കോഴിക്കോട്: സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജന്റെ ആത്മകഥയെന്ന് അവകാശപ്പെട്ട പുസ്തകത്തിന്റെ പ്രകാശനം ഉടനുണ്ടാകുമെന്ന് അറിയിക്കുകയും പിന്നീട് നീട്ടിവെക്കുകയും ചെയ്ത ഡി.സി. ബുക്സിനെതിരെ വ്യാപക വിമര്‍ശനം.
പുസ്തകത്തിലെ ഉള്ളടക്കം എന്ന് അവകാശപ്പെട്ട് കൊണ്ട് മാധ്യമങ്ങള്‍ നല്കിയ വാര്‍ത്തകള്‍ വിവാദമായതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ ഡി.സി. ബുക്സിന്റെ പോസ്റ്റുകള്‍ക്ക് താഴെ വിമര്‍ശന കമന്റുകള്‍ വ്യാപകമായത്. ഡി.സി. ബുസ്കല്ല, ഡി.സി.സി. ബുക്സാണെന്നാണ് പ്രധാനമായും ഉയരുന്ന വിമര്‍ശനം.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം യു.ഡി.എഫിന് വേണ്ടിയാണ് ഡി.സി. ബുക്സിന്റെ ഭാഗത്ത് നിന്നും ഇത്തരമൊരു നീക്കമുണ്ടായത് എന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. വിവാദമുണ്ടാക്കി പുസ്തകത്തിന്റെ വില്പന വര്‍ദ്ധിപ്പിക്കുക എന്നത് ഡി.സിയുടെ പാരമ്പര്യമാണെന്നും കമന്റുകളില്‍ പറയുന്നു.
വെള്ളാപ്പള്ളി നടേശന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞതേ നിങ്ങളോടും പറയാനുള്ളൂ എന്നും ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നു. പുസ്തകത്തിന്റെ പ്രകാശനം നീട്ടിവെച്ചതായുള്ള അറിയിപ്പിന് താഴെയാണ് ഇത്തരത്തിലുള്ള കമന്റുകളിലേറെയും.
ഇ.പി. ജയരാജനുമായി പുസ്തകത്തിന്റെ കരാറുണ്ടാക്കിയിട്ടുണ്ടെങ്കില് ഡി.സി. അത് പുറത്തുവിടണമെന്നും ഡി.സി. ബുക്സിന്റെ വിശ്വാസ്യതയാണ് ഈ സംഭവത്തോട് കൂടി ഇല്ലാതാകുന്നത് എന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. പ്രസാധക രംഗത്തെ മൊണോപൊളിയാണെന്ന് സ്വയം ധരിക്കുന്നതിനാലാണ് ഡി.സിക്ക് ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നത് എന്നും കമന്റുകളുണ്ട്. ഇനി മുതല്‍ ഡി.സിയുടെ പുസ്തകം വാങ്ങണോ എന്ന് വായനക്കാര്‍ തീരുമാനിക്കുമെന്നും ചിലര്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് ഡി.സി. ബുക്സ് ഇ.പി ജയരാജന്റെ ആത്മകഥയെന്ന് അവകാശപ്പെട്ട് കൊണ്ട് പുസ്തകത്തിന്റെ കവര്‍ ഉള്‍പ്പടെ പുറത്തുവിട്ടത്. കട്ടന്‍ ചായയും പരിപ്പുവടയും എന്നാണ് പുസ്തകത്തിന്റെ പേര് എന്നാണ് ഡി.സി. അവകാശപ്പെട്ടത്. ഇ.എം.എസും ഇ.പി ജയരാജനും ഒരുമിച്ചിരിക്കുന്ന ചിത്രമായിരുന്നു പുസ്തകത്തിന്റെ കവര്‍. പിന്നാലെ പുസ്തകത്തിലെ ഉള്ളടക്കങ്ങള്‍ എന്ന പേരില്‍ 24 ന്യൂസ് ചില പേജുകള്‍ ഇന്ന് രാവിലെ പുറത്തുവിടുകയും ചെയ്തു.
പുസ്തകത്തിലുള്ളത് എന്ന് അവകാശപ്പെട്ട് കൊണ്ട് 24 ന്യൂസ് പുറത്തുവിട്ട വിവരങ്ങള്‍ പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ഇടതു സ്ഥാനാര്‍ത്ഥി പി.സരിനെ കുറിച്ചും ഇ.പിയും പ്രകാശ് ജാവദേകറുമായുള്ള കൂടിക്കാഴ്ചയെ കുറിച്ചുള്ളതുമായിരുന്നു. രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാറിനെതിരെയുള്ള വിമര്‍ശനങ്ങളും പുസ്തകത്തിലുള്ളതായി മാധ്യമങ്ങള്‍ അവകാശപ്പെട്ടിരുന്നു.
ഈ വാര്‍ത്തകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് ഇ.പി താന്‍ എഴുതിക്കൊണ്ടിരിക്കുന്ന പുസ്തകത്തില്‍ ഈ കാര്യങ്ങളൊന്നുമില്ലെന്നും പുസ്തകം പ്രസിദ്ധീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്നും വ്യക്തമാക്കി രംഗത്തെത്തിയത്. ഏതെങ്കിലും പ്രസാധകരുമായി താന്‍ കരാറിലെത്തിയിട്ടില്ലെന്നും മാതൃഭൂമിയും പുസ്തകത്തിന് വേണ്ടി തന്നെ സമീപിച്ചിട്ടുണ്ടെന്നും ഇ.പി. ജയരാജന് പറഞ്ഞു.
മാത്രവുമല്ല പുസ്തകത്തിന് താന്‍ പേരിടുകയോ, പുസ്തകത്തിന്റെ എഴുത്ത് പൂര്ത്തിയാകയോ ചെയ്തിട്ടില്ലെന്നും ഇ.പി. ജയരാജന് പറയുന്നു. താന്‍ ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുകയാണെന്നും താന്‍ അറിയാതെ എങ്ങിനെയാണ് പുസ്തകത്തിന്റെ പ്രകാശനം നടക്കുന്നത് എന്നും ഇ.പി. ചോദിക്കുന്നു. ഉപതെരഞ്ഞെടുപ്പ് ദിവസം തന്നെ പുസ്തകത്തിലെ ഉള്ളടക്കം എന്ന പേരില്‍ വാര്‍ത്തകള്‍ പുറത്തു വന്നതില്‍ ഗൂഢാലോചനയുണ്ടെന്നും ഇ.പി. ജയരാജന് പറഞ്ഞു.
പുസ്തകം പ്രസിദ്ധീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന ഇ.പി. ജയരാജന്റെ പ്രതികരണത്തിന് പിന്നാലെ പുസ്തകത്തിന്റെ പ്രകാശനം നീട്ടിവെക്കുന്നതായി ഡി.സി. ബുക്സ് അറിയിപ്പ് നല്‍കിയിട്ടുണ്ട്. നിര്‍മ്മിതിയിലുള്ള സാങ്കേതിക പ്രശ്നം കാരണം പ്രകാശനം കുറച്ചു ദിവസത്തേക്ക് നീട്ടി വെച്ചിരിക്കുന്നു എന്നാണ് ഡി.സി. ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങള്‍ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോള്‍ വ്യക്തമാകുന്നതാണെന്നും ഡി.സി. പറയുന്നു.
content highlights: Criticism against DC Books in controversies related to EP Jayarajan’s autobiography