കൊവിഡില്‍ ഇന്ത്യയുടെ നയങ്ങള്‍ ലോകരാജ്യങ്ങള്‍ പ്രശംസിച്ചിരുന്നുവെന്ന രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ പ്രസ്താവന സമൂഹമാധ്യമങ്ങളിലടക്കം ചര്‍ച്ചയാകുന്നുണ്ട്. രാജ്യത്തിന്റെ രാഷ്ട്രപതിയായി ചുമതലയേറ്റ ദിവസം നടത്തിയ പ്രസംഗത്തിനിടെയായിരുന്നു മുര്‍മുവിന്റെ പരാമര്‍ശം. പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും തന്റെ വിജയം രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് സ്വപ്‌നം കാണാനും അത് യാഥാര്‍ത്യമാക്കാനും കഴിയുമെന്നതിന്റെ തെളിവാണെന്നുമായിരുന്നു ദ്രൗപതി മുര്‍മുവിന്റെ പരാമര്‍ശം.
കൊവിഡ് വ്യാപനത്തെ തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ വലിയ രീതിയില്‍ പ്രശംസിക്കപ്പെട്ടുവെന്നും ഇത് അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയ്ക്ക് സ്വീകാര്യത ഉറപ്പാക്കിയെന്നുമായിരുന്നു ദ്രൗപതി മുര്‍മുവിന്റെ പ്രസ്താവന.
യഥാര്‍ത്ഥത്തില്‍ കൊവിഡ് വ്യാപനത്തില്‍ രാജ്യത്തിന് മികച്ച പ്രകടനമാണോ കാഴ്ചവെക്കാന്‍ സാധിച്ചത് എന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്.
2020 ജനുവരിയിലാണ് രാജ്യത്ത് ആദ്യ കൊവിഡ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. പിന്നീട് ദശലക്ഷക്കണക്കിന് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
കിടക്കകളും ഓക്സിജനും ലഭ്യമല്ലാത്തതിനാല്‍ ശ്വാസം മുട്ടുന്ന ജനങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ജനങ്ങള്‍ കൂട്ടത്തോടെ മരിച്ച് വീഴുന്ന വാര്‍ത്തകള്‍ അന്ന് അന്താരാഷ്ട്ര മാധ്യമങ്ങളിലുള്‍പ്പെടെ നിറഞ്ഞിരുന്നു.
വിവേകപൂര്‍വം രാജ്യത്തെ കൊവിഡ് വ്യാപനത്തെ സര്‍ക്കാര്‍ സമീപിക്കാതിരുന്നതിനെ കുറിച്ച് നേരത്തെ തന്നെ ചര്‍ച്ചകള്‍ നടന്നിരുന്നു. രാഷ്ട്രീയം മാറ്റിനിര്‍ത്തിക്കൊണ്ട്, സംസ്ഥാനങ്ങളെ ഏകോപിപ്പിച്ച് ഒരു പദ്ധതി തയ്യാറാക്കാന്‍ സര്‍ക്കാരിന് സാധിച്ചിരുന്നില്ല എന്നതുമായിരുന്നു ആഭ്യന്തര തലത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഉയര്‍ന്ന ഏറ്റവും വലിയ വിമര്‍ശനം.
ഒരു ഘട്ടത്തില്‍ മറ്റ് രാജ്യങ്ങളില്‍ കേസുകളില്‍ നേരിയ കുറവ് രേഖപ്പെടുത്തിയപ്പോള്‍ പോലും രാജ്യത്ത് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകള്‍ ഒരുലക്ഷം കടന്നിരുന്നു.
ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എന്‍.ഡി.എം.എ) വിഷയത്തില്‍ ഇടപെട്ടിരുന്നെങ്കിലും ജനങ്ങളുമായി ആശയവിനിമയം നടത്തുന്നതില്‍ എന്‍.ഡി.എം.എ തലവനായ പ്രധാനമന്ത്രിയെയോ ആഭ്യന്തര മന്ത്രിയെയോ കണ്ടില്ലെന്ന വിമര്‍ശനങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ ഉന്നയിച്ചിരുന്നു.
സാധാരണ ജനങ്ങള്‍ക്കിടയില്‍ മാസ്‌ക്, സാമൂഹിക അകലം എന്നിവയുള്‍പ്പെടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളും മുതിര്‍ന്ന നേതാക്കളുമുള്‍പ്പെടെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നതിന്റെ കാഴ്ചകളും വാര്‍ത്താ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഇതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരേപോലെ കുറ്റക്കാരാണ്.
ഒന്നാം തരംഗത്തിന്റെ തീവ്രത പൂര്‍ണമായും ഒഴിയുന്നതിന് മുമ്പാണ് രണ്ടാം തരംഗം ഉണ്ടാകുന്നത്. 2021 ഏപ്രിലിലാണ് രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം എത്തുന്നത്. രണ്ടാം തരംഗവും രോഗവ്യാപനവും രാജ്യത്തിന്റെ കൊവിഡ് മാനേജ്‌മെന്റും അന്താരാഷ്ട്ര മാധ്യമങ്ങള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
പുഴകളില്‍ അടിഞ്ഞുകൂടിയ അജ്ഞാത ശവശരീരങ്ങളും, മാലിന്യക്കൂമ്പാരത്തെ പോലെ കത്തിച്ച മൃതദേഹങ്ങളും മതിയായ ആശുപത്രി സൗകര്യങ്ങളോ ശ്വസിക്കാന്‍ ഓക്‌സിജനോ പോലുമില്ലാതിരുന്ന കൊവിഡ് രോഗികളുടെ ചിത്രങ്ങളും ലോകരാജ്യങ്ങള്‍ ഉള്‍പ്പെടെ വിമര്‍ശിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തതാണ്.
ഇന്ത്യയുടെ പുണ്യനദിയെന്ന് വിശേഷിപ്പിക്കുന്ന ഗംഗയില്‍ നിന്നായിരുന്നു അജ്ഞാതമായ നൂറുകണക്കിന് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ശവശരീരങ്ങള്‍ സംസ്‌കരിക്കാനുള്ള സ്ഥലം ലഭിക്കാതെ ഉറ്റവരുടെ ശരീരങ്ങള്‍ നദീതീരങ്ങളിലും മറ്റും കത്തിക്കുന്ന കാഴ്ചകളും സമൂഹമാധ്യമങ്ങളിലും ദേശീയ-അന്താരാഷ്ട്ര മാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചതാണ്.
ഇന്ത്യയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും സംഭവിച്ച് വീഴ്ചകളും ചൂണ്ടിക്കാട്ടി ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി രേഖാമൂലമുള്ള ലേഖനം ബി.ബി.സി പുറത്തുവിട്ടിരുന്നു.
വസ്തുതകള്‍ നിലനില്‍ക്കെ രാജ്യത്തിന്റെ രാഷ്ട്രപതി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ദ്രൗപതി മുര്‍മുവിന്റെ കൊവിഡ് നയങ്ങളുമായി ബന്ധപ്പെട്ട വാക്കുകള്‍ വാക്കുകള്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ‘അച്ചേ ദിന്‍’ പരാമര്‍ശം പോലെ രാഷ്ട്രീയവത്കൃതമായി ചുരുങ്ങിപ്പോയെന്ന വിമര്‍ശനങ്ങളാണ് ഉയരുന്നത്.
Content Highlight: Criticism against Draupafdi Murmu’s statement on covid