|

വീണ്ടും വിവാദം; ബിഗ് ബോസില്‍ റേപ്പ് ജോക്ക്; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബിഗ് ബോസ് റിയാലിറ്റി ഷോ വീണ്ടും വിവാദത്തില്‍. റേപ്പ് ജോക്കിന്റെ പേരിലാണ് ഇത്തവണ ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്കെതിരെ വിമര്‍ശനമുയരുന്നത്. മനീഷയും ശ്രീദേവിയും തമ്മിലുള്ള സംഭാഷണത്തിനിടയിലാണ് റേപ്പ് ജോക്ക് പരാമര്‍ശം ഉണ്ടായത്.

‘ഇന്ന് ഞാന്‍ എന്തായാലും റിനോഷിനെ റേപ്പ് ചെയ്തിട്ടേ വിടുകയുള്ളൂ. നിങ്ങളെല്ലാവരും നോക്കിക്കോ,’ എന്നാണ് മനീഷ പറഞ്ഞത്. ഈ സമയം ശബ്ദമുണ്ടാക്കരുതെന്നും ഞങ്ങള്‍ക്കും വികാരവും വിചാരങ്ങളുമൊക്കെ ഉണ്ടെന്നാണ് ശ്രീദേവി പറയുന്നത്.

ഇതോടെ ഇരുവര്‍ക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്. റേപ്പ് ജോക്ക് തമാശയല്ലെന്നും അതിനിരയാക്കപ്പെട്ടവര്‍ അനുഭവിക്കുന്ന ട്രോമ കൂടി മനസിലാക്കണമെന്നുമാണ് വിമര്‍ശനം ഉയരുന്നത്. റേപ്പ് ജോക്ക് കേള്‍ക്കുമ്പോള്‍ വികാരം വരുമെന്ന് പറയുന്ന ശ്രീദേവിക്ക് എന്തുതരം മാനസികാവസ്ഥയാണുള്ളതെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു.

ആള്‍ക്കൂട്ടക്കൊലപാതകത്തിന് ഇരയായ മധുവിനെതിരായ അഖില്‍ മാരാരിന്റെ വിവാദപരാമര്‍ശത്തിനെതിരെ ജനവികാരം ഉയരുന്നതിനിടയിലാണ് വീണ്ടും ബിഗ് ബോസ് ഹൗസില്‍ നിന്നും റേപ്പ് ജോക്കും വരുന്നത്.

ശനിയാഴ്ചത്തെ എപ്പിസോഡില്‍ മത്സരാര്‍ഥിയുടെ ഈ പരാമര്‍ശത്തെക്കുറിച്ച് സംസാരിച്ച അവതാരകനായ മോഹന്‍ലാല്‍ സംഘാടകര്‍ എന്ന നിലയില്‍ വിഷയത്തില്‍ തങ്ങള്‍ക്കുള്ള ഖേദം പ്രകടിപ്പിച്ചു.

സമൂഹം മാനിക്കുന്ന പൊതുമര്യദകള്‍ ലംഘിക്കുന്ന നിലപാടുകളും അഭിപ്രായങ്ങളും തിരുത്തേണ്ടതുണ്ടെന്നും അത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും രക്തസാക്ഷിയായ മധുവിനെതിരെ മത്സരാര്‍ഥി നടത്തിയ പരാമര്‍ശത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തോടും ലോകമെമ്പടുമുള്ള പ്രേക്ഷകരോടും മാപ്പ് ചോദിക്കുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു.

തുടര്‍ന്ന് സംവിധായകന്‍ കൂടിയായ അഖിലിനോട് ഈ വിഷയം സംസാരിച്ചപ്പോള്‍ താന്‍ അങ്ങനെ ഉദ്ദേശിച്ചല്ല പറഞ്ഞതെന്നാണ് അദ്ദേഹത്തിന്റെ മറുപടി. താന്‍ തമാശയും ആക്ഷേപഹാസ്യവുമാണ് ഉദ്ദേശിച്ചതെന്ന് പറഞ്ഞ അഖിലിനോട് അതൊരു തമാശയാണോ എന്നും സാമൂഹിക ശ്രദ്ധയുള്ള ഒരു വിഷയത്തില്‍ കമന്റ് പറയുക എന്നത് വളരെ സൂക്ഷിച്ച് ചെയ്യേണ്ട കാര്യമല്ലേ എന്നും മോഹന്‍ലാല്‍ ചോദിച്ചു. തുടര്‍ന്ന് പരാമര്‍ശത്തിന്റെ പേരില്‍ അഖില്‍ മാരാരും മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു.

Content Highlight: criticism against conversation of maneesha and sreedevi in big boss

Latest Stories