ഏതൊരു മത്സരത്തിലും ടീമിന് കരുത്താകുന്നത് അവരുടെ ആരാധകര്‍ തന്നെയാണ്. ക്രിക്കറ്റോ ഫുട്‌ബോളോ ബാസ്‌ക്കറ്റ് ബോളോ മത്സരം ഏതുമാകട്ടെ സ്‌റ്റേഡിയത്തില്‍ തങ്ങളെ പിന്തുണയ്ക്കാന്‍ ആരാധകരുണ്ടെന്നുള്ളത് ഏതൊരു ടീമിന്റെയും അത്മവിശ്വാസമേറ്റും. ഇത്തരത്തില്‍ ടീമിനൊപ്പം ചങ്കുപറിച്ചു കൂടെ നില്‍ക്കുന്ന ആരാധക കൂട്ടങ്ങളും പ്രശസ്തിയിലേക്കുയര്‍ന്നിട്ടുണ്ട്. ബൊറൂസിയ ഡോര്‍ഡ്മുണ്ടിന്റെ യെല്ലോ വാളും കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ മഞ്ഞപ്പടയും അതിന് ഉദാഹരണങ്ങളാണ്.
എന്നാല്‍ ആരാധകര്‍ കാരണം വിമര്‍ശനങ്ങളേറ്റുവാങ്ങേണ്ടി വരികയാണ് ഐ.പി.എല്ലിലെ ചാമ്പ്യന്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സ്. സ്വന്തം ടീം അംഗങ്ങളെ തന്നെ മാനസികമായി തളര്‍ത്താന്‍ ശ്രമിക്കുന്ന തരത്തിലാണ് ഇവരുടെ ചാന്റിങ്ങുകളും പ്ലക്കാര്‍ഡുകളുമെന്നാണ് വിമര്‍ശനം.
എം.എസ്. ധോണി കളത്തിലിറങ്ങുന്നത് കാണാനായി താരങ്ങള്‍ ഔട്ടാകണമെന്ന് പ്രാര്‍ത്ഥിക്കുന്ന തരത്തിലേക്കാണ് ഇവരുടെ ആരാധന ചെന്നെത്തുന്നത്. ഇതില്‍ പലപ്പോഴും ഇരയാകുന്നതാകട്ടെ മിഡില്‍ ഓര്‍ഡറിലെ കരുത്തന്‍ രവീന്ദ്ര ജഡേജയും. ഒരു വശത്ത് ഇത് ധോണിയോടുള്ള അടങ്ങാത്ത അഭിനിവേശമാണെങ്കില്‍ മറുവശത്ത് അത് മറ്റ് താരങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ്.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിന് ശേഷമുള്ള പോസ്റ്റ് മാച്ച് പ്രസന്റേഷനില്‍ ജഡേജയും ആരാധകരുടെ പ്രവൃത്തികളെ കുറിച്ച് പറഞ്ഞിരുന്നു. ‘ഞാന്‍ നേരത്തെ ബാറ്റിങ്ങിനിറങ്ങുകയാണെങ്കില്‍ സ്റ്റേഡിയമൊന്നാകെ മഹി മഹി എന്നാണ് ചാന്റ് ചെയ്യുക. എം.എസ്.ധോണി കളത്തിലിറങ്ങുന്നത് കാണാന്‍ വേണ്ടി ഞാന്‍ ഔട്ടാവണമെന്ന് വരെ അവര്‍ പ്രാര്‍ത്ഥിക്കാറുണ്ട് (ചിരി)’ എന്നായിരുന്നു ജഡേജ പറഞ്ഞത്.
Ravindra Jadeja said, “if I come to bat early, they all chant ‘Mahi Mahi’ and pray to see MS Dhoni, they all will wait for me to get out (laughs)”. pic.twitter.com/Nr3UjyQfOm
— Mufaddal Vohra (@mufaddal_vohra) May 10, 2023
ഇതിന് പിന്നാലെ വ്യാപകമായ വിമര്‍ശനങ്ങളാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകര്‍ക്കെതിരെ ഉയരുന്നത്. ലോകത്തിലെ ഒരു ടീമിനും ഇത്തരത്തിലുള്ള ആരാധകരുണ്ടാകരുതെന്നും സ്വന്തം താരങ്ങള്‍ക്കെതിരെ തിരിയുന്ന ഇംഗ്ലണ്ട് ആരാധകരെ പോലെയാണ് ചെന്നൈ ആരാധകരെന്നും ആളുകള്‍ പറയുന്നു.
ഇതിനൊപ്പം തന്നെ ഡോക്ടര്‍ രാജ്കുമാര്‍ എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ച ട്വീറ്റ് ജഡേജ ലൈക്ക് ചെയ്തതും ചര്‍ച്ചയായിരുന്നു. പോസ്റ്റ് മാച്ച് പ്രസന്റേഷനിടെ ജഡേജയുടെ വാക്കുകള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു രാജ്കുമാര്‍ ട്വീറ്റ് ചെയ്തത്.
‘ജഡ്ഡു ചിരിച്ചുകൊണ്ടാണ് ഇത് പറയുന്നതെങ്കിലും അദ്ദേഹത്തിന്റെ മനസില്‍ ഏറെ വേദനയുണ്ട്. എന്നെ വിശ്വസിക്കൂ, ഇത് വല്ലാത്തൊരു ട്രോമയാണ്. സ്വന്തം കാണികള്‍ തന്നെ നിങ്ങളെ പിന്തുണയ്ക്കാതിരിക്കുകയും നിങ്ങളുടെ വിക്കറ്റിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതിനെ കുറിച്ചൊന്ന് ചിന്തിച്ചുനോക്കൂ, മൂന്ന് മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയിട്ടും അയാളെ ആളുകള്‍ വിമര്‍ശിച്ചുകൊണ്ടിരിക്കുകയാണ്,’ എന്ന ട്വീറ്റിനാണ് ജഡേജ ലൈക്ക് ചെയ്തത്. ഇതും ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചയാണ്.
ആരാധകരുടെ അന്ധമായ ധോണി ഭക്തിയെ കുറിച്ച് ഇര്‍ഫാന്‍ പത്താനും അഭിപ്രായം പങ്കുവെച്ചിരുന്നു. സ്വന്തം ടീമിലെ താരങ്ങള്‍ ഔട്ടാകണമെന്ന് പ്രാര്‍ത്ഥിക്കുന്ന ലോകത്തിലെ ഒരേയൊരു ഗ്രൗണ്ട് ചെപ്പോക്കാണെന്നായിരുന്നു ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞത്.
Content Highlight: Criticism against CSK fans