| Monday, 24th July 2023, 3:34 pm

നഗ്നയായ ഫ്‌ളോറന്‍സ് പഗിന് ഇന്ത്യന്‍ വേര്‍ഷനില്‍ വസ്ത്രം? സെന്‍സറിങ്ങിനെതിരെ വിമര്‍ശനം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ഓപ്പണ്‍ഹെയ്മറിന്റെ ഇന്ത്യന്‍ വേര്‍ഷനെതിരെ വിമര്‍ശനം. യഥാര്‍ത്ഥത്തില്‍ നഗ്നയായിരിക്കുന്ന കഥാപാത്രത്തെ വസ്ത്രം ‘അണിയിപ്പിച്ചതിനെതിരെയാണ്’ വിമര്‍ശനം ഉയരുന്നത്.

ഫ്‌ളോറന്‍സ് പഗ് അവതരിപ്പിച്ച ജീന്‍ ടാറ്റ്‌ലോക് എന്ന കഥാപാത്രം നഗ്നയായിരിക്കുന്ന രംഗം ചിത്രത്തിലുണ്ട്. ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുന്ന പതിപ്പുകളില്‍ ജീന്‍ ഒരു കറുത്ത വസ്ത്രം ധരിച്ചിട്ടുണ്ട്. മറ്റ് രാജ്യങ്ങളില്‍ ജീനിന്റെ നഗ്നരൂപം തന്നെയാണ് കാണിക്കുന്നത്.

ഇതേ രംഗത്തില്‍ തന്നെ ഓപ്പണ്‍ഹെയ്മറും നഗ്നനായി ഇരിക്കുന്നുണ്ട്. ജീനിനെ വസ്ത്രം ‘അണിയിച്ചവര്‍’ എന്തുകൊണ്ട് ഓപ്പണ്‍ഹെയ്മറിന് വസ്ത്രം നല്‍കിയില്ല എന്നാണ് ഉയരുന്ന വിമര്‍ശനം. ആണ്‍ ശരീരം കണ്ടാലും കുഴപ്പമില്ല, സ്ത്രീയുടെ നഗ്നശരീരം കണ്ടാല്‍ സമൂഹം വഴിതെറ്റി പോകുമെന്ന് പേടിച്ചാണോ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്നും പ്രേക്ഷകര്‍ ചോദിക്കുന്നുണ്ട്.

അതേസമയം ഇത് ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡ് ചേര്‍ത്തതാണോ അതോ U/A സര്‍ട്ടിഫിക്കറ്റ് ലഭിക്കാനായി ഒഫീഷ്യല്‍ ടീം തന്നെ വരുത്തിയ മാറ്റമാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ആര് ചെയ്തതാണെങ്കിലും സിനിമയുടെ ഏസ്‌തെറ്റ്ക്‌സിനോട് ചെയ്ത നീതികേടാണ് ഇതെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

ചിത്രത്തില്‍ ലൈംഗിക ബന്ധത്തിനിടയില്‍ ഗീത വായിച്ചത് ഇന്ത്യന്‍ പ്രേക്ഷകരിലെ ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരുന്നു. ലൈംഗിക ബന്ധത്തിനിടയില്‍ ഭഗവത് ഗീത വായിക്കാന്‍ പ്രേരിപ്പിക്കുന്നതിലൂടെ ചിത്രം ഹിന്ദുമതത്തെ അക്രമിക്കുകയാണെന്നും ചിലര്‍ ആരോപിച്ചു. സംഭവം ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മിനിസ്ട്രി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സേവ് ഇന്ത്യ കള്‍ച്ചര്‍ സേവ് ഇന്ത്യ ഫൗണ്ടേഷന്‍ പ്രസ് റിലീസിറക്കിയിരുന്നു.

ഇതാദ്യമായാണ് ഒരു നോളന്‍ ചിത്രത്തില്‍ ലൈംഗിക രംഗങ്ങള്‍ ഉള്‍പ്പെടുത്തുന്നത്. ഓപ്പണ്‍ഹെയ്മറും ജീന്‍ ടാറ്റ്ലോക്കും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രതക്കായാണ് ഈ രംഗങ്ങള്‍ ചിത്രീകരിച്ചത്. കിലിയന്‍ മര്‍ഫിയും ഫ്ളോറന്‍സ് പഗുമാണ് യഥാക്രമം രണ്ട് കഥാപാത്രങ്ങളേയും അവതരിപ്പിച്ചത്.

Content Highlight: criticism against florance pugh’s censored scene in oppenheimer

Latest Stories

We use cookies to give you the best possible experience. Learn more