| Friday, 7th June 2024, 10:12 pm

ഭരണാധികാരി ഏകാധിപതിയാകുന്നത് അപകടകരം; മുഖ്യമന്ത്രിയുടെ 'വിവരദോഷി' പരാമര്‍ശത്തില്‍ വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പുരോഹിതര്‍ക്കിടയിലും വിവരദോഷികള്‍ ഉണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിനെതിരെ വിമര്‍ശനം. കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ആണ് മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

ഭരണാധികാരി ഏകാധിപതിയാകുന്നത് അപകടകരമാണ്. പണ്ട് പുരോഹിതനെ നികൃഷ്ടജീവിയെന്ന് വിളിച്ച വ്യക്തിയുടെ സ്വഭാവം ഇതുവരെ മാറിയിട്ടില്ലെന്നും കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് പറഞ്ഞു.

ക്രൈസ്തവരോട് സര്‍ക്കാരിനുള്ള വിവേചനം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമായെന്നും വിമര്‍ശനമുണ്ട്. ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് മുഖ്യമന്ത്രിക്കെതിരെ കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് വിമര്‍ശനമുന്നയിച്ചത്.

ജനങ്ങളില്‍ നിന്നും ലഭിക്കുന്ന തുടര്‍ച്ചയായ തിരിച്ചടികളില്‍ നിന്നും പാഠം പഠിച്ചില്ലെങ്കില്‍ കേരളത്തില്‍ നിന്നും ഇടതുപക്ഷം ഇല്ലാതാവുമെന്ന് മെത്രാപ്പൊലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചിരുന്നു.

‘കിറ്റ് രാഷ്ട്രീയത്തില്‍’ ഒന്നിലധികം പ്രാവശ്യം ജനങ്ങള്‍ വീഴില്ലെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞിരുന്നു. ഇതിനുള്ള മുഖ്യമന്ത്രിയുടെ മറുപടിയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

‘ഇന്നത്തെ ഒരു മാധ്യമത്തില്‍ പഴയ ഒരു പുരോഹിതന്റെ വാക്കുകള്‍ കാണാന്‍ കഴിഞ്ഞു. പ്രളയമാണ് അന്ന് ഈ സര്‍ക്കാരിനെ വീണ്ടും അധികാരത്തിലേറ്റാന്‍ ഇടയാക്കിയത്. ഇനിയൊരു പ്രളയം ഉണ്ടാകുമെന്ന് ധരിക്കേണ്ടെന്നാണ് ആ പുരോഹിതന്‍ പറഞ്ഞതായി കണ്ടത്. പുരോഹിതന്മാര്‍ക്കിടയിലും ചിലപ്പോള്‍ ചില വിവരദോഷികള്‍ ഉണ്ടാകും എന്നതാണ് ആ വാചകത്തിലൂടെ വ്യക്തമാകുന്നത്,’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.

മുഖ്യമന്ത്രിയുടെ പ്രതികരണത്തിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. മണിക്കൂറുകള്‍ക്കകമാണ് കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസും വിമര്‍ശനമുയര്‍ത്തിയത്.

Content Highlight: Criticism against Chief Minister Pinarayi Vijayan’s remark that there are fools even among priests

We use cookies to give you the best possible experience. Learn more