| Saturday, 13th August 2022, 1:08 pm

രാജ്യത്തെ കോണ്‍ഗ്രസ് ഉപ്പുവെച്ച കലം പോലെ, കേരളത്തിലവര്‍ മുസ്‌ലിം സംഘടനകളെ പേടിച്ചാണ് പ്രവര്‍ത്തിക്കുന്നത്: കെ. സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ‘ഹര്‍ ഘര്‍ തിരംഗ’ പരിപാടിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. പരിപാടിയുടെ ഭാഗമായി ദേശീയ പതാക ഉയര്‍ത്താത്ത കോണ്‍ഗ്രസ് നിലപാടിനെയാണ് കെ.സുരേന്ദ്രന്‍ വിമര്‍ശിച്ചത്.

കേരളത്തിലെ കോണ്‍ഗ്രസ് മുസ്‌ലിം സംഘടനകളെ പേടിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും, കോണ്‍ഗ്രസ് ഉപ്പ് വെച്ച കലം പോലെ രാജ്യം മുഴുവന്‍ ആയിപ്പോയതിന്റെ കാരണം പരിശോധിക്കാന്‍ വലിയ ഗവേഷണമൊന്നും നടത്തേണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഇന്ന് പതാക ഉയര്‍ത്താത്തത് ദേശവിരുദ്ധ നിലപാടാണെന്നും, രാജ്യം ഒറ്റക്കെട്ടായി ആഘോഷിക്കുമ്പോള്‍ കോണ്‍ഗ്രസ് പിന്നില്‍ നിന്ന് കുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് ലീഗിന്റെ വോട്ട് കിട്ടില്ലെന്ന് തോന്നിയിട്ടാണോ ഇന്ന് ദേശീയ പതാക ഉയര്‍ത്താത്തതെന്നും സുരേന്ദ്രന്‍ ചോദിച്ചു.

അതേസമയം, സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഹര്‍ ഘര്‍ തിരംഗ ക്യാമ്പയ്ന്‍ സംസ്ഥാനത്തും തുടങ്ങി. വീടുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും പതാക ഉയര്‍ത്തി. മോഹന്‍ലാല്‍, സുരേഷ് ഗോപി ഉള്‍പ്പെടെയുള്ള സിനിമാ താരങ്ങളും മന്ത്രിമാരും പതാക ഉയര്‍ത്തി.

അതിനിടെ, ഹര്‍ ഘര്‍ തിരംഗ പരിപാടി കേരളത്തില്‍ അട്ടിമറിച്ചുവെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് ആരോപിച്ചു. രാഷ്ട്രീയ കാഴ്ചപ്പാടോടെ സി.പി.ഐ.എം പരിപാടിയെ തമസ്‌കരിച്ചു. സംസ്ഥാനത്ത് എല്ലാ വീട്ടിലും പതാക ഉയര്‍ത്തുന്ന പരിപാടി നടപ്പിലാക്കാന്‍ കുടുംബശ്രീയെയാണ് ചുമതലപ്പെടുത്തിയത്. എന്നാല്‍ വേണ്ടത്ര പതാക വിതരണം ചെയ്തില്ല. 90 ശതമാനം സ്‌കൂളുകളിലും പതാക എത്തിച്ചില്ല.

കുട്ടികളില്‍ നിന്ന് പണം വാങ്ങിയിട്ടും പതാക നല്‍കിയില്ല. ഇത് ആസൂത്രിതമാണ്. കേരളത്തില്‍ ദേശീയ പതാക പാറരുത് എന്ന് സി.പി.ഐ.എം നിശ്ചയിച്ചതാണ് ഇതിന് കാരണമെന്നും പി.കെ. കൃഷ്ണദാസ് ആരോപിച്ചു.

Content Highlight: Criticism against Congress on Har Ghar Thiranga Campaign by K Surendran

We use cookies to give you the best possible experience. Learn more