്. നമ്മളൊന്നും പഠിക്കുന്നില്ലേ? കേരളത്തിലെ ആനയ്ക്ക് സംഭവിച്ച കാര്യം കേട്ടാല്‍ തന്നെ ഹൃദയഭേദകമായിരുന്നു. ഒരു മൃഗവും ക്രൂരമായി ആക്രമിക്കപ്പെടാന്‍ അര്‍ഹതപ്പെട്ടവരല്ല,’ എന്നായിരുന്നു ഹിറ്റ്മാന്റെ പ്രതികരണം.

ക്രിക്കറ്റര്‍മാരില്‍ ആന വിഷയത്തില്‍ പ്രതികരിച്ചിട്ടുണ്ടെങ്കിലും മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ് മാത്രമാണ് മണിപ്പൂരിലെ വിഷയത്തിലും അതേ തീവ്രതയില്‍ പ്രതികരിച്ചിട്ടുള്ളത്. ഈ ക്രൂരമായ കുറ്റകൃത്യം ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയോ വധശിക്ഷ നല്‍കുകയോ ചെയ്തില്ലെങ്കില്‍ നമ്മള്‍ സ്വയം മനുഷ്യരെന്ന് വിളിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഹര്‍ഭജന്‍ സിങ് ട്വീറ്റ് ചെയ്തു.

‘എനിക്ക് ദേഷ്യമുണ്ടെന്ന് പറഞ്ഞാല്‍ അത് നിസാരതയായിപ്പോകും. ഞാന്‍ രോഷം കൊണ്ട് മരവിച്ചിരിക്കുകയാണ്. മണിപ്പൂരില്‍ സംഭവിച്ചതില്‍ എനിക്ക് ലജ്ജ തോന്നുന്നു. ഈ ക്രൂരമായ കുറ്റകൃത്യം ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയോ വധശിക്ഷ നല്‍കുകയോ ചെയ്തില്ലെങ്കില്‍ നമ്മള്‍ സ്വയം മനുഷ്യരെന്ന് വിളിക്കുന്നത് അവസാനിപ്പിക്കണം. ആ സംഭവം എന്നെ ഏറെ വേദനിപ്പിക്കുന്നു,’ എന്നായിരുന്നു ഹര്‍ഭജന്റെ ട്വീറ്റ്.

Content Highlights: criticism against indian cricket team over manipur silence

We use cookies to give you the best possible experience. Learn more