കോഴിക്കോട്: കഴിഞ്ഞ ദിവസം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് കൊണ്ട് ഡി.വൈ.എഫ്.ഐ നേതാവും യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണുമായ ചിന്താ ജെറോം ഫേസ്ബുക്കിലിട്ട കുറിപ്പിനെതിരെ പ്രതിഷേധം.
“സൗഹൃദങ്ങള്‍ പൂക്കുന്ന കലാലയ പരിസരങ്ങളില്‍ ഒരു വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകന്റെ ജീവരക്തം വീഴുന്നത് ഏറെ വേദനാജനകമാണ്. ആയുധങ്ങളുടേതല്ല ആശയങ്ങളുടെ പോരാട്ടമാണ് കലാലയങ്ങളില്‍ ഉണ്ടാകേണ്ടത്. പൊതുവില്‍ കേരളത്തിലെ ക്യാമ്പസുകളില്‍ സമാധാനാന്തരീക്ഷമാണ് നിലനില്‍ക്കുന്നത്.
ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ ചെറുക്കപ്പെടേണ്ടതാണ്. പ്രിയപ്പെട്ട സഹോദരാ..ഹൃദയം നീറുന്നു” എന്നായിരുന്നു ചിന്ത ഫേസ്ബുക്കില്‍ കുറിച്ചത്.
എന്നാല്‍ മഹാരാജാസ് കോളജില്‍ പോപ്പുലര്‍ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ആസൂത്രിതമായി കൊലപ്പെടുത്തിയ അഭിമന്യുവിന്റെ രക്തസാക്ഷിത്വത്തെ ലഘൂകരിക്കുകയും അപമാനിക്കുകയുമാണ് ചിന്ത ചെയ്തതെന്നും കൊന്നതാരാണെന്നും എന്തിനാണെന്നും പറയാതെ മൂന്നാംകിട മാഗസിന്‍ സാഹിത്യം വിളമ്പാന്‍ എങ്ങനെ കഴിയുന്നു എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.
കുറിപ്പിന് താഴെ നിരവധിയാളുകളാണ് ചിന്തയെ വിമര്‍ശിച്ച് കൊണ്ട് കമന്റിട്ടിരിക്കുന്നത്. കൂടുതലും ഇടതുപക്ഷ അനുകൂലികളാണ് വിമര്‍ശനം ഉന്നയിക്കുന്നത്.
“സഹോദരനല്ല ചിന്തേ, സഖാവാണ് രക്തസാക്ഷിയാണ്. 20 വയസ്സ് മാത്രം പ്രായമുള്ള കുട്ടിയാണ്. പിന്നില്‍ കൈയ് പിടിച്ചു വച്ച് നെഞ്ച് കുത്തി കീറുവാരുന്നു. സുഡാപ്പി തീവ്രവാദികളാണത് ചെയ്തത്.. എന്തേ ചിന്തയുടെ പേനയിലെ മഷി തീര്‍ന്നു പോയൊ സുഡാപ്പി തീവ്രവാദികളെന്നെഴുതാന്‍” എന്നാണ് നിള പടം കമന്റിട്ടരിക്കുന്നത്.
“സൗഹൃദം പൂക്കുന്ന കലാലയം..ഏതോ ഒരു വിദ്യാര്‍ത്ഥിസംഘടന..എങ്ങനെ മരിച്ചു? ആവോ..ആരു കൊന്നു? ആവോ…ഒറ്റപ്പെട്ട സംഭവം..വെറുമൊരു സഹോദരന്‍.. പരിതാപകരം മാത്രമല്ല, ലജ്ജാകരവുമാണ് ഈ വാക്കുകള്‍” എന്നാണ് ചിന്താ ടി.കെ എന്ന പറയുന്നത്.
Read Also : കൊടിയും ബാനറും ഞങ്ങള്‍ കെട്ടിത്തരാം പകരം ഞങ്ങളുടെ സഖാവിന്റെ ജീവന്‍ തരുമോ; എം.സ്വരാജ്
Read Also : അഭിമന്യു വധം: രണ്ട് പേര്‍ കൂടി പിടിയില്‍: പ്രതികള്‍ എസ്.ഡി.പി.ഐ ഓഫീസിനു നേരെ നടന്നു പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചു
രൂക്ഷമായ ഭാഷയിലാണ് പലരും ചിന്തയ്‌ക്കെതിരെ പ്രതികരിക്കുന്നത്. “ഒറ്റപ്പെട്ടതാണെന്ന്! പൂക്കുന്ന പരിസരത്ത് ജീവരക്തം വീണതില്‍ വേദനയുണ്ടെന്ന്. ഈ നേരത്തും മൂന്നാംകിട മാഗസിന്‍ സാഹിത്യം! സമ്മതിക്കണം. ആരാണാവോ കൊന്നത്?” എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകനായ സുജിത്ത് ചന്ദ്രന്‍ ചോദിച്ചത്.
തിങ്കളാഴ്ച രാത്രി 12.30 ഓടെയാണ് മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥിയായ എസ്.എഫ്.ഐ നേതാവ് അഭിമന്യു കൊല്ലപ്പെടുന്നത്. ഇതിനകം തന്നെ അഞ്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പിടിയിലായിട്ടുമുണ്ട്. അഭിമന്യുവിന്റെ കൊലപാതകത്തെ കേരളസമൂഹം ഒന്നടങ്കം എതിര്‍ക്കുമ്പോഴാണ് കൊലപാതകികളുടെ സംഘടനയുടെ പേരു പോലും പറയാതെ ചിന്തയുടെ പ്രസ്താവന.