എന്ത് മണ്ടന്‍ തീരുമാനമാടോ! ഭാവി ക്യാപ്റ്റന്റെ ക്യാപ്റ്റന്‍സി ബ്ലണ്ടര്‍; നിര്‍ത്തിപ്പൊരിച്ച് ഇതിഹാസ താരം
Sports News
എന്ത് മണ്ടന്‍ തീരുമാനമാടോ! ഭാവി ക്യാപ്റ്റന്റെ ക്യാപ്റ്റന്‍സി ബ്ലണ്ടര്‍; നിര്‍ത്തിപ്പൊരിച്ച് ഇതിഹാസ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 7th August 2023, 11:07 am

 

ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ ടി-20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ഇന്ത്യ ഉയര്‍ത്തിയ 153 റണ്‍സിന്റെ വിജയലക്ഷ്യം വിന്‍ഡീസ് ഏഴ് പന്തും രണ്ട് വിക്കറ്റും കയ്യിലിരിക്കെ മറികടക്കുകയായിരുന്നു.

ഇന്ത്യയുടെ പരാജയത്തിന് പിന്നാലെ നായകന്‍ ഹര്‍ദിക് പാണ്ഡ്യയുടെ മോശം ക്യാപ്റ്റന്‍സിക്കെതിരെ വിമര്‍ശനുമുയരുന്നുണ്ട്. അനുഭവ സമ്പത്തുള്ള സീനിയര്‍ താരം യൂസ്വേന്ദ്ര ചഹലിനെ നാല് ഓവര്‍ എറിഞ്ഞ് പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതിരുന്നതാണ് ഇതിലൊന്ന്.

തന്റെ മൂന്നാം ഓവറില്‍ മൂന്ന് വിക്കറ്റ് ഇന്ത്യക്ക് സമ്മാനിച്ച് മികച്ച നിലയില്‍ നില്‍ക്കവെയാണ് ഹര്‍ദിക് ചഹലിനെ പന്തേല്‍പിക്കാതിരുന്നത്. 16ാം ഓവറിലെ ആദ്യ പന്തില്‍ റോവ്മന്‍ പവല്‍ ഡയമണ്ട് ഡക്കായി പുറത്തായിരുന്നു.

ആ ഓവറിലെ നാലാം പന്തില്‍ ജേസണ്‍ ഹോള്‍ഡറിനെ ബ്രോണ്‍സ് ഡക്കായി പുറത്താക്കിയ ചഹല്‍ അവസാന പന്തില്‍ ഷിംറോണ്‍ ഹെറ്റ്‌മെയറിനെ വിക്കറ്റിന് മുമ്പില്‍ കുടുക്കിയും പുറത്താക്കി.

W+1, 0, 0, W, 1, W എന്നിങ്ങനെയാണ് ചഹല്‍ തന്റെ മൂന്നാം ഓവര്‍ എറിഞ്ഞ് പൂര്‍ത്തിയാക്കിയത്. ഈ സാഹചര്യത്തില്‍ ചഹലിനെ പോലെ അനുഭവ സമ്പത്തുള്ള ഒരു താരത്തിന് പന്തേല്‍പ്പിക്കേണ്ടതിന് പകരം 18ാം ഓവര്‍ അര്‍ഷ്ദീപ് സിങ്ങിനും 19ാം ഓവര്‍ കഴിഞ്ഞ മത്സരത്തില്‍ അരങ്ങേറിയ മുകേഷ് കുമാറിനെയുമാണ് ഹര്‍ദിക് ഏല്‍പിച്ചത്.

 

മൂന്ന് ഓവര്‍ പന്തെറിഞ്ഞ് 19 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് ചഹല്‍ സ്വന്തമാക്കിയത്.

സ്പിന്‍ നിരയില്‍ രവി ബിഷ്‌ണോയ്ക്ക് നാല് ഓവര്‍ കൊടുത്ത സാഹചര്യത്തിലാണ് ഹര്‍ദിക് ചഹലിന് മൂന്ന് ഓവര്‍ മാത്രം നല്‍കിയത് എന്നതാണ് മറ്റൊരു വസ്തുത. ഓള്‍ റൗണ്ടര്‍ അക്‌സര്‍ പട്ടേലിനെക്കൊണ്ട് ഒറ്റ ഓവര്‍ പോലുമെറിയിപ്പിച്ചതുമില്ല.

ഹര്‍ദിക്കിന്റെ ഈ മോശം തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ താരങ്ങളടക്കം രംഗത്തുവന്നിട്ടുണ്ട്. ഇന്ത്യ പരാജയപ്പെട്ട ഈ രണ്ട് ടി-20 മത്സരത്തിലും ചഹലിന് നാല് ഓവര്‍ ക്വാട്ട പൂര്‍ത്തിയാക്കാന്‍ അനുവദിക്കാത്തത് ആശ്ചര്യമുണ്ടാക്കിയെന്നാണ് ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞത്.

ഇതിന് പുറമെ ആരാധകരും ഹര്‍ദിക്കിനെതിരെ പരസ്യമായി തന്നെ രംഗത്ത് വരുന്നുണ്ട്.

2011ന് ശേഷം ഇതാദ്യമായാണ് ബൈലാറ്ററല്‍ മത്സരങ്ങളില്‍ ഇന്ത്യ വിന്‍ഡീസിനോട് തുടര്‍ച്ചയായ മത്സരങ്ങളില്‍ പരാജയപ്പെടുന്നത്. ഈ പരാജയത്തിന് പിന്നാലെ പരമ്പരയില്‍ ഇന്ത്യയുടെ നില കൂടുതല്‍ വഷളായിരിക്കുകയാണ്. ഇനിയുള്ള മൂന്ന് മത്സരങ്ങളിലും വിജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് നാണക്കേടില്‍ നിന്നും കരകയറാന്‍ സാധിക്കൂ.

ആഗസ്റ്റ് എട്ടിനാണ് പരമ്പരയിലെ മൂന്നാം മത്സരം. പ്രൊവിഡന്‍സ് സ്റ്റേഡിയം തന്നെയാണ് വേദി.

 

Content highlight: Criticism against Hardik Pandya’s captaincy